മോഷണം പോയ ബുദ്ധപ്രതിമ ആഘോഷപൂർവ്വം പുനഃപ്രതിഷ്ഠിച്ച് നേപ്പാൾ

കാഠ്മണ്ഡു : പതിറ്റാണ്ടുകൾക്ക് മുമ്പ് നേപ്പാളിലെ ക്ഷേത്രത്തിൽ നിന്ന് മോഷ്ടിക്കപ്പെട്ട 13-ാം നൂറ്റാണ്ടിലെ അപൂർവമായ ബുദ്ധപ്രതിമ കാഠ്മണ്ഡുവിൽ തിരിച്ചെത്തി. ബുദ്ധ ജയന്തി ആഘോഷങ്ങളോടനുബന്ധിച്ച് നടന്ന ചടങ്ങിൽ പ്രതിമ യഥാർത്ഥ സ്ഥാനത്ത് പുനഃപ്രതിഷ്ഠിച്ചു.
1980-കളിൽ കാഠ്മണ്ഡു താഴ്വരയിലെ ഇറ്റും ബഹാൽ എന്ന പുരാതന ബുദ്ധ ക്ഷേത്രത്തിൽ നിന്നാണ് പ്രതിമ മോഷണം പോയത്. പിന്നീട് വർഷങ്ങളോളം അത് എവിടെയെന്ന് വ്യക്തതയില്ലായിരുന്നു. എന്നാൽ അന്വേഷണങ്ങൾക്കൊടുവിൽ അമേരിക്കയിലെ ന്യൂയോർക്കിൽ സ്ഥിതി ചെയ്യുന്ന ഒരു സാംസ്കാരിക സ്ഥാപനത്തിൽ പ്രതിമ കണ്ടെത്തുകയായിരുന്നു.
2022 ലാണ് അമേരിക്ക പ്രതിമ ഔദ്യോഗികമായി നേപ്പാളിന് കൈമാറിയത്. പിന്നീട് സംരക്ഷണ പ്രവർത്തനങ്ങളും നിയമനടപടികളും പൂർത്തിയാക്കിയ ശേഷമാണ് ഇപ്പോൾ അതിന്റെ യഥാർത്ഥ സ്ഥാനത്ത് വീണ്ടും സ്ഥാപിച്ചത്. പരമ്പരാഗത സംഗീതത്തിന്റെയും മതചടങ്ങുകളുടെയും അകമ്പടിയോടെ പാലക്കിയിൽ കയറ്റിയാണ് പ്രതിമ ക്ഷേത്രത്തിലേക്ക് കൊണ്ടുപോയത്. ഞങ്ങളുടെ ദൈവം വീണ്ടും തിരിച്ചുവന്നുവെന്ന് വികാരാധീനരായി പലരും പ്രതികരിച്ചു.
പ്രതിമ മോഷണം പോയതിനു ശേഷം നാട്ടുകാർ ആരാധിച്ചിരുന്നത് ഒരു പകർപ്പ് പ്രതിമയെയാണ്. ഇപ്പോൾ ആ പകർപ്പ് ക്ഷേത്രത്തിന്റെ മറ്റൊരു ഭാഗത്തേക്ക് മാറ്റി സ്ഥാപിച്ചു. 1950-കൾക്ക് ശേഷം നേപ്പാളിൽ നിന്ന് കടത്തിക്കൊണ്ടുപോയ ആയിരക്കണക്കിന് പുരാവസ്തുക്കൾ വീണ്ടെടുക്കാനുള്ള വലിയൊരു ദൗത്യത്തിന്റെ ഭാഗമായാണ് ഈ നടപടി. വിദേശ മ്യൂസിയങ്ങളിലെയും സ്വകാര്യ ശേഖരങ്ങളിലെയും നിരവധി പുരാവസ്തുക്കൾ ഇതിലുൾപ്പെടുന്നു.
ഇതുവരെ അമേരിക്ക, ബ്രിട്ടൻ, ഓസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങളിൽ നിന്നായി ഏകദേശം 200-ഓളം പുരാതന ശില്പങ്ങൾ നേപ്പാൾ തിരികെ എത്തിച്ചിട്ടുണ്ട്. ഷിക്കാഗോ ആർട്ട് ഇൻസ്റ്റിറ്റ്യൂട്ട്, മെട്രോപൊളിറ്റൻ മ്യൂസിയം ഓഫ് ആർട്ട് എന്നിവിടങ്ങളിൽ നിന്നും സമാനമായ രീതിയിൽ പുരാവസ്തുക്കൾ നേരത്തെ മടക്കിക്കൊണ്ടുവന്നിരുന്നു.
ബുദ്ധപ്രതിമയുടെ തിരിച്ചുവരവ് സാംസ്കാരികമായും വൈകാരികമായും നേപ്പാളിൽ ആഘോഷിക്കപ്പെട്ടു. ചടങ്ങിൽ അമേരിക്കൻ പ്രതിനിധി സെർജിയോ ഗോർ അടക്കമുള്ള പ്രമുഖരും പങ്കെടുത്തു.



