യുഎസിലെ ഒക്‌ലഹോമ സിറ്റിയിൽ പാർട്ടിക്കിടെ വെടിവെപ്പ്; 12 പേർക്ക് പരിക്ക്

ഒക്‌ലഹോമ സിറ്റി : അമേരിക്കയിലെ ഒക്‌ലഹോമ സിറ്റിക്ക് സമീപം ലേക്ക് സൈഡ് പാർട്ടിക്കിടെയുണ്ടായ വെടിവെപ്പിൽ പന്ത്രണ്ടിലധികം പേർക്ക് പരിക്കേറ്റു. ഞായറാഴ്ച രാത്രി ഒൻപത് മണിയോടെ എഡ്മണ്ട് നഗരത്തിലെ അർക്കാഡിയ തടാകത്തിന് സമീപമുള്ള ക്യാമ്പ് ഗ്രൗണ്ടിലാണ് സംഭവം. പരിക്കേറ്റവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.
യുവാക്കളുടെ പാർട്ടിക്കിടെയാണ് വെടിവെപ്പുണ്ടായതെന്ന് എഡ്മണ്ട് പൊലീസ് വക്താവ് എമിലി വാർഡ് അറിയിച്ചു. മുഖംമൂടി ധരിച്ചെത്തിയ രണ്ട് പേരാണ് വെടിയുതിർത്തതെന്നാണ് പ്രാഥമിക വിവരം. സംഭവത്തിൽ ഇതുവരെ ആരെയും കസ്റ്റഡിയിലെടുത്തിട്ടില്ല. പൊതുജനങ്ങൾക്ക് നിലവിൽ മറ്റ് ഭീഷണികളില്ലെന്ന് പൊലീസ് വ്യക്തമാക്കി.
തടാകത്തിന് സമീപം നടന്ന ‘സൺഡേ ഫൺഡേ’ എന്ന പരിപാടിക്കിടെയാണ് അക്രമം നടന്നത്. പരിക്കേറ്റവരിൽ ഒൻപത് പേരെ ഒക്‌ലഹോമ സിറ്റിയിലെ ഇൻ്റഗ്രിസ് ഹെൽത്ത് ബാപ്റ്റിസ്റ്റ് മെഡിക്കൽ സെൻ്ററിലും മൂന്ന് പേരെ ഇൻ്റഗ്രിസ് ഹെൽത്ത് എഡ്മണ്ട് ഹോസ്പിറ്റലിലും പ്രവേശിപ്പിച്ചു. ഇവരിൽ പലരുടെയും നില സംബന്ധിച്ച കൂടുതൽ വിവരങ്ങൾ അധികൃതർ പുറത്തുവിട്ടിട്ടില്ല. സ്വന്തം നിലയിൽ ആശുപത്രികളിൽ എത്തിയവരും പരിക്കേറ്റവരിൽ ഉൾപ്പെടുന്നുണ്ട്.
എഡ്മണ്ട് പൊലീസ് ഡിപ്പാർട്ട്‌മെൻ്റിൻ്റെ നേതൃത്വത്തിൽ അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. ഒക്‌ലഹോമ സിറ്റി പൊലീസ്, ഹൈവേ പട്രോൾ, എഡ്മണ്ട് ഫയർ ഡിപ്പാർട്ട്‌മെൻ്റ് എന്നിവർ സംഭവസ്ഥലത്തെത്തി രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. പ്രതികളെ കണ്ടെത്താനായി സാക്ഷികളിൽ നിന്നും പരിക്കേറ്റവരിൽ നിന്നും പൊലീസ് മൊഴി രേഖപ്പെടുത്തി വരികയാണ്.
ഗൺ വയലൻസ് ആർക്കൈവിൻ്റെ കണക്കുകൾ പ്രകാരം ഈ വർഷം അമേരിക്കയിൽ റിപ്പോർട്ട് ചെയ്യപ്പെടുന്ന 131-ാമത്തെ മാസ് ഷൂട്ടിംഗാണിത്. പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രമായ അർക്കാഡിയ തടാകത്തിന് സമീപമുണ്ടായ ഈ അക്രമം പ്രദേശവാസികളെ വലിയ പരിഭ്രാന്തിയിലാഴ്ത്തിയിട്ടുണ്ട്.



