അഗ്ഫാനിസ്ഥാനിൽ വീണ്ടും ബോംബിട്ട് പാകിസ്ഥാൻ

കാബൂൾ : പാകിസ്ഥാനും അഗ്ഫാനിസ്ഥാനും തമ്മിലുള്ള ആക്രമണം രൂക്ഷമായി തുടരുന്നു. കാബൂളിൽ അടക്കം താലിബാന്റെ സുപ്രധാന കേന്ദ്രങ്ങളിൽ പാകിസ്ഥാൻ ബോംബിട്ടു. അതിർത്തിയിലെ പ്രകോപനത്തിനുള്ള തിരിച്ചടിയാണെന്നാണ് പാക് വാദം. ആക്രമണങ്ങൾക്ക് മറുപടിയായി വലിയ തോതിലുള്ള സൈനിക നീക്കം ആരംഭിച്ചതെന്ന് അഫ്ഗാൻ പറഞ്ഞു. മുൻപുണ്ടായ ആക്രമണങ്ങളിൽ കുറഞ്ഞത് 18 പേരെങ്കിലും കൊല്ലപ്പെട്ടതായി അവർ അവകാശപ്പെട്ടു.
പാകിസ്ഥാനില്‍ സമീപകാലത്തുണ്ടായ നിരവധി ചാവേർ ആക്രമണങ്ങളുടെ ഉത്തരവാദിത്തം ടിടിപിയും ഐഎസ്‌ഐഎസുമായി ബന്ധമുള്ള ഐഎസ്‌കെപിയും ഏറ്റെടുത്തിരുന്നു. അഫ്‌ഗാനിസ്ഥാനിൽ നിന്ന് പരിശീലനം ലഭിച്ച ഭീകരരാണ് ആക്രമണം നടത്തിയതെന്നാണ് പാകിസ്ഥാൻ ആരോപിക്കുന്നത്. ഇവര്‍ക്കെതിരെ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ടിട്ടും കാര്യക്ഷമമായി ഇടപ്പെട്ടില്ലെന്നും അതിനാലാണ് തീവ്രവാദ കേന്ദ്രങ്ങൾ ആക്രമിച്ചതെന്നുമാണ് പാകിസ്ഥാൻ പറയുന്നത്.
കഴിഞ്ഞ വർഷം ഒക്‌ടോബറിൽ ഇരു രാജ്യങ്ങളും തമ്മിലുണ്ടായ അതിർത്തി തർക്കത്തിൽ പട്ടാളക്കാരും, ആക്രമികളും, നാട്ടുകാരും ഉൾപ്പെടെ നിരവധി പേർ കൊല്ലപ്പെട്ടിരുന്നു. ഇതിന് ശേഷം ഇരു രാജ്യങ്ങളും തമ്മിൽ സമാധാന ഉടന്പടിയിൽ ഒപ്പുവച്ചിരുന്നു. തുടർന്ന് അതിർത്തിയിൽ കാര്യമായ അനിഷ്‌ട സംഭവങ്ങളുണ്ടായിരുന്നില്ല. പാകിസ്ഥാന്റെ ആക്രമണത്തോടെ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വീണ്ടും സംഘർഷഭരിതമായി.



