കാനഡ- യുഎസ് ബന്ധം വഷളാകുന്നു; ‘ഗാസ ബോര്‍ഡ് ഓഫ് പീസ്’ സമിതിയിൽ നിന്ന് മാര്‍ക്ക് കാര്‍ണിയെ ഒഴിവാക്കി ട്രംപ്

വാഷിംങ്ടൺ ഡിസി : ഗാസയിലെ സമാധാന ചര്‍ച്ചകള്‍ക്കായി രൂപീകരിച്ച ‘ഗാസ ബോര്‍ഡ് ഓഫ് പീസ്’ സമിതിയിലേക്ക് കനേഡിയന്‍ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണിയെ ക്ഷണിച്ച തീരുമാനം അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പിന്‍വലിച്ചു. ട്രംപ് ഭരണകൂടവും കാനഡയും തമ്മിലുള്ള നയതന്ത്ര ബന്ധം കൂടുതല്‍ വഷളാകുന്നതിന്റെ സൂചനയായാണ് ഈ നീക്കം വിലയിരുത്തപ്പെടുന്നത്.
ഗാസയിലെ സംഘര്‍ഷങ്ങള്‍ പരിഹരിക്കുന്നതിനായി അമേരിക്കയുടെ നേതൃത്വത്തില്‍ രൂപീകരിച്ച അന്താരാഷ്ട്ര സമിതിയിലേക്ക് കാനഡയെ ആദ്യം ക്ഷണിച്ചിരുന്നു. എന്നാല്‍ കനേഡിയന്‍ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണിയുടെ ചില നിലപാടുകളോടുള്ള വിയോജിപ്പിനെത്തുടര്‍ന്ന് ട്രംപ് ഈ ക്ഷണം ഔദ്യോഗികമായി പിന്‍വലിക്കുകയായിരുന്നു.
ഇസ്രയേൽ-പലസ്തീന് വിഷയത്തില്‍ കാനഡ സ്വീകരിക്കുന്ന നിലപാടുകള്‍ അമേരിക്കയുടെ നയങ്ങളുമായി പൊരുത്തപ്പെടുന്നില്ലെന്നാണ് വൈറ്റ് ഹൗസ് നല്കുന്ന സൂചന. ഗാസ പുനര്‍നിര്‍മ്മാണത്തിലും സമാധാന ശ്രമങ്ങളിലും ട്രംപ് ഭരണകൂടം കൂടുതല്‍ കര്‍ക്കശമായ നിലപാടുകള്‍ സ്വീകരിക്കുമ്പോൾ, കാനഡ വ്യത്യസ്തമായ പാതയിലാണ് സഞ്ചരിക്കുന്നത്.
അമേരിക്കയുടെ താത്പര്യങ്ങള്‍ സംരക്ഷിക്കുന്ന രാജ്യങ്ങള്‍ക്കും നേതാക്കള്‍ക്കും മാത്രമേ ഈ നിര്‍ണായക സമിതിയില്‍ സ്ഥാനമുണ്ടാകൂ എന്ന് ട്രംപ് വ്യക്തമാക്കി. കാനഡയുടെ പങ്കാളിത്തം സമാധാന ശ്രമങ്ങളെ സഹായിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.



