യൂറോപ്യൻ യൂണിയൻ വാർത്തകൾ

യുഎസ് പോളണ്ടിലേക്ക് 5,000 സൈന്യത്തെ അയക്കുന്നു

വാഷിങ്ടൺ ഡിസി : യൂറോപ്പിലെ യു.എസ് സൈനിക വിന്യാസം കുറയ്ക്കുമെന്ന പ്രഖ്യാപനത്തിന് തൊട്ടുപിന്നാലെ, പോളണ്ടിലേക്ക് 5,000 യു.എസ് സൈനികരെക്കൂടി അയക്കുമെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. പോളണ്ടിലേക്ക് സൈന്യത്തിലെ ഒരു വിഭാഗത്തെ അയക്കാന്‍ നേരത്തെയുണ്ടായ തീരുമാനം പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത് തടഞ്ഞ് ഒരാഴ്ചയ്ക്ക് ശേഷമാണ് അസാധാരണമായ ഈ പ്രഖ്യാപനം.

ഇറാന്‍ യുദ്ധത്തില്‍ അമേരിക്ക അപമാനിതരാകുകയാണെന്ന് ജര്‍മ്മന്‍ ചാന്‍സലര്‍ ഫ്രെഡറിക് മെര്‍സ് പറഞ്ഞതില്‍ പ്രകോപിതനായ ട്രംപ്, ജര്‍മ്മനിയില്‍ നിന്ന് 5,000 സൈനികരെ പിന്‍വലിക്കുമെന്ന് ഈ മാസമാദ്യം പ്രഖ്യാപിച്ചിരുന്നു. അതിന് പിന്നാലെയാണ് പുതിയ നടപടി. പോളണ്ടില്‍ കഴിഞ്ഞ ഓഗസ്റ്റില്‍ അധികാരത്തില്‍വന്ന വലതുപക്ഷ പോപ്പുലിസ്റ്റ് പ്രസിഡന്റ് കരോള്‍ നാവ്‌റോക്കിയുമായുള്ള ബന്ധത്തിന്റെ അടിസ്ഥാനത്തിലാണ് പുതിയ സൈനിക വിന്യാസമെന്ന് ട്രംപ് പറഞ്ഞു. ഇതിനുപിന്നാലെ, നാവ്‌റോക്കി ട്രംപിന് നന്ദി അറിയിച്ചു. പോളിഷ് ഭവനങ്ങളുടെയും മുഴുവന്‍ യൂറോപ്പിന്റെയും സുരക്ഷയുടെ സുപ്രധാന തൂണാണ് യു.എസ്-പോളണ്ട് സഖ്യമെന്നും അദ്ദേഹം വിശേഷിപ്പിച്ചു.

ഇറാന്‍ യുദ്ധത്തിനെതിരെ സംസാരിക്കുകയോ ആവശ്യത്തിന് സഹായം നല്‍കാതിരിക്കുകയോ ചെയ്ത നാറ്റോ സഖ്യകക്ഷികളോട് ട്രംപ് അതൃപ്തി പ്രകടിപ്പിച്ചതിന് പിന്നാലെയാണ് ഈ അപ്രതീക്ഷിത പ്രഖ്യാപനമുണ്ടായത്. യു.എസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ ഇന്ന് സ്വീഡനില്‍ നടക്കുന്ന നാറ്റോ വിദേശകാര്യ മന്ത്രിമാരുടെ യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്. യോഗത്തിന് മുന്നോടിയായി മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ, ട്രംപിന്റെ പ്രഖ്യാപനത്തെ സ്വാഗതം ചെയ്‌തെങ്കിലും ഒരു സഖ്യകക്ഷിയെ മാത്രം അമിതമായി ആശ്രയിക്കാത്ത കൂടുതല്‍ ശക്തമായ യൂറോപ്പും ശക്തമായ നാറ്റോയും കെട്ടിപ്പടുക്കുകയാണ് ലക്ഷ്യമെന്ന് നാറ്റോ മേധാവി മാര്‍ക്ക് റൂട്ടെ പറഞ്ഞിരുന്നു.

2022-ലെ റഷ്യന്‍ അധിനിവേശത്തിന് ശേഷം പാശ്ചാത്യ സൈനിക സഹായങ്ങള്‍ യുക്രൈനിലേക്ക് എത്തിക്കാനുള്ള പ്രധാന കേന്ദ്രമായി പ്രവര്‍ത്തിക്കുന്നത് നാറ്റോ അംഗം കൂടിയായ പോളണ്ടാണ്. 2023-ല്‍ അമേരിക്ക പോളണ്ടില്‍ യു.എസ് ആര്‍മി ഗാരിസണ്‍ സ്ഥാപിക്കുകയും, സൈനികരുടെ എണ്ണം പതിനായിരമായി കൂട്ടുകയും ചെയ്തിരുന്നു.

കഴിഞ്ഞ ആഴ്ചയാണ് പ്രതിരോധ സെ്രകട്ടറി പീറ്റ് ഹെഗ്‌സെത് യൂറോപ്പിലേക്കുള്ള രണ്ട് യു.എസ് സൈനിക വിന്യാസങ്ങള്‍ റദ്ദാക്കിയത്. മറ്റ് ഉദ്യോഗസ്ഥരെ യൂറോപ്പില്‍നിന്ന് നീക്കം ചെയ്യാനും അദ്ദേഹം ഉത്തരവിട്ടിരുന്നു. പോളണ്ട്, ബാള്‍ട്ടിക് രാജ്യങ്ങള്‍, റൊമാനിയ ഉള്‍പ്പെടെയുള്ള മറ്റ് രാജ്യങ്ങള്‍ എന്നിവിടങ്ങളിലേക്ക് മാറിമാറി വിന്യസിക്കാന്‍ നിശ്ചയിച്ചിരുന്ന സൈനിക യൂനിറ്റുകളെ അയക്കാനുള്ള തീരുമാനമാണ് ഹെഗ്‌സെത് തടഞ്ഞത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button