ലഷ്കർ-ഇ-തൊയ്ബ നേതാവ് ആമിർ ഹംസയ്ക്ക് ലാഹോറിൽ വച്ച് അജ്ഞാതന്റെ വെടിയേറ്റു

ഇസ്ലാമാബാദ് : പാക്കിസ്ഥാൻ ആസ്ഥാനമായുള്ള ഭീകര സംഘടനയായ ലഷ്കർ ഇ തൊയിബയുടെ സഹ സ്ഥാപകനായ അമീർ ഹംസയ്ക്ക് വെടിയേറ്റു. അജ്ഞാതരായ അക്രമിയെ കണ്ടെത്താനായിട്ടില്ല. ആമിർ ഹംസയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇയാളുടെ ആരോഗ്യനില ഗുരുതരമാണ്. ലാഹോറിൽ വച്ചാണ് സംഭവം.
ലാഹോറിലെ ഒരു മാധ്യമ സ്ഥാപനത്തിന്റെ ഓഫിസിന് മുന്നിൽ വച്ച് അജ്ഞാത സംഘമെത്തി അമീർ ഹംസയ്ക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. പ്രദേശത്ത് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ടെന്ന് അധികൃതർ വ്യക്തമാക്കി. ആക്രമണത്തിനു പിന്നിൽ പ്രവർത്തിച്ചവർക്കായുള്ള തെരച്ചിൽ പുരോഗമിക്കുകയാണ്.
.
ഒരു വർഷത്തിനുള്ളിൽ ആമിർ ഹംസയ്ക്ക് നേരെയുണ്ടാകുന്ന രണ്ടാമത്തെ ആക്രമണമാണിത്. കഴിഞ്ഞ വർഷം മേയിൽ വസതിക്ക് മുന്നിൽവച്ച് അജ്ഞാതരായ ആളുകൾ ആമിർ ഹംസയെ വെടിവച്ചിരുന്നു. ഗുരുതര പരിക്കേറ്റ ആമിർ ഹംസ തലനാരിഴയ്ക്കാണ് രക്ഷപെട്ടത്. ഇതിനു പിന്നാലെ ഇയാളുടെ സുരക്ഷ വർധിപ്പിച്ചിരുന്നു.
1959 മേയ് 10 ന് പഞ്ചാബ് പ്രവിശ്യയിലെ ഗുജ്രൻവാലയിൽ ജനിച്ച ആമിർ ഹംസ, 1985-86 കാലത്താണ് ഹാഫിസ് സയീദിനൊപ്പം ലഷ്കർ-ഇ-തൊയ്ബ സ്ഥാപിച്ചത്. ലഷ്കറിന്റെ വക്താവ് കൂടിയായ ഹംസ അറിയപ്പെടുന്ന പ്രഭാഷകനും എഴുത്തുകാരനുമാണ്. ‘ഖാഫില ദഅ്വത് ഔർ ഷഹാദത്ത്’ ഉൾപ്പെടെ നിരവധി പുസ്തകങ്ങളും ഹംസ എഴുതിയിട്ടുണ്ട്. അമേരിക്ക ഭീകര പട്ടികയില്‍ ഉള്‍പ്പെടുത്തിയ വ്യക്തി കൂടിയാണ് ഹംസ.



