അന്തർദേശീയം

ഇറാൻ തീരത്തേക്ക് പോയ കപ്പലിന് നേരെ ആക്രമണം നടത്തി യുഎസ്

ടെഹ്റാൻ : ഇറാൻ തീരത്തേക്ക് പോയ കപ്പലിന് നേരെ ആക്രമണം നടത്തി അമേരിക്ക. ഇറാൻ പതാക വഹിക്കുന്ന എംടി ഹസ്ന എന്ന കപ്പലിന് നേരെയാണ് അമേരിക്കൻ സേനയുടെ ആക്രമണം നടന്നത്. കപ്പൽ നാവിക ഉപരോധം മറികടക്കാൻ ശ്രമിച്ചെന്നാണ് സെൻട്രൽ കമാൻഡ് വാദിക്കുന്നത്. ഓയിൽ ടാങ്കർ കപ്പലായ എംടി ഹസ്ന ​ഗൾഫ് ഓഫ് ഒമാനിൽ വച്ച് യുഎസ് ഉപരോധം മറികടന്ന് ഇറാൻ തുറമുഖത്തേക്ക് എത്താൻ ശ്രമിച്ചെന്നാണ് ആരോപണം.

അമേരിക്കൻ ഉപരോധം മറികടക്കരുതെന്ന് നിരവധി മുന്നറിയിപ്പുകൾ നൽകിയെങ്കിലും പാലിക്കാതെ വന്നതോടെയാണ് ആക്രമണം നടത്തിയതെന്ന് സെൻട്രൽ കമാൻഡ് അറിയിച്ചു. യുഎസ്എസ് എബ്രഹാം ലിങ്കണിൽ നിന്ന് അമേരിക്കൻ നാവികസേന എഫ്/എ-18 സൂപ്പർ ഹോർനെറ്റ് യുദ്ധവിമാനം ഇറാനിയൻ കപ്പലിന് നേരെ വിക്ഷേപിച്ചു.

20 മില്ലി മീറ്റ‍ർ നീളമുള്ള നിരവധി തിരകൾ ഉപയോഗിച്ചുവെന്നാണ് സെൻട്രെൽ കമാൻഡ് വിശദമാക്കുന്നത്. നിലവിൽ ഈ കപ്പൽ ഇറാൻ തുറമുഖത്തേക്ക് നീങ്ങുന്നില്ലെന്നും അമേരിക്ക വ്യക്തമാക്കി. 300,000 ഡിഡബ്ല്യുടി വിഎൽസിസിയായ ഹസ്‌ന 2003 ൽ നിർമിച്ച കപ്പലാണ്.

പശ്ചിമേഷ്യയിൽ വർധിച്ചു വരുന്ന സംഘർഷങ്ങൾക്കിടയിൽ ബുധനാഴ്ചയാണ് ഈ നാടകീയമായ സംഭവം അരങ്ങേറിയതെന്നാണ് യുഎസ് നേവി വിശദമാക്കുന്നത്. കപ്പലിന്റെ എൻജിൻ ഭാഗം ലക്ഷ്യം വെച്ചാണ് അമേരിക്കൻ സൈന്യം വെടിയുതിർത്തത്. ഇതിനെത്തുടർന്ന് എംടി ഹസ്ന കപ്പൽ പ്രവർത്തിപ്പിക്കാൻ കഴിയാത്ത വിധം പ്രവർത്തനരഹിതമായി.

എന്നാൽ കപ്പലിലുണ്ടായിരുന്ന ആർക്കെങ്കിലും പരിക്കേറ്റതായോ അല്ലെങ്കിൽ കപ്പലിൽ നിന്ന് എണ്ണ ചോർച്ച ഉണ്ടായതായോ നിലവിൽ റിപ്പോർട്ടുകളില്ല. അമേരിക്കൻ കോസ്റ്റ് ഗാർഡും നേവിയും സംയുക്തമായാണ് ഈ ദൗത്യം നിർവ്വഹിച്ചത്. അമേരിക്കയും ഇറാനും തമ്മിലുള്ള നയതന്ത്ര ബന്ധം അതിരൂക്ഷമായ സാഹചര്യത്തിലാണ് ഈ നീക്കം.

ഇറാന്റെ വരുമാന മാർഗ്ഗങ്ങൾ തടയുന്നതിനും ആയുധക്കടത്ത് തടയുന്നതിനുമായി അമേരിക്കൻ നാവികസേന മേഖലയിൽ കർശനമായ ഉപരോധം ഏർപ്പെടുത്തിയിട്ടുണ്ട്. ഈ നിയമങ്ങൾ ലംഘിക്കുന്ന ഏത് കപ്പലിന് നേരെയും കർശന നടപടിയുണ്ടാകുമെന്ന് അമേരിക്ക നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു.

തങ്ങളുടെ കപ്പലിന് നേരെ നടന്നത് നിയമവിരുദ്ധമായ ആക്രമണമാണെന്നും ഇതിനെ കടൽക്കൊള്ളയായി കണക്കാക്കാമെന്നുമാണ് ഇറാന്റെ പ്രാഥമിക പ്രതികരണം. അന്താരാഷ്ട്ര സമുദ്ര നിയമങ്ങളുടെ ലംഘനമാണ് അമേരിക്ക നടത്തിയതെന്നും ഇതിന് തക്കതായ മറുപടി നൽകുമെന്നും ഇറാൻ ഭരണകൂടം വ്യക്തമാക്കി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button