‘എല്ലാം അല്ലെങ്കിൽ ഒന്നുമില്ല’; ഹോർമുസ് കടലിടുക്കിലൂടെയുള്ള എണ്ണ വ്യാപാരത്തിൽ കടുത്ത ഭീഷണിയുമായി ഇറാൻ

ടെഹ്റാൻ : ഹോർമുസ് കടലിടുക്കിലൂടെയുള്ള എണ്ണ വ്യാപാരത്തിൽ അമേരിക്കയ്ക്കും മറ്റ് ഗൾഫ് രാജ്യങ്ങൾക്കും കടുത്ത ഭീഷണിയുമായി ഇറാൻ. ഇറാന്റെ ക്രൂഡ് ഓയിൽ വിൽക്കാൻ അനുവദിച്ചില്ലെങ്കിൽ മേഖലയിലെ രാജ്യങ്ങളെ ഒന്നിനെയും എണ്ണ വിൽക്കാൻ അനുവദിക്കില്ലെന്ന് ഇറാന്റെ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഗർ ഘാലിബഫ് മുന്നറിയിപ്പ് നൽകി. എക്സിൽ പങ്കുവെച്ച കുറിപ്പിലാണ് ‘എല്ലാം അല്ലെങ്കിൽ ഒന്നുമില്ല’ എന്ന അവസ്ഥയിലേക്ക് സംഘർഷം മാറിയെന്ന് ഘാലിബഫ് വ്യക്തമാക്കിയത്.
ഞങ്ങൾ എണ്ണ വിൽക്കാത്ത ഒരു പ്രദേശത്ത് ആരും എണ്ണ വിൽക്കില്ലെന്ന് ഘാലിബഫ് പറഞ്ഞു. ഇറാന്റെ സുരക്ഷ ഉറപ്പുവരുത്താത്ത പക്ഷം മേഖലയിലെ ഒന്നും സുരക്ഷിതമായിരിക്കില്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. അമേരിക്കൻ സൈന്യം മേഖലയിൽനിന്ന് പിന്മാറാതെ കടലിടുക്കിൽ സുരക്ഷ ഉറപ്പാക്കാനാകില്ലെന്നും കടലിടുക്കിലെ സാഹചര്യം യുദ്ധത്തിന് മുൻപുള്ള അവസ്ഥയിലേക്ക് മടങ്ങില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഹോർമുസ് കടലിടുക്കിൽ ഇറാൻ ഏതെങ്കിലും കപ്പലിന് നേരെ വെടിയുതിർത്താൽ ഓരോ തവണയും ഓരോ പാലമോ പവർ പ്ലാന്റോ വീതം തകർക്കുമെന്ന് യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുന്നറിയിപ്പ് നൽകിയതിന് പിന്നാലെയാണ് ഈ പ്രസ്താവന. ‘ഹോർമുസ് കടലിടുക്കിൽ മിസൈൽ, റോക്കറ്റ്, ഡ്രോൺ അല്ലെങ്കിൽ മറ്റേതെങ്കിലും ആയുധങ്ങൾ ഉപയോഗിച്ച് ഇറാൻ ഏതെങ്കിലും കപ്പലിന് നേരെ വെടിയുതിർത്താൽ, തലസ്ഥാനമായ ടെഹ്റാനിലോ അതിന് സമീപത്തോ ഒരു പാലമോ പവർ പ്ലാന്റോ യു.എസ്. ബോംബിട്ട് തകർക്കും’, ട്രൂത്ത് സോഷ്യലിൽ ട്രംപ് കുറിച്ചു.
യുദ്ധം അവസാനിപ്പിക്കാനുള്ള നയതന്ത്ര ശ്രമങ്ങൾ പരാജയപ്പെട്ടതിനെത്തുടർന്ന് ഇറാനെതിരെ തുടർച്ചയായി യു.എസ്. വ്യോമാക്രമണം നടത്തുന്നതിനിടയിലായിരുന്നു ട്രംപിന്റെ മുന്നറിയിപ്പ്. ആക്രമണം പുനരാരംഭിച്ചതിനുശേഷം കുറഞ്ഞത് 53 പേർ കൊല്ലപ്പെട്ടതായി ഇറാൻ വ്യക്തമാക്കിയിട്ടുണ്ട്. 11 ദിവസത്തിനിടയിൽ അറുന്നൂറോളം പേർക്ക് പരിക്കേറ്റതായി ഇറാൻ വാർത്താ ഏജൻസിയായ ഐ.ആർ.എൻ.എ. അറിയിച്ചു.



