മൈഗ്രേഷൻ ഏജൻസിയുടെ പീഡനം : സ്വീഡനിലെ ഇന്ത്യൻ സംരംഭകൻ സ്റ്റാർട്ടപ്പ് വിറ്റ് രാജ്യം വിടുന്നു

സ്റ്റോക്ക്ഹോം : യൂറോപ്യൻ രാജ്യമായ സ്വീഡനിലെ കുടിയേറ്റ സംവിധാനങ്ങളുടെ വംശീയമായ സമീപനത്തിലും കെടുകാര്യസ്ഥതയിലും മനംമടുത്ത് തന്റെ സ്വപ്ന പദ്ധതിയായിരുന്ന സ്റ്റാർട്ടപ്പ് വിറ്റ് രാജ്യം വിടാനൊരുങ്ങി ഇന്ത്യൻ സംരംഭകൻ. ഹൈഡ്രോ സ്പേസ് സ്വീഡൻ എബി എന്ന കമ്പനിയുടെ സ്ഥാപകനും സിഇഒയുമായ അഭിജിത്ത് നാഗ് ബാലസുബ്രഹ്മണ്യയാണ് സ്വീഡൻ വിട്ട് ഇന്ത്യയിലേക്ക് മടങ്ങുന്നത്. തന്റെ ലിങ്ക്ഡ്ഇൻ കുറിപ്പിലൂടെയാണ് അദ്ദേഹം ഈ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തൽ നടത്തിയത്.
തിണ്ണമിടുക്കും വംശീയതയും നിറഞ്ഞ ഒരു സംവിധാനത്തിന് മുന്നിൽ തോറ്റുകൊടുക്കേണ്ടി വന്നതിന്റെ വേദന അദ്ദേഹം തന്റെ കുറിപ്പിൽ പങ്കുവെക്കുന്നു. “ഇന്ന് ഞാൻ ഔദ്യോഗികമായി ഹൈഡ്രോ സ്പേസ് സ്വീഡൻ എബിയുടെ സ്ഥാപകൻ, സിഇഒ സ്ഥാനങ്ങളിൽ നിന്നും പടിയിറങ്ങുകയാണ്. ഈ മാസം അവസാനത്തോടെ രാജ്യം വിടാൻ നിർബന്ധിതനായതിനാൽ ഞാൻ എന്റെ കമ്പനി വിറ്റിരിക്കുന്നു,” ബാലസുബ്രഹ്മണ്യ കുറിച്ചു. ഇത് തന്റെ സ്വന്തം ഇഷ്ടപ്രകാരമുള്ള ഒരു പടിയിറക്കമല്ലെന്നും മറിച്ച്, “അപ്രാപ്തവും ശത്രുതാപരമായ സമീപനം പുലർത്തുന്നതുമായ ഒരു ഭരണകൂട സംവിധാനത്തിന്റെ കുടിയിറക്കലാണെന്നും” അദ്ദേഹം കൂട്ടിച്ചേർത്തു.
സ്വീഡൻ ഒരു സ്റ്റാർട്ടപ്പ് സൗഹൃദ രാജ്യമാണെന്നത് വെറുമൊരു “പുറംമോടി” മാത്രമാണെന്നാണ് അദ്ദേഹത്തിന്റെ അനുഭവം. സ്വീഡിഷ് മൈഗ്രേഷൻ ഏജൻസിയിലെ ഉദ്യോഗസ്ഥർക്ക് ബിസിനസ് കാര്യങ്ങളിൽ പ്രാഥമിക അറിവ് പോലുമില്ലെന്നും, അവർ ആവർത്തിച്ച് വിസ നിരസിക്കാനുള്ള കാരണങ്ങൾ മാറ്റിക്കൊണ്ടിരുന്നുവെന്നും അദ്ദേഹം ആരോപിക്കുന്നു. ഈ സംവിധാനത്തോട് നിയമയുദ്ധം നടത്താൻ തനിക്ക് താല്പര്യമില്ലെന്ന് വ്യക്തമാക്കിയ അദ്ദേഹം ഇങ്ങനെ കുറിച്ചു: “അടിസ്ഥാനപരമായി തകർന്നതും വംശീയത നിറഞ്ഞതുമായ ഒരു സംവിധാനത്തോട് എന്റെ മൂലധനം ഉപയോഗിച്ച് പോരാടാൻ എനിക്ക് ഊർജ്ജമോ ആഗ്രഹമോ ഇല്ല.”
തന്റെ ഉപജീവനമാർഗ്ഗം തകർത്ത ഉദ്യോഗസ്ഥരോടുള്ള പ്രതികരണവും കുറിപ്പിലുണ്ട്. “എന്റെ ഉപജീവനമാർഗ്ഗം തകർത്തതിൽ അഭിമാനം കൊള്ളുന്ന അഹങ്കാരിയും അപ്രാപ്തനുമായ ആ കേസ് ഓഫീസറോട്: നിങ്ങൾ എന്നെ മാത്രമല്ല പരാജയപ്പെടുത്തിയത്; സ്വീഡന്റെ ഭക്ഷ്യസുരക്ഷയുടെ ഭാവി കൂടിയാണ്,” എന്ന് അദ്ദേഹം പറഞ്ഞു. മൈഗ്രേഷൻ ഏജൻസിയുടെ പീഡനങ്ങൾ തന്റെ മാനസികാരോഗ്യത്തെ തകർത്തുവെന്നും ഇതിൽ നിന്നും മോചിതനാകാനാണ് ഇന്ത്യയിലേക്ക് മടങ്ങുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ബാലസുബ്രഹ്മണ്യയുടെ പോസ്റ്റ് വൈറലായതോടെ സമാനമായ അനുഭവങ്ങൾ നേരിട്ട നിരവധി പ്രവാസികൾ അദ്ദേഹത്തിന് പിന്തുണയുമായി രംഗത്തെത്തിയിട്ടുണ്ട്.



