അമേരിക്കൻ ഫിറ്റ്നസ് ഇൻഫ്ലുവൻസർ കോണർ മർഫി തായ്ലൻഡിലെ തടാകത്തിൽ മരിച്ച നിലയിൽ

ബാങ്കോക്ക് : ഫിറ്റ്നസ് വീഡിയോകളിലൂടെയും രസകരമായ പ്രാങ്ക് വീഡിയോകളിലൂടെയും യൂട്യൂബിൽ ദശലക്ഷക്കണക്കിന് ആരാധകരെ നേടിയ അമേരിക്കൻ ഫിറ്റ്നസ് ഇൻഫ്ലുവൻസർ കോണർ മർഫിയെ (32) തായ്ലൻഡിൽ മരിച്ച നിലയിൽ കണ്ടെത്തി. തായ്ലൻഡിലെ സാമുത് പ്രകാൻ പ്രവിശ്യയിലെ ബാങ് പ്ലി ജില്ലയിലുള്ള ഒരു ആഡംബര റസിഡൻഷ്യൽ ഏരിയയിലെ തടാകത്തിൽ നിന്നാണ് ചൊവ്വാഴ്ച മൃതദേഹം കണ്ടെടുത്തത്. ഇയാൾ വാടകയ്ക്ക് താമസിച്ചിരുന്ന വില്ലയ്ക്ക് സമീപമുള്ള തടാകത്തിന്റെ കരയിൽ നിന്നും 20 മീറ്റർ മാറിയാണ് മൃതദേഹം കണ്ടെത്തിയത്. മുങ്ങിമരിച്ചതാണെന്നാണ് പ്രാഥമിക നിഗമനമെങ്കിലും മരണത്തിന് പിന്നിലെ മറ്റ് സാഹചര്യങ്ങളെക്കുറിച്ച് തായ് അധികൃതർ അന്വേഷണം നടത്തിവരികയാണ്.
ഒരു വിദേശ പൗരൻ വില്ലയ്ക്കുള്ളിൽ അസ്വാഭാവികമായി പെരുമാറുന്നുവെന്ന് മറ്റ് താമസക്കാര്‍ നൽകിയ വിവരത്തെ തുടര്‍ന്നാണ് ചൊവ്വാഴ്ച ഉച്ചയ്ക്ക് 3 മണിയോടെ തായ് പൊലീസ് സ്ഥലത്തെത്തുന്നതെന്ന് ഇന്റർനാഷണൽ ബിസിനസ് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. മർഫി താൻ വാടകയ്ക്കെടുത്തിരുന്ന ആഡംബര വീടിന്റെ ഫർണിച്ചറുകളിലും ഉപകരണങ്ങളിലും പെയിന്റ് ഒഴിച്ച് വീട് പൂർണ്ണമായും നശിപ്പിച്ചിരുന്നു. റോഡിലൂടെ ഉച്ചത്തിൽ നിലവിളിക്കുകയും, കാറുകൾക്ക് നേരെ ആക്രോശിക്കുകയും റോഡിൽ കിടന്നുരുണ്ട് പ്രാർത്ഥിക്കുന്നതുപോലെ ആംഗ്യങ്ങൾ കാണിക്കുകയും ചെയ്ത മര്‍ഫിയുടെ ദൃശ്യങ്ങൾ പ്രദേശവാസികൾ മൊബൈലിൽ പകർത്തിയിട്ടുണ്ട്. വഴിപോക്കർക്ക് പണം നൽകാനും ഇയാൾ ശ്രമിച്ചിരുന്നു.
വിവരമറിഞ്ഞ് പൊലീസ് സംഭവസ്ഥലത്തേക്ക് എത്തിയതോടെ കോണർ വില്ലയ്ക്ക് സമീപമുള്ള തടാകത്തിലേക്ക് ഓടിമറയുകയായിരുന്നു. ഏകദേശം 10 മീറ്ററോളം ആഴമുള്ള തടാകത്തിൽ ഇയാൾ നീന്താൻ ശ്രമിച്ചെങ്കിലും കുറച്ചുസമയത്തിനകം ക്ഷീണിതനായി താഴ്ന്നുപോയെന്ന് ദൃക്സാക്ഷികൾ പറയുന്നു. തടാകത്തിന്റെ ആഴക്കൂടുതൽ കാരണം അവിടെയുണ്ടായിരുന്നവർക്ക് ഇയാളെ രക്ഷിക്കാനായില്ല. തുടർന്ന് പോലീസും റെസ്ക്യൂ ഡൈവർമാരും നടത്തിയ 30 മിനിറ്റ് നീണ്ട തിരച്ചിലിനൊടുവിലാണ് കരയിൽ നിന്നും 20 മീറ്റർ മാറിയുള്ള ഭാഗത്ത് നിന്ന് മൃതദേഹം കണ്ടെടുത്തത്.
മറ്റൊരു ഫിറ്റ്നസ് ക്രിയേറ്ററായ ടോണി ഹ്യൂജ് ആണ് ആദ്യം മരണവാര്‍ത്ത പങ്കുവച്ചത്. തായ്ലന്ഡിലാണ് ഇയാൾ താമസിക്കുന്നത്. കഴിഞ്ഞ 10 ദിവസമായി മര്‍ഫിക്കൊപ്പം വീഡിയോ ചെയ്തിരുന്നു. മര്‍ഫി മയക്കുമരുന്ന് ഉപയോഗിക്കുന്നതായി താൻ കണ്ടിട്ടില്ലെന്ന് കാമുകി അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞിരുന്നു. എന്നാൽ ചിലപ്പോൾ അസാധാരണമായി പെരുമാറാറുണ്ടെന്നും പെട്ടെന്ന് ദേഷ്യപ്പെടാറുണ്ടെന്നും യുവതി പറയുന്നു. തായ് പൊലീസ് റിപ്പോർട്ടിൽ മർഫിയെ ‘ഭ്രാന്തനായ അമേരിക്കക്കാരൻ’ എന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്.



