വലേറ്റ, മ്ദീന, ഗോസോയിലെ ചിറ്റാഡെല്ല കോട്ടകൾക്ക് യുനെസ്കോ ലോക പൈതൃക പദവി ലക്ഷ്യമിട്ട് പുതിയ നീക്കങ്ങളുമായി മാൾട്ട

ദേശീയ-അന്തർദ്ദേശീയ തലങ്ങളിൽ സാംസ്കാരിക പൈതൃകങ്ങളുടെ സംരക്ഷണത്തിലും മാനേജ്‌മെന്റിലും തങ്ങളുടെ പങ്കാളിത്തം കൂടുതൽ ശക്തമാക്കാൻ ലക്ഷ്യമിട്ട് മാൾട്ട രണ്ട് നിർണായക യുനെസ്കോ (UNESCO) പദ്ധതികളുമായി മുന്നോട്ട് പോകുന്നു.
മാൾട്ടയിലെ പ്രശസ്തമായ ‘ഫോർട്ടിഫിക്കേഷൻസ് ഓഫ് സെന്റ് ജോൺ’ (Fortifications of St John) കോട്ടമതിലുകളെ യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ ഉൾപ്പെടുത്താനുള്ള നാമനിർദ്ദേശമാണ് ഇതിൽ ആദ്യത്തേത്. വല്ലെറ്റയിലെ തുറമുഖ കോട്ടകൾ, മദീന (Mdina), ഗോസോയിലെ ചിറ്റഡെല്ല (Ċittadella) എന്നിവ ഉൾപ്പെടുന്ന ഒരു പരമ്പരയായാണ് (serial nomination) ഇതിനായി അപേക്ഷ സമർപ്പിക്കുന്നത്.
നാഷണൽ വേൾഡ് ഹെറിറ്റേജ് ടെക്നിക്കൽ കമ്മിറ്റിയുടെ മേൽനോട്ടത്തിൽ വിപുലമായ ഗവേഷണങ്ങൾ, രേഖപ്പെടുത്തലുകൾ, സാങ്കേതിക വിലയിരുത്തലുകൾ എന്നിവ പൂർത്തിയാക്കിയാണ് ഈ പൈതൃക നാമനിർദ്ദേശ പത്രിക തയ്യാറാക്കിയിരിക്കുന്നത്. ഈ പ്രക്രിയയുടെ അടുത്ത ഘട്ടമെന്ന നിലയിൽ പ്രാദേശിക ജനവിഭാഗങ്ങൾ, പ്രാദേശിക കൗൺസിലുകൾ, സാംസ്കാരിക പൈതൃക സംഘടനകൾ എന്നിവരെക്കൂടി ഉൾപ്പെടുത്തിക്കൊണ്ടുള്ള ജനകീയ പങ്കാളിത്ത പരിപാടികൾ ഉടൻ ആരംഭിക്കും. കോട്ടകളുടെ ദീർഘകാല സംരക്ഷണത്തിലും ഇവരുടെ പങ്കാളിത്തം ഉറപ്പാക്കും.
മാൾട്ടയുടെ രണ്ടാമത്തെ പ്രധാന നീക്കം, യുനെസ്കോ ലോക പൈതൃക സമിതിയിലേക്ക് (UNESCO World Heritage Committee) തിരഞ്ഞെടുക്കപ്പെടുന്നതിനായുള്ള സ്ഥാനാർത്ഥിത്വമാണ്. 1972-ലെ ലോക പൈതൃക കൺവെൻഷൻ നടപ്പിലാക്കുന്നതിനും, പൈതൃക സ്മാരകങ്ങളുടെ സംരക്ഷണത്തിന് മേൽനോട്ടം വഹിക്കുന്നതിനും ചുമതലപ്പെട്ട പ്രധാന സമിതിയാണിത്.
അസാധാരണമായ ആഗോള മൂല്യമുള്ള (Outstanding Universal Value) സാംസ്കാരിക-പ്രകൃതിദത്ത പൈതൃകങ്ങളെ കണ്ടെത്തുകയും സംരക്ഷിക്കുകയുമാണ് ഈ കൺവെൻഷന്റെ ലക്ഷ്യം. യുനെസ്കോ അംഗരാജ്യങ്ങൾ തിരഞ്ഞെടുക്കുന്ന 21 അംഗ സമിതിയാണ് ഏതൊക്കെ സ്മാരകങ്ങളാണ് ലോക പൈതൃക പട്ടികയിൽ ഉൾപ്പെടുത്തേണ്ടതെന്ന് തീരുമാനിക്കുന്നതും അവയുടെ നിലവിലെ അവസ്ഥ നിരീക്ഷിക്കുന്നതും.
ഈ സമിതിയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നത് വഴി ലോക പൈതൃക നയരൂപീകരണത്തിലും സംരക്ഷണത്തിലും നേരിട്ട് പങ്കാളിയാകാൻ മാൾട്ടയ്ക്ക് അവസരം ലഭിക്കും. പൈതൃക സംരക്ഷണ മേഖലയിലെ വൈദഗ്ധ്യവും നിലവിലുള്ള മൂന്ന് യുനെസ്കോ പൈതൃക കേന്ദ്രങ്ങൾ വിജയകരമായി പരിപാലിച്ചുള്ള അനുഭവപരിചയവുമാണ് സ്ഥാനാർത്ഥിത്വത്തിനായി മാൾട്ട മുന്നോട്ടുവെക്കുന്നത്.
നിലവിൽ യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ ഉൾപ്പെട്ടിരിക്കുന്ന മാൾട്ടയുടെ മൂന്ന് പൈതൃക കേന്ദ്രങ്ങളുടെ വിജയകരമായ പരിപാലന അനുഭവവും യുനെസ്കോയുടെ വിവിധ പദ്ധതികളിലെ ദീർഘകാല പങ്കാളിത്തവുമാണ് മാൾട്ടയുടെ സ്ഥാനാർഥിത്വത്തിന് ശക്തമായ പിന്തുണ നൽകുന്നത്.
മാൾട്ടയുടെ ഈ യുനെസ്കോ ശ്രമങ്ങളിൽ പുരാവസ്തു ഗവേഷകനായ ആന്തണി പേസ് (Anthony Pace), സമുദ്ര പുരാവസ്തു വിദഗ്ധനായ ടിമ്മി ഗാംബിൻ (Timmy Gambin) എന്നിവർ പ്രധാന പങ്കുവഹിക്കുന്നു.
കേംബ്രിഡ്ജ് സർവകലാശാലയിൽ നിന്ന് ഡോക്ടറേറ്റ് നേടിയ ആന്തണി പേസ്, മാൾട്ടയുടെ ആദ്യ സൂപ്പറിന്റണ്ടന്റ് ഓഫ് കൾച്ചറൽ ഹെറിറ്റേജ് ആയിരുന്നു. രാജ്യത്തെ പൈതൃക സംരക്ഷണ സംവിധാനത്തിന്റെ രൂപീകരണത്തിലും Ħal Saflieni Hypogeum, Xagħra Stone Circle തുടങ്ങിയ പ്രധാന പുരാവസ്തു പദ്ധതികളിലും അദ്ദേഹം നിർണായക പങ്കുവഹിച്ചു. നിലവിൽ സെന്റ് ജോൺസ് കോട്ടമതിലുകളുടെ യുനെസ്കോ നാമനിർദേശ നടപടികൾക്ക് അദ്ദേഹം നേതൃത്വം നൽകുകയാണ്.
സമുദ്ര പുരാവസ്തു ഗവേഷണത്തിലും കടലിനടിയിലെ പൈതൃക സംരക്ഷണത്തിലും ശ്രദ്ധേയനായ ടിമ്മി ഗാംബിൻ, മെഡിറ്ററേനിയൻ മേഖലയിലെ കടലിനടിയിലെ പുരാവസ്തു കേന്ദ്രങ്ങളുടെ സംരക്ഷണവുമായി ബന്ധപ്പെട്ട നിരവധി പഠനങ്ങൾ നടത്തിയിട്ടുണ്ട്. കൂടാതെ, മാൾട്ട സർവകലാശാലയിലെ ഗ്ലോബൽ മാരിടൈം ആർക്കിയോളജി മാസ്റ്റേഴ്സ് പ്രോഗ്രാമിന്റെ സ്ഥാപകനുമാണ്. ഈ കോഴ്‌സ് അടുത്തിടെ യുനെസ്കോയുടെ Network in Underwater Archaeologyയിൽ ഉൾപ്പെട്ട ലോകത്തെ 12 പ്രമുഖ പഠനപരിപാടികളിൽ ഒന്നായി തിരഞ്ഞെടുക്കപ്പെട്ടു.
അന്താരാഷ്ട്ര അംഗീകാരം കൂടുതൽ പൈതൃക കേന്ദ്രങ്ങൾക്ക് നേടിക്കൊടുക്കുന്നതിനും ലോക പൈതൃക സംരക്ഷണത്തിന്റെ ആഗോള ഭരണസംവിധാനത്തിൽ സജീവ പങ്കാളിത്തം ഉറപ്പാക്കുന്നതിനുമുള്ള മാൾട്ടയുടെ ദീർഘകാല തന്ത്രത്തിന്റെ ഭാഗമായാണ് ഈ രണ്ട് സംരംഭങ്ങളും വിലയിരുത്തപ്പെടുന്നത്.



