മുഗൾ കാലത്തെ ജ്യോതിശാസ്ത്ര കംപ്യൂട്ടർ ലണ്ടനിൽ ലേലത്തിന്

ലണ്ടൻ : ജയ്‌പൂർ മഹാറാണിയായിരുന്ന ഗായത്രിദേവിയുടെ ശേഖരത്തിലുള്ള അപൂർവ ജ്യോതിശാസ്ത്ര ഉപകരണം ബ്രിട്ടനിൽ ലേലം ചെയ്യുന്നു. 17-ാം നൂറ്റാണ്ടിലെ ‘ജ്യോതിശാസ്ത്ര കംപ്യൂട്ടർ” എന്ന വിശേഷിപ്പിക്കപ്പെടുന്ന ആസ്ട്രോലാബ് ആണ് ലണ്ടനിൽ ലേലത്തിന് വച്ചത്. 15- 25 കോടി രൂപക്ക് വിറ്റുപോകുമെന്നാണ് കരുതുന്നത്. നക്ഷത്രങ്ങളുടെ സ്ഥാനം നിർണയിക്കാനും സമയം കണക്കാക്കാനുമാണ് ഇതുപയോഗിച്ചിരുന്നത്. 1612 ൽ മുഗൾ ചക്രവർത്തി ജഹാംഗീറിൻ്റെ ഭരണകാലത്ത് ലാഹോർ ഭരണാധികാരിയായിരുന്ന ആഖഅഫ്‌സലിന് വേണ്ടിയാണ് ഇത് നിർമിച്ചത്. പിത്തളയിൽ തീർത്ത ഉപകരണത്തിൽ 94 നഗരങ്ങളുടെ അക്ഷാംശവും രേഖാംശവും 38 നക്ഷത്രങ്ങളുടെ സ്ഥാനങ്ങളും രേഖപ്പെടുത്തിയിട്ടുണ്ട്. പേർഷ്യൻ ഭാഷയിലും ദേവനാഗരി ലിപിയിലുമാണ് ഇതിലെ അടയാളപ്പെടുത്തലുകൾ.
ജയ്‌പൂർ രാജാവായിരുന്ന സവായ്മാൻ സിങ് രണ്ടാമന്റെ ശേഖരത്തിലുണ്ടായിരുന്ന ഉപകരണം പിന്നീട് അദ്ദേഹത്തിന്റെ ഭാര്യ ഗായത്രി ദേവിയിലേക്കും അവിടെനിന്ന് അവരുടെ സ്വകാര്യ ശേഖരത്തിലേക്കും എത്തിച്ചേരുകയായിരുന്നു



