യൂറോപ്യൻ യൂണിയൻ വാർത്തകൾ

കാട്ടുതീ വ്യാപനം താൽ‌ക്കാലികമായി നിലച്ചു : ഫ്രഞ്ച് അധികൃതർ

പാരിസ് : ഫ്രാൻസിന്റെ തെക്കുപടിഞ്ഞാറൻ മേഖലയിൽ പടർന്നുപിടിച്ച കാട്ടുതീയുടെ വ്യാപനം ദിവസങ്ങൾക്ക് ശേഷം താൽ‌ക്കാലികമായി നിലച്ചതായി ഫ്രാൻസ് ആഭ്യന്തര മന്ത്രി വ്യക്തമാക്കി. എന്നാൽ തീ പൂർണമായി നിയന്ത്രണവിധേയമായിട്ടില്ല. കഴിഞ്ഞ രാത്രി മുതൽ തീ കൂടുതൽ ഇടങ്ങളിലേക്ക് പടരുന്നില്ലെന്നും പൂർണമായി തീയണയ്ക്കാനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും മന്ത്രി പറഞ്ഞു. കഴിഞ്ഞ ദിവസം തീ പടർന്നുപിടിച്ച മേഖലകളിൽ ചെറിയ തോതിൽ മഴ പെയ്തതും ആശ്വാസമായതായും മന്ത്രി ലോറന്റ് നൂനെസ് വ്യക്തമാക്കി.

രാജ്യത്തിന്റെ തെക്കുപടിഞ്ഞാറൻ മേഖലകളായ ജിറോണ്ട്, ലാൻഡെസ് എന്നിവിടങ്ങളിലാണ് തീപിടിത്തമുണ്ടായത്. ഫ്രാൻസിനു പുറമെ സ്പെയ്നിലും കാട്ടുതീ നാശം വിതച്ചു. ഇരു രാജ്യങ്ങളിൽ നിന്നുമായി 330,000-ത്തിലധികം പേരാണ് പലായനം ചെയ്തത്. ഫ്രാൻസിൽ മാത്രം 2,20,000 പേരെ ഒഴിപ്പിച്ചു. തെക്കുപടിഞ്ഞാറൻ മേഖലയിൽ മാത്രം 42,000 ഹെക്ടർ വനം കത്തി നശിച്ചു. ദുരന്തത്തിൽ ഫ്രാൻസിൽ രണ്ട് അഗ്നിശമന സേനാംഗങ്ങളും സ്പെയിനിൽ ഒരു സാധാരണക്കാരനും ഉൾപ്പെടെ മൂന്ന് പേർ മരിച്ചു. ചൊവ്വാഴ്ച മുതൽ ചൂട് വീണ്ടും കൂടുമെന്ന പ്രവചനത്തെ തുടർന്ന് രക്ഷാപ്രവർത്തനം ശക്തമാക്കിയിട്ടുണ്ട്.

സ്പെയ്നിൽ മാഡ്രിഡിനും വലൻസിയയ്ക്കും സമീപമുള്ള മേഖലകളിൽനിന്ന് 76,000 പേരെ ഒഴിപ്പിച്ചു. 50,000 ഹെക്ടർ പ്രദേശമാണ് കത്തിനശിച്ചത്. ഇറ്റലിയുടെ പുഗ്ലിയ മേഖലയിലെ പെഷിച്ചിക്ക് സമീപവും കാട്ടുതീ പടർന്നു. തീരപ്രദേശങ്ങളിലും സമ്മർ ക്യാമ്പുകളിലുമുണ്ടായിരുന്ന ഏകദേശം 300 വിനോദസഞ്ചാരികളെ ഒഴിപ്പിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button