എബോള വൈറസ് : കിഴക്കൻ കോംഗോയിൽ വീണ്ടും ചികിത്സാ കേന്ദ്രത്തിന് തീയിട്ടു

ബുനിയ : കിഴക്കൻ കോംഗോയിൽ എബോള വൈറസ് പടരുന്നതിനിടെ വീണ്ടും ഒരു ചികിത്സാ കേന്ദ്രത്തിന് തീയിട്ട് ജനക്കൂട്ടം. ഇതിനിടെ, എബോള ബാധ സംശയിച്ച് നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന 18 പേർ ജനവാസമേഖലയിലേക്ക് കടന്നുകളയുകയും ചെയ്തു.
മോങ്ബാവാലു നഗരത്തിൽ ഡോക്ടേഴ്സ് വിത്തൗട്ട് ബോർഡേഴ്സ് സ്ഥാപിച്ച താൽക്കാലിക ചികിത്സാ കേന്ദ്രത്തിനാണ് തീയിട്ടത്. ആക്രമണത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല. ചികിത്സാ കേന്ദ്രത്തിന് നേരെയുണ്ടാകുന്ന രണ്ടാമത്തെ ആക്രമണമാണിത്. കഴിഞ്ഞ വ്യാഴാഴ്ച റവാംപാര നഗരത്തിലും സമാനമായ രീതിയിൽ ചികിത്സാ കേന്ദ്രത്തിന് ജനങ്ങൾ തീയിട്ടിരുന്നു. എബോള ബാധിച്ച് മരിച്ചയാളുടെ മൃതദേഹം വിട്ടുനൽകാത്തതിനെ തുടർന്നാണ് അവിടെ ആക്രമണം നടന്നത്.
എബോള ബാധിതരുടെ മൃതദേഹങ്ങളിൽ നിന്ന് രോഗം പടരാൻ സാധ്യതയുള്ളതിനാൽ വളരെ ശ്രദ്ധിച്ചാണ് അധികൃതർ സംസ്കാര ചടങ്ങുകൾ നടത്തുന്നത്. രോഗവ്യാപനം തടയുന്നതിനായി 50 ൽ അധികം ആളുകൾ പങ്കെടുക്കുന്ന പൊതുചടങ്ങുകൾക്കും മരണാനന്തര ചടങ്ങുകൾക്കും വിലക്കേർപ്പെടുത്തിയിട്ടുണ്ട്.



