ദേശീയം

അനില്‍ അംബാനിയുടെ 3,716 കോടി രൂപ വിലമതിക്കുന്ന വസതി ഇഡി കണ്ടുകെട്ടി

മുംബൈ : റിലയന്‍സ് ഗ്രൂപ്പ് ചെയര്‍മാന്‍ അനില്‍ അംബാനിയുടെ 3,716 കോടി രൂപ വിലമതിക്കുന്ന വസതി കണ്ടുകെട്ടി ഇഡി. മുംബൈയിലെ പാലി ഹില്‍ പരിസരത്തെ ‘അബോഡ്’ എന്ന വീടുള്‍പ്പെടെയാണ് ഇഡി താത്കാലികമായി കണ്ടുകെട്ടിയിരിക്കുന്നത്. റിലയന്‍സ് കമ്യൂണിക്കേഷന്‍സുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസിലാണ് നടപടി.

473.17 കോടി രൂപ വിലമതിക്കുന്ന, സ്വത്തിന്റെ ഒരു ഭാഗം കഴിഞ്ഞ വര്‍ഷം നവംബറില്‍ ഇഡി കണ്ടുകെട്ടിയിരുന്നു. അനില്‍ അംബാനിയുടെ മുംബൈയിലെ വസതിയായ ‘അബോഡ്’ 17 നിലകളുള്ള 66 മീറ്റര്‍ ഉയരമുള്ള കെട്ടിടമാണ്. 3,716 കോടി രൂപയാണ് ഈ കെട്ടിടത്തിന്റെ വിലയായി കണക്കാക്കിയിരിക്കുന്നത്. ആഡംബര സൗകര്യങ്ങള്‍ക്ക് പുറമേ ഹെലിപാഡ്, സ്വിമ്മിങ് പൂള്‍, ജിം, വലിയ പാര്‍ക്കിങ് ഏരിയയും ഇതിലുണ്ട്. അനില്‍ അംബാനിക്കും അദ്ദേഹത്തിന്റെ ഗ്രൂപ്പ് കമ്പനികള്‍ക്കുമെതിരെ ഇതുവരെ 15,000 കോടി രൂപയിലധികം മൂല്യമുള്ള സ്വത്തുക്കള്‍ കണ്ടുകെട്ടിയിട്ടുണ്ട്. പ്രത്യേക അന്വേഷണസംഘം രൂപീകരിക്കാന്‍ സുപ്രീം കോടതി നിര്‍ദേശിച്ചതിനെ തുടര്‍ന്നാണ് നടപടി.

ആര്‍കോമും അതിന്റെ അനുബന്ധ സ്ഥാപനങ്ങളും 2010 നും 2012 നും ഇടയില്‍ ഇന്ത്യയിലും വിദേശത്തുമുള്ള ബാങ്കുകളില്‍ നിന്ന് 40,000 കോടിയിലധികം രൂപ വായ്പയെടുത്തിരുന്നു. ഈ ഫണ്ട് വകമാറ്റിയതിനാണ് കേസ്. കഴിഞ്ഞ വര്‍ഷമാണ് ഇഡി കേസന്വേഷണത്തിന് തുടക്കമിട്ടത്. അനില്‍ അംബാനിക്കും റിലയന്‍സ് കമ്യൂണിക്കേഷന്‍സിനുമെതിരെ തട്ടിപ്പ്, ഗൂഢാലോചന, അഴിമതി എന്നീ കുറ്റങ്ങള്‍ ചുമത്തി കേസെടുത്തിരുന്നു.

ബാങ്ക് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ ആരെങ്കിലും തട്ടിപ്പില്‍ പങ്കാളികളായിരുന്നോയെന്ന് കണ്ടെത്താനും കോടതി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ചോദ്യം ചെയ്യലിനായി അനില്‍ അംബാനിയെ ഇഡി വിളിപ്പിച്ചിട്ടുണ്ട്. ഇത് രണ്ടാം തവണയാണ് അംബാനിയെ കേസില്‍ ഇഡി ചോദ്യം ചെയ്യുന്നത്. 2025 ഓഗസ്റ്റിലാണ് ആദ്യമായി മൊഴി നല്‍കിയത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button