സ്പോർട്സ്

ഫിഫ ലോകകപ്പ് ഫുട്‌ബോള്‍ പോരാട്ടത്തിനുള്ള അര്‍ജന്റീന ടീമിനെ പ്രഖ്യാപിച്ചു

ബ്യൂണസ് അയേഴ്‌സ് : ഫിഫ ലോകകപ്പ് ഫുട്‌ബോള്‍ പോരാട്ടത്തിനുള്ള അര്‍ജന്റീന ടീമിനെ പ്രഖ്യാപിച്ചു. ഇതിഹാസ താരം ലയണല്‍ മെസിയുടെ നേതൃത്വത്തിലുള്ള 26 അംഗ സംഘത്തെയാണ് കോച്ച് ലയണല്‍ സ്‌കലോനി പ്രഖ്യാപിച്ചത്. മെസി ആറാം ലോകകപ്പിനാണ് ഒരുങ്ങുന്നത്. അര്‍ജന്റീനയ്ക്കായി ഏറ്റവും കൂടുതല്‍ ലോകകപ്പ് കളിക്കുന്ന താരമെന്ന നേട്ടം ഇതോടെ ഇതിഹാസ താരത്തിനു സ്വന്തമാകും.

നിലവിലെ ലോക ചാംപ്യന്‍മാരായ അര്‍ജന്റീന കനക കിരീടം നിലനിര്‍ത്താനുള്ള ലക്ഷ്യവുമായാണ് എത്തുന്നത്. കഴിഞ്ഞ തവണ ലോകകപ്പ് നേടിയ സംഘത്തിലെ 17 പേര്‍ ഇത്തവണയും ടീമില്‍ ഇടം പിടിച്ചിട്ടുണ്ട്.

അര്‍ജന്റീനയുടെ ഭാവി താരമായി വിലയിരുത്തപ്പെടുന്ന റയല്‍ മാഡ്രിഡിന്റെ 18കാരന്‍ ഫ്രാങ്കോ മസ്റ്റന്റുവോനോക്ക് ടീമില്‍ ഇടം കിട്ടിയില്ല. കഴിഞ്ഞ ലോകകപ്പ് ടീമില്‍ കളിച്ച മാര്‍ക്കോസ് അക്യുനയേയും ഒഴിവാക്കി. റോമ താരം പൗലോ ഡിബാലയേയും ടീമിലേക്ക് പരിഗണിച്ചില്ല എന്നതും ശ്രദ്ധേയമാണ്.

സെന്റര്‍ ബാക്ക് ക്രിസ്റ്റിയന്‍ റൊമേറോ ടീമില്‍ തിരിച്ചെത്തി. യുവ താരങ്ങളായ നിക്കോളാസ് പാസ്, വാലന്റെയ്ന്‍ ബാര്‍ക്കോ എന്നിവര്‍ ടീമിലുണ്ട്. ഇന്റര്‍ മയാമിയില്‍ മെസിക്കൊപ്പം പന്ത് തട്ടുന്ന റോഡ്രിഗോ ഡി പോളും സ്ഥാനം നിലനിര്‍ത്തിയവരിലുണ്ട്.

അമേരിക്ക, കാനഡ, മെക്‌സിക്കോ എന്നിവിടങ്ങളിലായി അരങ്ങേറുന്ന ലോകകപ്പില്‍ ഗ്രൂപ്പ് ജെയിലാണ് അര്‍ജന്റീന കളിക്കുന്നത്. അള്‍ജീരിയ, ഓസ്ട്രിയ, ജോര്‍ദാന്‍ ടീമുകളാണ് ഗ്രൂപ്പിലെ എതിരാളികള്‍. ജൂണ്‍ 11 മുതലാണ് ലോകകപ്പ് പോരാട്ടങ്ങള്‍ക്ക് തുടക്കമാകുന്നത്. അര്‍ജന്റീന ജൂണ്‍ 17ന് ആദ്യ മത്സരത്തിന് ഇറങ്ങും. അള്‍ജീരിയയാണ് എതിരാളികള്‍.

അര്‍ജന്റീന ടീം

ഗോള്‍ കീപ്പര്‍മാര്‍ : എമിലിയാനോ മാര്‍ട്ടിനെസ്, ജെറോനിമോ റുള്ളി, യുവാന്‍ മുസ്സോ.

പ്രതിരോധം : ഗോണ്‍സാലോ മോണ്ടിയല്‍, നഹുവേല്‍ മൊളിന, ലിസാന്‍ഡ്രോ മാര്‍ട്ടിനെസ്, നിക്കോളാസ് ഒടാമെന്‍ഡി, ലിയോനാര്‍ഡോ ബാലെര്‍ഡി, ക്രിസ്റ്റിയന്‍ റൊമേറോ, ഫക്കുണ്ടോ മെഡിന, നിക്കോളാസ് തഗ്ലിയാഫിക്കോ.

മധ്യനിര : ലിയാന്‍ഡ്രോ പരഡെസ്, റോഡ്രിഗോ ഡി പോള്‍, ഇസക്വിയേല്‍ പലാസിയോസ്, എന്‍സോ ഫെര്‍ണാണ്ടസ്, അലക്‌സിസ് മാക്ക്അലിസ്റ്റര്‍, ജിയോവാനി ലോ സെല്‍സോ, വാലന്റൈന്‍ ബാര്‍ക്കോ.

മുന്നേറ്റം : ലയണല്‍ മെസി, നിക്കോളാസ് പാസ്, തിയാഗോ അല്‍മഡ, നിക്കോളാസ് ഗോണ്‍സാലസ്, ജൂലിയന്‍ അല്‍വാരസ്, ജിയുലിയാനോ സിമിയോണി, ലൗതാരോ മാര്‍ട്ടിനസ്, ജോസ് മാനുവല്‍ ലോപസ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button