ഞെജ്ന ബേയിൽ ബോട്ടും ഡിംഗിയും കൂട്ടിയിടിച്ചു; അച്ഛനും അഞ്ചുവയസ്സുകാരനായ മകനും അതിദാരുണമായ അന്ത്യം

ബോട്ട് അപകടത്തിൽ അച്ഛനും അഞ്ചുവയസ്സുകാരനായ മകനും മരിച്ചു. ഞായറാഴ്ച പുലർച്ചെ ഒരു മണിയോടെ ഞെജ്ന ബേയിൽ ബോട്ടും ഡിംഗിയും കൂട്ടിയിടിച്ചാണ് ദാരുണമായ അപകടമുണ്ടായത്. മൾട്ടീസ് വംശജനായ ഗ്രിഗറി ഒബ്രിയൻ (43), മകൻ ലോഗൻ (5) എന്നിവരാണ് അപകടത്തിൽ ജീവൻ വെടിഞ്ഞത്. ഇവർ സഞ്ചരിച്ചിരുന്ന ചെറിയ ഡിംഗി (ഡിങ്കി) ബോട്ടിൽ മറ്റൊരു ബോട്ട് വന്നിടിക്കുകയായിരുന്നു.
ഡിംഗിയിൽ മീൻപിടുത്ത ബോട്ട് ഇടിച്ചതായി പോലീസിന് വിവരം ലഭിക്കുകയായിരുന്നു. തുടർന്ന് സിവിൽ പ്രൊട്ടക്ഷൻ ഡിപ്പാർട്ട്മെന്റിനെ വിവരമറിയിക്കുകയും കാണാതായവർക്കായി തിരച്ചിൽ ആരംഭിക്കുകയും ചെയ്തു. വൈകാതെ തന്നെ അച്ഛന്റെയും മകന്റെയും ജീവനറ്റ ശരീരങ്ങളും തകർന്ന ഡിംഗിയും അധികൃതർ കണ്ടെത്തി.
ഞെജ്ന ബേയ്ക്ക് സമീപം നങ്കൂരമിട്ടിരുന്ന വലിയ ബോട്ടിൽ നിന്ന് ചെറിയ ഡിംഗിയിലേക്ക് മാറി സവാരി നടത്തുന്നതിനിടെയാണ് തൊട്ടടുത്ത നിമിഷത്തിൽ ദുരന്തമുണ്ടായതെന്ന് പോലീസ് പറഞ്ഞു.
സംഭവത്തിൽ ഡ്യൂട്ടി മജിസ്ട്രേറ്റ് ജോ മിഫ്സുദ് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. പോലീസ് കേസ് രജിസ്റ്റർ ചെയ്ത് തുടർനടപടികൾ സ്വീകരിച്ചുവരുന്നു.



