അന്തർദേശീയം

ക്യൂബയുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടാനുള്ള അമേരിക്കയുടെ നീക്കത്തെ പ്രതിരോധിക്കും : ക്യൂബൻ പ്രസിഡന്റ്

ഹവാന : ക്യൂബയുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടാനുള്ള അമേരിക്കയുടെ ഏതൊരു നീക്കത്തെയും അചഞ്ചലമായ പ്രതിരോധം കൊണ്ട് നേരിടുമെന്ന് ക്യൂബൻ പ്രസിഡന്റ് മിഗുവൽ ഡിയാസ് കനൽ. ക്യൂബയ്‌ക്കെതിരെ ‘അടിയന്തര നടപടി’ സ്വീകരിക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഭീഷണിപ്പെടുത്തിയതിന് പിന്നാലെയാണ് ഡിയാസ് കനലിന്റെ പ്രതികരണം.

സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്സിലൂടെയാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്. ക്യൂബയിലെ ഭരണഘടനാ സംവിധാനത്തെ ബലം പ്രയോഗിച്ച് അട്ടിമറിക്കുമെന്ന് ട്രംപ് ഭരണകൂടം ദിവസേനയെന്നോണം ഭീഷണിപ്പെടുത്തുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

ആറ് പതിറ്റാണ്ടിലേറെയായി തുടരുന്ന സാമ്പത്തിക ഉപരോധങ്ങളിലൂടെ രാജ്യം നേരിടുന്ന പ്രതിസന്ധികളെ കടന്നുകയറ്റത്തിനുള്ള ഒഴിവുകഴിവായി അമേരിക്ക ഉപയോഗിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ക്യൂബയിൽ തനിക്ക് എന്തുവേണമെങ്കിലും ചെയ്യാമെന്നും ഉടൻ നടപടിയുണ്ടാകുമെന്നുമാണ് ട്രംപ് കഴിഞ്ഞ ദിവസം പറഞ്ഞത്.

ഇന്ധന വിതരണം തടസ്സപ്പെടുത്തിയതോടെ ക്യൂബയിൽ ദിവസങ്ങളായി വൈദ്യുതി ബന്ധം നിലച്ചിരിക്കുകയാണ്. ഈ തകർച്ചയെ ഭരണമാറ്റത്തിനുള്ള ആയുധമാക്കാനാണ് അമേരിക്കയുടെ നീക്കം. മിഗുവൽ ഡിയാസ് കനൽ അധികാരമൊഴിയണമെന്ന നിലപാടിലാണ് ട്രംപും വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോയും.

ക്യൂബയെ ഒറ്റപ്പെടുത്താനുള്ള നീക്കത്തിന്റെ ഭാഗമായി കോസ്റ്റാറിക്ക തങ്ങളുടെ എംബസി അടച്ചുപൂട്ടിയതിനെയും ക്യൂബൻ വിദേശകാര്യ മന്ത്രാലയം വിമർശിച്ചു. ഇത് അമേരിക്കയുടെ സമ്മർദ്ദത്തിന് വഴങ്ങിയുള്ള തീരുമാനമാണെന്ന് ക്യൂബ ആരോപിച്ചു.

എന്നാൽ, വിദേശ ശക്തികളുടെ ഒരു സമ്മർദ്ദത്തിനും തങ്ങളെ കീഴടക്കാനാവില്ലെന്നും ക്യൂബൻ ജനത ഐക്യത്തോടെ പോരാടുമെന്നും ഡിയാസ് കനൽ വ്യക്തമാക്കി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button