അന്തർദേശീയം

ലബനനിൽ ഇസ്രയേൽ ആക്രമണം രൂക്ഷം; കത്തോലിക്കാ പുരോഹിതൻ കൊല്ലപ്പെട്ടു

ബെയ്റൂട്ട് : തെക്ക്-കിഴക്ക് ലബനനിൽ ഹിസ്ബുള്ള കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഇസ്രയേൽ നടത്തുന്ന ആക്രമണം ശക്തമാക്കുന്നു. പ്രശസ്ത തീരദേശ നഗരമായ ടയറിൽ ചൊവ്വാഴ്ച ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ വ്യാപക നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തു. ആക്രമണത്തിന് മുന്നോടിയായി ടയർ, സിദോൻ നഗരങ്ങളിലെ താമസക്കാരോട് 300 മീറ്റർ ദൂരത്തേക്ക് മാറിതാമസിക്കാൻ ഇസ്രയേൽ സൈന്യം മുന്നറിയിപ്പ് നൽകിയിരുന്നു.

തെക്കൻ ലബനനിലെ ക്ലായ ഗ്രാമത്തിൽ ഇസ്രയേൽ നടത്തിയ ടാങ്ക് ആക്രമണത്തിൽ കത്തോലിക്കാ പുരോഹിതനായ ഫാദർ പിയറി അൽ റാഹി കൊല്ലപ്പെട്ടു. പരിക്കേറ്റ ഗ്രാമവാസികളെ സഹായിക്കാൻ എത്തിയപ്പോഴാണ് പുരോഹിതന് നേരെ ആക്രമണമുണ്ടായതെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സമാധാനത്തിന്റെ സന്ദേശവുമായി ഗ്രാമത്തിൽ തന്നെ തുടരുമെന്ന് അദ്ദേഹം കൊല്ലപ്പെടുന്നതിന് തലേദിവസം വ്യക്തമാക്കിയിരുന്നു.

ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയി കൊല്ലപ്പെട്ടതിന് പിന്നാലെയാണ് മേഖലയിൽ സംഘർഷം അതിരൂക്ഷമായത്. ഹിസ്ബുള്ളയുമായി ബന്ധമുള്ള അൽ-ഖർദ് അൽ-ഹസൻ അസോസിയേഷന്റെ 30ഓളം കേന്ദ്രങ്ങൾ കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ തകർത്തതായി ഇസ്രയേൽ അറിയിച്ചു. അതേസമയം, ഹിസ്ബുള്ളയും തിരിച്ചടി ശക്തമാക്കിയിട്ടുണ്ട്. ഇസ്രയേലിലെ സഫാദിന് കിഴക്കുള്ള ഡ്രോൺ നിയന്ത്രണ കേന്ദ്രത്തിന് നേരെ മിസൈൽ ആക്രമണം നടത്തിയതായും തെക്കൻ ലബനനിൽ ഇസ്രയേലിന്റെ മൂന്ന് മെർക്കാവ ടാങ്കുകൾ തകർത്തതായും ഹിസ്ബുള്ള അവകാശപ്പെട്ടു. മധ്യ ഇസ്രയേലിൽ ഹിസ്ബുള്ള നടത്തിയ മിസൈൽ ആക്രമണത്തിൽ 16 പേർക്ക് പരിക്കേറ്റു.

ലബനൻ അതിവേഗം തകർച്ചയിലേക്ക് നീങ്ങുകയാണെന്നും ഇരുപക്ഷവും ഉടൻ വെടിനിർത്തലിലേക്ക് മടങ്ങണമെന്നും യൂറോപ്യൻ യൂണിയൻ വിദേശനയ മേധാവി കാജ കല്ലാസ് ആവശ്യപ്പെട്ടു. ഇസ്രയേലിന്റെ തിരിച്ചടി ലബനനിലെ സാധാരണക്കാരെ കൂട്ടത്തോടെ കുടിയിറക്കുന്നതായും അവർ കുറ്റപ്പെടുത്തി. കഴിഞ്ഞ തിങ്കളാഴ്ച മുതൽ ലബനനിൽ ഇസ്രയേൽ നടത്തിയ ആക്രമണങ്ങളിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 486 കടന്നതായി ലബനൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button