മാൾട്ടാ വാർത്തകൾ

2030-ഓടെ നൈട്രജൻ ഓക്സൈഡ് മലിനീകരണം കുറയ്ക്കാനുള്ള ലക്ഷ്യം കൈവരിക്കാൻ മാൾട്ടയ്ക്ക് വെല്ലുവിളിയെന്ന് റിപ്പോർട്ട്

വാഹനങ്ങളിൽ നിന്നുള്ള പുക മൂലമുണ്ടാകുന്ന മലിനീകരണം ഉയരുന്നു, 2030-ഓടെ നൈട്രജൻ ഓക്സൈഡുകളുടെ (NOx) പുറന്തള്ളൽ നിയമപരമായി നിശ്ചയിച്ച പരിധിയിലേക്ക് കുറയ്ക്കാനുള്ള യൂറോപ്യൻ യൂണിയൻ ലക്ഷ്യം മാൾട്ടയ്ക്ക് കൈവരിക്കാനാകാതെ പോകാനുള്ള സാധ്യതയുണ്ടെന്ന് സർക്കാർ പുറത്തിറക്കിയ പുതിയ കണക്കുകൾ സൂചിപ്പിക്കുന്നു.

2026 ജൂണിൽ പരിസ്ഥിതി-വിഭവ അതോറിറ്റി (ERA) പൊതുജനാഭിപ്രായത്തിനായി പ്രസിദ്ധീകരിച്ച ദേശീയ വായു മലിനീകരണ നിയന്ത്രണ പദ്ധതി (National Air Pollution Control Programme – NAPCP) യുടെ പുതുക്കിയ റിപ്പോർട്ടിലാണ് ഈ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.

2020-ലെ പ്രധാന വായു മലിനീകരണ മാനദണ്ഡങ്ങൾ മാൾട്ട പാലിച്ചിരുന്നുവെങ്കിലും, 2030-ലെ കൂടുതൽ കർശനമായ ലക്ഷ്യങ്ങളിൽ നൈട്രജൻ ഓക്സൈഡ് ( NOx) മാത്രമാണ് നിശ്ചിത പരിധി ലംഘിക്കാൻ സാധ്യതയുള്ള മലിനീകരണ ഘടകമെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു.

നിലവിലുള്ള നയങ്ങൾ മാത്രം നടപ്പിലാക്കുന്ന ‘With Measures (WM)’ സാഹചര്യത്തിൽ 2030-ൽ നൈട്രജൻ ഓക്സൈഡ് പുറന്തള്ളൽ 3.88 കിലോടൺ ആയിരിക്കുമെന്നാണ് കണക്ക്. എന്നാൽ നിയമപ്രകാരം അനുവദിച്ചിരിക്കുന്ന പരമാവധി പരിധി 1.98 കിലോടൺ മാത്രമാണ്.

കൂടുതൽ പ്രോത്സാഹന പദ്ധതികൾ ഉൾപ്പെടുത്തിയ ‘With Additional Measures (WAM)’ സാഹചര്യത്തിലും ലക്ഷ്യം കൈവരിക്കാനാകുമെന്നതിന് ഉറപ്പില്ലെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

റോഡ് ഗതാഗതത്തിൽ നിന്നാണ് ഏറ്റവും കൂടുതൽ മലിനീകരണം

2023-ൽ രാജ്യത്തെ ആകെ നൈട്രജൻ ഓക്സൈഡ് പുറന്തള്ളലിന്റെ 42.6 ശതമാനവും റോഡ് ഗതാഗത മേഖലയിലാണ് നിന്നുണ്ടായത്. സ്വകാര്യ കാറുകൾ, ബസുകൾ, ഭാരവാഹനങ്ങൾ എന്നിവ ചേർന്നാണ് പ്രതിവർഷം ഏകദേശം 4.22 കിലോടൺ നൈട്രജൻ ഓക്സൈഡ് അന്തരീക്ഷത്തിലേക്ക് പുറന്തള്ളുന്നത്.

അതേസമയം, ദേശീയ നാവിക ഗതാഗതവും കപ്പൽ സർവീസുകളും പ്രത്യേകിച്ച് ഗോസോ ചാനൽ ഫെറിയും ഫാസ്റ്റ് ഫെറി സർവീസുകളും ചേർന്ന് രാജ്യത്തെ ആകെ നൈട്രജൻ ഓക്സൈഡ് പുറന്തള്ളലിന്റെ 15.5 ശതമാനം സംഭാവന ചെയ്യുന്നതായും റിപ്പോർട്ട് പറയുന്നു.

സ്വകാര്യ വാഹന ഉപയോഗം കുറയ്ക്കാൻ പ്രോത്സാഹന പദ്ധതികൾ

മലിനീകരണം കുറയ്ക്കുന്നതിനായി സർക്കാർ ‘റീഷേപ്പിംഗ് അവർ മൊബിലിറ്റി (‘Reshaping Our Mobility’) പദ്ധതിയുടെ ഭാഗമായി നിരവധി പ്രോത്സാഹന നടപടികൾ പ്രഖ്യാപിച്ചിട്ടുണ്ട്.

അതിൽ പ്രധാനമായത് ‘സറണ്ടർ യുവർ ലൈസൻസ്’ സ്കീം (‘Surrender Your Licence Scheme’) ആണ്. സ്വന്തം ഡ്രൈവിംഗ് ലൈസൻസും കാർ ഉടമസ്ഥതയും ഉപേക്ഷിക്കുന്നവർക്ക് അഞ്ച് വർഷത്തിനിടെ പരമാവധി 25,000 യൂറോ നൽകുന്ന പദ്ധതിയാണിത്.

അതുപോലെ, ‘ബി ദ ചേഞ്ച് 17+’ (‘Be the Change 17+’) പദ്ധതിയിലൂടെ 17 വയസുള്ള യുവാക്കൾ കാർ ലൈസൻസ് 21 വയസുവരെ വൈകിപ്പിച്ച് സ്കൂട്ടർ ഉപയോഗിക്കാൻ തീരുമാനിച്ചാൽ 6,000 യൂറോ ഗ്രാന്റ് നൽകും.

ഇതിന് പുറമെ, പൊതുസേവനങ്ങളും റോഡ് അറ്റകുറ്റപ്പണികളും ചരക്ക് വിതരണവും തിരക്കില്ലാത്ത സമയങ്ങളിലേക്ക് മാറ്റുന്ന ’24 മണിക്കൂർ സമ്പദ്‌വ്യവസ്ഥ’ മാതൃകയും സർക്കാർ പരിഗണിക്കുന്നു. കൂടാതെ, ഗോസോ ചാനൽ ഫെറി കപ്പലിനെ ടയർ III നൈട്രജൻ ഓക്സൈഡ് (Tier III NOx) മാനദണ്ഡങ്ങൾക്കനുസരിച്ച് നവീകരിക്കുന്നതും, ‘മെലിറ്റ ട്രാൻസ്ഗ്യാസ്’ ( Melita Transgas ) ഹൈഡ്രജൻ-റെഡി പൈപ്പ്‌ലൈൻ വികസിപ്പിക്കുന്നതുമാണ് മറ്റ് പ്രധാന പദ്ധതികൾ.

ഇളവുകൾ ആവശ്യപ്പെട്ട് മാൾട്ട

യൂറോപ്യൻ യൂണിയന്റെ (EU) ‘നാഷണൽ എമിഷൻ സീലിംഗ്സ്’ (NEC) നിർദ്ദേശ പ്രകാരം 2020 മുതൽ 2030 വരെയുള്ള കാലയളവിൽ വർഷാവർഷം കൃത്യമായ അനുപാതത്തിൽ മലിനീകരണം കുറയ്ക്കേണ്ടതുണ്ട് (Linear Reduction Trajectory). എന്നാൽ ഇതിൽ നിന്ന് മാറി, തങ്ങൾക്ക് അനുയോജ്യമായ രീതിയിൽ ഇളവുകൾ അനുവദിക്കണമെന്നാണ് മാൾട്ടയുടെ ആവശ്യം. 2025-ന് ശേഷം മാത്രം നിർദ്ദിഷ്ട ലക്ഷ്യത്തിലേക്ക് എത്തുന്ന രീതിയിലുള്ള പാതയാണ് മാൾട്ട സ്വീകരിക്കുന്നത്.

വർഷാവർഷം കൃത്യമായ അളവിൽ മലിനീകരണം കുറയ്ക്കാൻ നിർബന്ധിക്കുന്നത് സാധാരണക്കാരായ മധ്യവർഗ കുടുംബങ്ങൾക്ക് താങ്ങാനാകാത്ത സാമ്പത്തിക ബാധ്യത (Excessive Additional Burden) വരുത്തിവെക്കുമെന്നാണ് രാജ്യത്ത് നടത്തിയ സാമൂഹിക-സാമ്പത്തിക പഠനം വ്യക്തമാക്കുന്നത്. പരിസ്ഥിതി നടപടികൾ സാമ്പത്തികമായി സമതുലിതമായിരിക്കണം എന്ന യൂറോപ്യൻ യൂണിയൻ നിർദ്ദേശത്തിന് വിരുദ്ധമാണ് ഇതെന്നും മാൾട്ട വാദിക്കുന്നു.

എന്നാൽ ഈ ‘അമിത ബാധ്യത’ എത്രത്തോളമാണെന്ന് കൃത്യമായ തുകയോ മാനദണ്ഡങ്ങളോ ഉപയോഗിച്ച് റിപ്പോർട്ടിൽ നിർവ്വചിച്ചിട്ടില്ല. 2030-ഓടെ നൈട്രജൻ ഓക്സൈഡ് 79 ശതമാനം കുറയ്ക്കുക എന്ന കർശനമായ പാത പിന്തുടരുന്നത് ജനങ്ങൾക്ക് വലിയ സാമ്പത്തിക പ്രതിസന്ധി ഉണ്ടാക്കുമെന്ന് മാത്രമാണ് പഠനം പറയുന്നത്. അതേസമയം, ഈ സാമ്പത്തിക ബാധ്യത മറ്റ് സാമൂഹിക പദ്ധതികളിലൂടെ പരിഹരിക്കാനുള്ള സാധ്യതകൾ സർക്കാർ പരിഗണിച്ചിട്ടുമില്ല.

സാമൂഹിക-സാമ്പത്തിക കാരണങ്ങൾ മുൻനിർത്തിയാണ് മാൾട്ട ഇളവുകൾ ആവശ്യപ്പെടുന്നതെങ്കിലും, ഇത് ലക്ഷ്യങ്ങൾ വൈകുന്നതിനും നിയന്ത്രണങ്ങൾക്ക് പകരം ആനുകൂല്യങ്ങളെ മാത്രം ആശ്രയിക്കുന്നതിനും കാരണമാകുന്നു. സ്വകാര്യ കാറുകളെ അമിതമായി ആശ്രയിക്കുന്ന ജനങ്ങളെ നിയന്ത്രിക്കാൻ സർക്കാരിന് രാഷ്ട്രീയമായ താല്പര്യമില്ലേ എന്ന ചോദ്യവും ഇത് ഉയർത്തുന്നുണ്ട്.
.
ലക്ഷ്യം ഇപ്പോഴും അനിശ്ചിതം

സാമ്പത്തികവും സാമൂഹികവുമായ സമ്മർദ്ദങ്ങളും പരിസ്ഥിതി ബാധ്യതകളും തമ്മിൽ സന്തുലിതാവസ്ഥ നിലനിർത്താനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു. എന്നാൽ ഈ ഇളവുകളും പുതിയ പദ്ധതികളും നടപ്പിലാക്കിയാൽ പോലും 2030-ലെ ലക്ഷ്യം പൂർണ്ണമായി കൈവരിക്കാൻ ആകുമെന്ന് ഉറപ്പില്ലെന്ന് റിപ്പോർട്ട് തന്നെ വ്യക്തമാക്കുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button