അന്തർദേശീയം

ഹോര്‍മുസ് കടലിടുക്കില്‍ ഇറാന്‍ ട്രാന്‍സിസ്റ്റ് ഫീസ് ഊടാക്കുന്നതായി റിപ്പോര്‍ട്ട്

ടെഹ്‌റാന്‍ : പശ്ചിമേഷ്യന്‍ സംഘര്‍ഷങ്ങള്‍ക്കിടെ ഹോര്‍മുസ് കടലിടുക്കില്‍ ഇറാന്‍ ട്രാന്‍സിസ്റ്റ് ഫീസ് ഊടാക്കുന്നതായി റിപ്പോര്‍ട്ട്. ഹോര്‍മുസ് കടലിടുക്ക് വഴി കടന്നുപോകാന്‍ ആഗ്രഹിക്കുന്ന ചരക്ക് കപ്പലുകളില്‍ നിന്ന് 2 മില്യണ്‍ ഡോളര്‍ (ഏകദേശം 18.76 കോടി രൂപ) ട്രാന്‍സിസ്റ്റ് ഫീസ് ഇറാന്‍ ഈടാക്കുന്നതായാണ് റിപ്പോര്‍ട്ട്. ഇറാനിയന്‍ പാര്‍ലമെന്റിന്റെ ദേശീയ സുരക്ഷാ സമിതി അംഗമായ അലാഡിന്‍ ബോറോജെര്‍ഡിയെ ഉദ്ധരിച്ചാണ് വാര്‍ത്തകള്‍.

ട്രാന്‍സിസ്റ്റ് ഫീസിനെ ന്യായീകരിച്ച അലാഡിന്‍ ബോറോജെര്‍ഡി മേഖലയിലെ ഇറാന്റെ ശക്തിയുടെയും അധികാരത്തിന്റെയും പ്രതീകമാണ് നടപടി എന്ന് അലാഡിന്‍ ബോറോജെര്‍ഡി പ്രതികരിച്ചു. ഇറാന്റെ നടപടി കപ്പല്‍ ഗതാഗതത്തെ മേഖലയില്‍ പുതിയ വെല്ലുവിളി സൃഷ്ടിച്ചേക്കുമെന്നാണ് വിലയിരുത്തല്‍. ഇറാനിയന്‍ സ്ഥാപനങ്ങളുമായുള്ള നേരിട്ടുള്ള സാമ്പത്തിക ഇടപാടുകള്‍ അന്താരാഷ്ട്ര ഉപരോധങ്ങള്‍ക്ക് കാരണമാകുമെന്നതാണ് ഷിപ്പിങ് കമ്പനികള്‍ നേരിടുന്ന പ്രധാന പ്രശ്‌നം.

ഹോര്‍മൂസ് കടലിടുക്കുമായി ബന്ധപ്പെട്ട് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഇറാന് അന്ത്യശാസനം നല്‍കിയതിന് പിന്നാലെയാണ് പുതിയ സംഭവ വികാസങ്ങള്‍. 48 മണിക്കൂര്‍ സമയമാണ് ഹോര്‍മൂസിലെ പ്രതിസന്ധി അവസാനിപ്പിക്കാന്‍ ട്രംപ് നല്‍കിയിരിക്കുന്ന സമയം. ഇതിന് പിന്നാലെ ആഗോള ഇന്ധന വിതരണത്തിന്റെ നിര്‍ണ്ണായക കേന്ദ്രമായ ഹോര്‍മുസ് കടലിടുക്ക് ശത്രുക്കള്‍ക്ക് മുന്നില്‍ മാത്രമാണ് അടച്ചിട്ടുള്ളതെന്ന് ഇറാന്‍ ഞായറാഴ്ച വ്യക്തമാക്കിയിരുന്നു. ഐക്യരാഷ്ട്രസഭയുടെ മാരിടൈം ഏജന്‍സിയിലെ ഇറാന്‍ പ്രതിനിധിയാണ് ഹോര്‍മൂസ് കടലിടുക്കിലെ പ്രതിസന്ധിയില്‍ രാജ്യത്തിന്റെ നിലപാട് വ്യക്തമാക്കുന്നത്. സുരക്ഷാ ക്രമീകരണങ്ങള്‍ക്കായി ഇറാനിയന്‍ സര്‍ക്കാരുമായി ഏകോപിപ്പിച്ചാല്‍, വിദേശ കപ്പലുകള്‍ക്ക് ഹോര്‍മുസ് കടലിടുക്കിലൂടെ സഞ്ചരിക്കാം എന്നാണ് ഇറാന്‍ പ്രതിനിധി അലി മൗസവി പ്രസ്താവനയിലൂടെ അറിയിച്ചത്.

ഹോര്‍മൂസ് തുറന്നില്ലെങ്കില്‍ ഇറാന്റെ ഊര്‍ജ നിലയങ്ങള്‍ ആക്രമിക്കുമെന്നാണ് ട്രംപിന്റെ ഭീഷണി. ‘ഹോര്‍മുസ് കടലിടുക്ക് കപ്പല്‍ ഗതാഗതത്തിനായി തുറന്നുകൊടുക്കണം, അല്ലെങ്കില്‍ ഊര്‍ജ്ജ അടിസ്ഥാന സൗകര്യങ്ങളുടെ നാശത്തെ നേരിടേണ്ടി വരും. 48 മണിക്കൂറിനുള്ളില്‍ ഹോര്‍മുസ് തുറക്കുന്നതില്‍ നടപടി വേണം. അല്ലെങ്കില്‍ അമേരിക്ക ഇറാന്റെവിവിധ ഊര്‍ജ്ജ നിലയങ്ങളെ ആക്രമിച്ച് ഇല്ലാതാക്കും. ഏറ്റവും വലിയ ഒന്നില്‍ നിന്നാകും തുടക്കം!’ എന്നും ട്രൂത്ത് സോഷ്യല്‍ പ്ലാറ്റ്ഫോമില്‍ പങ്കുവച്ച പോസ്റ്റില്‍ ട്രംപ് കുറിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button