ഇറാൻ പതാകയേന്തിയ ചരക്കുകപ്പൽ നാവികസേന തടഞ്ഞതായി യുഎസ് സെൻട്രൽ കമാൻഡ്

വാഷിങ്ട്ടൺ ഡിസി : ഇറാൻ പതാകയേന്തിയ ചരക്കുകപ്പൽ അമേരിക്കൻ നാവികസേന തടഞ്ഞതായി യു.എസ് സെൻട്രൽ കമാൻഡ് (CENTCOM) അറിയിച്ചു. വെളിയാഴ്ചയായിരുന്നു സംഭവം. ഇറാൻ തുറമുഖത്തേക്ക് ലക്ഷ്യമാക്കി നീങ്ങുകയായിരുന്ന കപ്പലിനെയാണ് അമേരിക്കയുടെ ഗൈഡഡ് മിസൈൽ ഡിസ്ട്രോയറായ യു.എസ്.എസ് റാഫേൽ പെരാൾട്ട DDG 115 തടഞ്ഞത്.
ഇറാൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ മേഖലയിൽ നിരീക്ഷണം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് നടപടിയെന്ന് സെൻട്രൽ കമാൻഡ് വ്യക്തമാക്കി. ഇറാനിലേക്കുള്ള ചരക്ക് നീക്കങ്ങൾ കർശനമായി നിരീക്ഷിക്കുമെന്ന അമേരിക്കയുടെ പ്രഖ്യാപനത്തിന് പിന്നാലെയാണ് ഈ നീക്കം ഉണ്ടായിരിക്കുന്നത്. അന്താരാഷ്ട്ര കപ്പൽ പാതകളിൽ അമേരിക്കൻ സൈന്യം പരിശോധന കർശനമാക്കിയത് മേഖലയിൽ കൂടുതൽ നയതന്ത്ര-സൈനിക പ്രത്യാഘാതങ്ങൾക്ക് വഴിവെച്ചേക്കാം. കപ്പലിലെ ജീവനക്കാരെക്കുറിച്ചോ പിടിച്ചെടുത്ത സാധനങ്ങളെക്കുറിച്ചോ ഉള്ള കൂടുതൽ വിവരങ്ങൾ നിലവിൽ ലഭ്യമായിട്ടില്ല.
ഇതിനിടെ രണ്ടാം ഘട്ട വെടിനിർത്തൽ ചർച്ചകൾക്കായി യു.എസ് നയതന്ത്ര പ്രതിനിധികൾ ഇന്ന് പാകിസ്താനിലെത്തും. മൂന്ന് രാജ്യങ്ങൾ സന്ദർശിക്കുന്നതിന്റെ ഭാഗമായി ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി നിലവിൽ ഇസ്ലാമാബാദിലുണ്ട്. എന്നാൽ അമേരിക്കയുമായി നേരിട്ടുള്ള ചർച്ച നടത്തില്ലെന്ന നിലപാടിലാണ് ഇറാൻ. ചർച്ചകൾക്കായി അമേരിക്കൻ പ്രത്യേക പ്രതിനിധികളായ സ്റ്റീവ് വിറ്റ്കോഫും ജാരെഡ് കുഷ്നറും പാകിസ്താനിലെത്തുമെന്നാണ് വൈറ്റ് ഹൗസ് അറിയിച്ചത്.



