ഒറാക്കിളിൽ കൂട്ടപ്പിരിച്ചുവിടൽ; 10 ശതമാനം ജീവനക്കാരെ പിരിച്ചുവിട്ടാൻ ആലോചിക്കുന്നതായി കമ്പനി

വാഷിങ്ടൺ ഡിസി : അമേരിക്കൻ ബഹുരാഷ്ട്ര കമ്പനിയായ ഒറാക്കിളിൽ കൂട്ടപ്പിരിച്ചുവിടലെന്ന് റിപ്പോർട്ട്. 20000 മുതൽ 30000 പേർക്ക് ജോലി നഷ്ടമാകുമെന്നാണ് സൂചന. കമ്പനിയിലെ ഏകദേശം 10 ശതമാനം ജീവനക്കാരെ പിരിച്ചുവിട്ട് എണ്ണം കുറയ്ക്കുന്നതിനുള്ള പദ്ധതികൾ കമ്പനി ആലോചിക്കുന്നതായി നിക്ഷേപക ബാങ്ക് ടിഡി കോവനെ ഉദ്ധരിച്ച് സിഐഒ റിപ്പോർട്ട് ചെയ്തു.
എഐ ഡാറ്റാ സെന്ററുകൾ വിപുലീകരിക്കുന്നതിനാവശ്യമായ പണം കണ്ടെത്തുന്നതിനായാണ് കൂട്ടപ്പിരിച്ചുവിടൽ എന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്. 2022ൽ 28.3 ബില്യൺ ഡോളറിന് സ്വന്തമാക്കിയ ഹെൽത്ത് കെയർ യൂണിറ്റ് സെന്ററിന്റെ ബിസിനസുകൾ ഉൾപ്പെടെ വിൽക്കാനും കമ്പനി പദ്ധതിയിടുന്നുണ്ട്. എന്നാൽ ഒറാക്കിൾ ഇവ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
ഏറ്റെടുത്തിരിക്കുന്ന ഐഐ പദ്ധതികൾ പൂർത്തിയാക്കാൻ ചെലവേറും എന്നതാണ് കമ്പനി നേരിടുന്ന പ്രധാന പ്രശ്നം. സാം ആൾട്ട്മാന്റെ ഓപ്പൺഎഐ ഉൾപ്പെടെയുള്ള പ്രധാന ക്ലയന്റുകൾക്കായി ഡാറ്റാ സെന്ററുകൾ നിർമ്മിക്കുന്ന പദ്ധതികൾ ഒറിക്കിൾ ഏറ്റെടുത്ത് നടത്തിവരുന്നു. ഒറാക്കിളിന്റെ ഡാറ്റാ സെന്റർ വിപുലീകരണത്തിന് ഏകദേശം 156 ബില്യൺ ഡോളർ മൂലധനച്ചെലവ് ആവശ്യമായി വരുമെന്നാണ് ടിഡി കോവന്റെ കണക്ക്. ഇത് കണ്ടെത്തുന്നതിനായി ആഭ്യന്തര ചെലവുകൾ കുറയ്ക്കാൻ ജീവനക്കാരെ പിരിച്ചുവിടാനാണ് കമ്പനി പദ്ധതിയിടുന്നത്.



