യുഎസ് ആയുധ ക്ഷാമം : വിവരം ചോർത്തുന്നവരെ ജയിലിലടയ്ക്കുമെന്ന് ട്രംപ്

വാഷിങ്ടൺ ഡിസി : യുഎസ് ആയുധ ക്ഷാമം നേരിടുന്നു എന്ന റിപ്പോർട്ടുകൾ പ്രസിഡന്റ് ഡോണാൾഡ് ട്രംപ് നിഷേധിച്ചു. വിവരങ്ങൾ ചോർത്തിയവർക്ക് ‘നീണ്ടകാല ജയിൽ ശിക്ഷ’ നൽകുമെന്നും അദ്ദേഹം ട്രൂത്ത് സോഷ്യലിലൂടെ മുന്നറിയിപ്പ് നൽകി. ‘യുഎസിന് വലിയ അളവിൽ ആയുധശേഖരം ഉണ്ട്, പ്രത്യേകിച്ച് ചില ഇനങ്ങളിൽ, കൂടാതെ, ആവശ്യാനുസരണം വലിയ അളവിൽ നിർമ്മിക്കുകയും വിതരണം ചെയ്യുന്നുമുണ്ട്’ ട്രംപ് പറഞ്ഞു.
പ്രധാന വ്യോമപ്രതിരോധ മിസൈലുകളെ അടക്കം കുറവ് നേരിടുന്നതിനാലാണ് യുഎസ് ഇറാനുമായുള്ള സംഘർഷം തത്കാലത്തേക്ക് നിർത്തിവെച്ചിരിക്കുന്നതെന്ന റിപ്പോർട്ടുകൾ കഴിഞ്ഞ ദിവസങ്ങളിൽ വന്നിരുന്നു. ആയുധക്ഷാമം നേരിടുന്ന സാഹചര്യത്തിൽ ട്രംപിന് യുഎസ് കമാൻഡർമാർ മുന്നറിയിപ്പ് നൽകിയെന്നും ഉദ്യോഗസ്ഥ വൃത്തങ്ങളെ ഉദ്ധരിച്ച് ചില അമേരിക്കൻ മാധ്യമങ്ങളാണ് റിപ്പോർട്ട് ചെയ്തിരുന്നത്.
ആയുധക്ഷാമത്തെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവിടുന്നവരെ ‘വേട്ടയാടുമെന്നും’ അവർക്ക് ദീർഘകാല ജയിൽ ശിക്ഷ ഉറപ്പാക്കുമെന്നും ട്രംപ് തന്റെ ട്രൂത്ത് സോഷ്യൽ പോസ്റ്റിലൂടെ പിന്നാലെ അറിയിച്ചു. ഇത്തരം വെളിപ്പെടുത്തലുകൾ രാജ്യദ്രോഹപരമാണെന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്.
യുഎസിന്റെ പ്രധാന മിസൈൽ പ്രതിരോധ സംവിധാനത്തിന്റെ ഇന്റർസെപ്റ്ററുകളിൽ ഏകദേശം 80% തീർന്നുപോയെന്നും യുഎസ് ഉദ്യോഗസ്ഥ വൃത്തങ്ങളെ ഉദ്ധരിച്ച് സിഎൻഎൻ റിപ്പോർട്ട് ചെയ്തിരുന്നു.
യുദ്ധം ആരംഭിക്കുന്നതിന് മുമ്പുള്ള കണക്കുകൾ താരതമ്യം ചെയ്യുമ്പോൾ അമേരിക്കയുടെ പക്കൽ ഉണ്ടായിരുന്ന ‘താഡ്’ മിസൈൽ പ്രതിരോധ സംവിധാനത്തിൽ ഏകദേശം 80 ശതമാനവും ഉപയോഗിച്ചു കഴിഞ്ഞു. കൂടാതെ, ‘പാട്രിയറ്റ് ഇന്റർസെപ്റ്ററു’കളിൽ പകുതിയിലധികവും യുദ്ധത്തിന് ശേഷം ഉപയോഗിച്ചുകഴിഞ്ഞു. താഡ് വ്യോമപ്രതിരോധ സംവിധാന ശേഖരത്തിൽ ഇത്ര വലിയ കുറവുണ്ടായത് ഇതാദ്യമായാണ് റിപ്പോർട്ട് ചെയ്യപ്പെടുന്നത്. സംഘർഷം വീണ്ടും രൂക്ഷമായാൽ ഇറാനിൽനിന്നുള്ള തിരിച്ചടി പ്രതിരോധിക്കാനുള്ള വ്യോമ പ്രതിരോധ സംവിധാനങ്ങളുടെ കുറവ് എങ്ങനെ ബാധിക്കുമെന്നതിനെക്കുറിച്ച് ഗൾഫ് സഖ്യകക്ഷികളിലും ആശങ്ക ഉയർന്നതായിട്ടായിരുന്നു റിപ്പോർട്ട്.
ഇതിന് പിന്നാലെയാണ് തങ്ങളുടെ ആയുധശേഖരത്തിൽ കുറവില്ലെന്ന് പറഞ്ഞ് ട്രംപ് രംഗത്തെത്തിയിട്ടുണ്ട്. അതേസമയം തന്നെ ആയുധങ്ങളും മറ്റും വാങ്ങുന്നതിനായി ട്രംപ് അമേരിക്കൻ സെനറ്റിനോട് 87 ബില്യൺ ഡോളർ അടിയന്തര ഫണ്ട് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.



