അന്തർദേശീയം

പാക്കിസ്ഥാനിൽ ബിഎൽഎ ആക്രമണം; 80 പേരെ വധിച്ചു,18പേരെ തടവിലാക്കി

ക്വെറ്റ : ‘ഓപ്പറേഷന്‍ ഹെറോഫിലൂടെ’ സൈനികരും പൊലീസുകാരും ഉൾപ്പെടെ 80 പാക്കിസ്ഥാൻകാരെ വധിച്ചതായി ബലൂചിസ്ഥാൻ ലിബറേഷൻ ആർമി (ബിഎൽഎ) അവകാശപ്പെട്ടു. 18പേരെ തടവിലാക്കി. പാക്കിസ്ഥാനിലെ വിവിധ നഗരങ്ങളിലെ സൈനിക കേന്ദ്രങ്ങൾക്കും സർക്കാർ സ്ഥാപനങ്ങൾക്കും നേരെയാണ് ആക്രമണം നടത്തിയതെന്നു ബിഎൽഎ പ്രസ്താവനയിൽ വ്യക്തമാക്കി. ഇതിനെ സാധൂകരിക്കുന്ന വിഡിയോകളും പുറത്തുവിട്ടു.

ബലൂചിസ്ഥാൻ പ്രവിശ്യയുടെ തലസ്ഥാനമായ ക്വെറ്റയ്ക്ക് പുറമെ പാസ്നി, മസ്തൂങ്, നുഷ്കി, ഗ്വാദർ എന്നിവിടങ്ങളിലാണ് ഏറ്റുമുട്ടൽ നടന്നത്. ഓഫിസുകൾ, ബാങ്കുകൾ, ജയിലുകൾ എന്നിവയുൾപ്പെടെ മുപ്പതിലധികം സർക്കാർ സ്വത്തുക്കൾ പിടിച്ചെടുക്കുകയോ നശിപ്പിക്കുകയോ ചെയ്തതായും ഇരുപതിലധികം വാഹനങ്ങൾക്ക് തീയിട്ടതായും ബിഎൽഎ അവകാശപ്പെട്ടു. 7 ബിഎൽഎ സായുധ സേനാംഗങ്ങൾ കൊല്ലപ്പെട്ടു. ഏറ്റുമുട്ടലുകൾക്കിടെ ചില പോസ്റ്റുകളുടെ നിയന്ത്രണം ഏറ്റെടുത്തതായും ബിഎൽഎ അവകാശപ്പെട്ടു.

അതേസമയം, ബലൂചിസ്ഥാൻ പ്രവിശ്യയിലെ വിവിധ നഗരങ്ങളിൽ സൈന്യം നടത്തിയ നീക്കത്തിൽ 67 ഭീകരവാദികളെ വധിച്ചതായി പാക്ക് അധികൃതർ പറഞ്ഞു. ഭീകരവാദി ആക്രമണങ്ങളിൽ 11 സിവിലിയൻമാരും 10 സൈനികരും കൊല്ലപ്പെട്ടതായാണ് പാക്ക് സൈന്യം പറയുന്നത്. മേഖലയിൽ സംഘർഷാവസ്ഥ തുടരുകയാണ്. ധാതുസമ്പന്നമായ ബലൂചിസ്ഥാനിൽ ദശാബ്ദങ്ങളായി തുടരുന്ന വിഘടനവാദി പ്രക്ഷോഭങ്ങളുടെ തുടർച്ചയായാണ് ആക്രമണങ്ങൾ. ബലൂചിസ്ഥാനെ പാക്കിസ്ഥാനിൽനിന്ന് സ്വതന്ത്രമാക്കണം എന്നു വാദിക്കുന്ന സംഘടനയാണ് ബിഎൽഎ.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button