അന്തർദേശീയം

നേപ്പാളിൽ വിവാഹസംഘം സഞ്ചരിച്ച ബസ് മറിഞ്ഞ് അപകടം; 13 മരണം

കാഠ്മണ്ഡു : നേപ്പാളിൽ വിവാഹസംഘം സഞ്ചരിച്ചിരുന്ന ബസ് അപകടത്തിൽപ്പെട്ട് 13 പേർ മരിച്ചു. 40 പേർക്ക് പരിക്കേറ്റു. മരിച്ചവരിൽ ഒരു സ്ത്രീയും ഉൾപ്പെടുന്നു. നേപ്പാളിലെ സുദൂർപാഷ്ചിം പ്രവിശ്യയിൽ വ്യാഴാഴ്ചയാണ് അപകടമുണ്ടായത്. എട്ട് പേർ സംഭവസ്ഥലത്ത് വെച്ചുതന്നെ മരിച്ചു. അഞ്ച് പേർ ദാദൽദുര ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചതെന്ന് പൊലീസിനെ ഉദ്ധരിച്ച് കാഠ്മണ്ഡു പോസ്റ്റ് റിപ്പോർട്ട് ചെയ്തു. വ്യാഴാഴ്ച രാത്രി എട്ടോടെയായിരുന്നു അപകടം.

ബൈതാഡി ജില്ലയിലെ പുർചൗഡി മുനിസിപ്പാലിറ്റി പ്രദേശത്ത് നിന്നുള്ള വിവാഹസംഘം സഞ്ചരിച്ച ബസ് കുന്നിൻ പ്രദേശത്തുനിന്ന് 200 മീറ്റർ താഴ്ചയിലേക്ക് മറിഞ്ഞാണ് അപകടമുണ്ടായതെന്ന് പൊലീസ് പറഞ്ഞു. പരിക്കേറ്റ യാത്രക്കാർ സമീപത്തുള്ള വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. ബസിനുള്ളിൽ നിരവധി ആളുകളുണ്ടായിരുന്നു. കുന്നിൻ മുകളിലേക്ക് കയറുന്നതിനിടെ പ്രഷർ പൈപ്പ് പൊട്ടിയതിനെ തുടർന്നാണ് അപകടം സംഭവിച്ചതെന്ന് കാഠ്മണ്ഡു പോസ്റ്റ് റിപ്പോർട്ട് ചെയ്തു. പ്രദേശവാസികളും നേപ്പാൾ പൊലീസും സായുധ പൊലീസ് സേനയും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. പരിക്കേറ്റവരിൽ പലരുടെയും നില ഗുരുതരമായി തുടരുന്നെന്നും മരണസംഖ്യ ഇനിയും ഉയരുമെന്ന് കരുതുന്നതായും അധികൃതർ പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button