അന്തർദേശീയം

ലോകറെക്കോഡ് ലക്ഷ്യമിട്ട സ്വാതന്ത്ര്യദിനാഘോഷ വെടിക്കെട്ട്; വാഷിങ്ടൺ വായുമലിനീകരണത്തിൽ ഒന്നാമത്

വാഷിങ്ടൺ ഡിസി : ട്രംപ് ഭരണകൂടത്തിന്റെ ‘ഫ്രീഡം 250’ ആഘോഷങ്ങളുടെ ഭാഗമായി വാഷിങ്ടണിൽ നടത്തിയ സ്വാതന്ത്ര്യദിന വെടിക്കെട്ട് കനത്ത വായുമലിനീകരണത്തിന് കാരണമായി. ലോകത്തെ ഏറ്റവുംകൂടുതൽ മലിനീകരിക്കപ്പെട്ട പ്രധാന നഗരമായി വാഷിങ്ടൺ താത്കാലികമായി മാറിയെന്ന് ഐ.ക്യു.എയർ (IQAir) ഡേറ്റ വ്യക്തമാക്കുന്നു. ജൂലായ് 4-ന് നടത്തിയ കരിമരുന്ന് പ്രയോഗം 40 മിനിറ്റോളം നീണ്ടു. ഏകദേശം 8,50,000 പടക്കങ്ങൾ പൊട്ടിച്ച് ലോകറെക്കോഡ് സ്ഥാപിക്കുകയായിരുന്നു ഇവന്റ് മാനേജ്‌മെന്റ് കമ്പനിയായ ‘പൈറോടെക്നിക്കോ’ ലക്ഷ്യമിട്ടത്.

ഇടിമിന്നലിനെത്തുടർന്ന് ഒരു മണിക്കൂറിലധികം വൈകി, അർധരാത്രിയോടെയാണ് വെടിക്കെട്ട് ആരംഭിച്ചത്. പ്രാദേശികമായ മറ്റ് പടക്കംപൊട്ടിക്കലുകൾക്ക് പിന്നാലെ ഇതുംകൂടി ആയതോടെ നഗരത്തിലെ മലിനീകരണതോത് കുത്തനെ ഉയരുകയായിരുന്നു. പുക പടർന്നതിനെത്തുടർന്ന് ശ്വാസകോശത്തിലേക്ക് ആഴത്തിൽ ഇറങ്ങിച്ചെല്ലാൻ ശേഷിയുള്ളതും മാരകമായ ആരോഗ്യപ്രശ്‌നങ്ങൾക്ക് കാരണമാകുന്നതുമായ പി.എം 2.5 എന്ന അതിസൂക്ഷ്മ കണികകളുടെ അളവ് അപകടകരമായ നിലയിലെത്തിയെന്നാണ് രേഖപ്പെടുത്തിയത്.

ജൂലായ് 5-ന് പുലർച്ചെ 3-നും 5-നുമിടയിലാണ് വാഷിങ്ടൺ ലോകത്തെ ഏറ്റവും മലിനീകരിക്കപ്പെട്ട നഗരമായി മാറിയത്. എന്നാൽ പിന്നീട് ജക്കാർത്ത, കിൻഷാസ, അഡിസ് അബാബ തുടങ്ങിയ നഗരങ്ങൾക്ക് പിന്നിലായി വാഷിങ്ടണിന്റെ റാങ്ക് താഴേക്ക് പോയി.

2016-ൽ ഫിലിപ്പീൻസിൽ 8,11,000 പടക്കങ്ങൾ പൊട്ടിച്ചതായിരുന്നു നിലവിലെ ലോകറെക്കോഡ്. ഇത് തകർക്കാനാണ് പൈറോടെക്‌നിക്കോ ശ്രമിച്ചതെങ്കിലും, റെക്കോഡ് കൈവരിച്ചോ എന്ന കാര്യം ഗിന്നസ് വേൾഡ് റെക്കോഡ്‌സ് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. ഇതിനായുള്ള അപേക്ഷ ലഭിച്ചിട്ടുണ്ടെന്ന് മാത്രമാണ് ഗിന്നസ് അധികൃതർ വ്യക്തമാക്കിയത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button