ഇറ്റലിയിലെ ഉഷ്ണതരംഗങ്ങളും വരൾച്ചയും മാൾട്ടയിലെ പണപ്പെരുപ്പത്തിന് കാരണമാകുന്നു; പുതിയ പഠനം

ഇറ്റലിയിലെ ഉഷ്ണതരംഗങ്ങളും വരൾച്ചയും മാൾട്ടയിലെ പണപ്പെരുപ്പത്തിന് കാരണമാകുന്നെന്ന് പുതിയ പഠനം. മാൾട്ടയിലെ കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചുള്ള ചർച്ചകൾ പലപ്പോഴും വർദ്ധിച്ചുവരുന്ന താപനിലയിൽ മാത്രമാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. എന്നാൽ, മാൾട്ട നേരിടുന്ന ഏറ്റവും വലിയ സാമ്പത്തിക ഭീഷണികൾ ഇറ്റലിയിൽ നിന്നാണ് വരുന്നതെന്ന് സെൻട്രൽ ബാങ്ക് ഓഫ് മാൾട്ടയുടെ പുതിയ പഠനം വ്യക്തമാക്കുന്നു.
മാൾട്ടയുടെ പ്രധാന വ്യാപാര പങ്കാളിയാണ് ഇറ്റലി. ഇരുരാജ്യങ്ങളും തമ്മിലുള്ള ആഴത്തിലുള്ള സാമ്പത്തിക ബന്ധം ഒരു ‘കാലാവസ്ഥാ പാലം’ (Climate Bridge) പോലെ പ്രവർത്തിക്കുന്നുവെന്ന് സീനിയർ റിസർച്ച് ഇക്കണോമിസ്റ്റ് തിയോഡോസിയോസ് ഡ്രോസിഡിസ് ചൂണ്ടിക്കാട്ടുന്നു. ഇറ്റലിയിലുണ്ടാകുന്ന ഉഷ്ണതരംഗങ്ങളും വരൾച്ചയും മറ്റ് കാലാവസ്ഥാ പ്രതിസന്ധികളും ഈ പാലത്തിലൂടെ മാൾട്ടയുടെ വിലനിലവാരത്തെയും ഉൽപ്പാദനത്തെയും ഊർജ്ജ മേഖലയെയും ബാധിക്കുന്നു.
പ്രധാന കണ്ടെത്തലുകൾ :
* ഭക്ഷ്യ ഇറക്കുമതിയിലെ ആശ്രയത്വം : മാൾട്ടയുടെ മൊത്തം ഭക്ഷ്യ ഇറക്കുമതിയുടെ 41% മുതൽ 56% വരെയും, കാർഷിക ഉൽപ്പന്നങ്ങളുടെ 60% വരെയും വരുന്നത് ഇറ്റലിയിൽ നിന്നാണ്. അതിനാൽ ഇറ്റലിയിലെ കൃഷിനാശം മാൾട്ടയിലെ ഭക്ഷണവിലയെ പെട്ടെന്ന് ബാധിക്കുന്നു.
* പണപ്പെരുപ്പം : ഇറ്റലിയിലെ വേനൽക്കാലത്തെ അമിത താപനില മാൾട്ടയിലെ പണപ്പെരുപ്പത്തിന് പ്രധാന കാരണമാകുന്നു. ഇറ്റലിയിൽ ഉൽപ്പാദനച്ചെലവ് കൂടുമ്പോൾ അത് മാൾട്ടയിലേക്കുള്ള ഇറക്കുമതി വിലയിലും പ്രതിഫലിക്കുന്നു. ഹോട്ടലുകൾ, ടൂറിസം മേഖല എന്നിവിടങ്ങളിൽ ഇത് പണപ്പെരുപ്പത്തെ കൂടുതൽ രൂക്ഷമാക്കുന്നു.
* ഊർജ്ജ പ്രതിസന്ധി : മാൾട്ടയുടെ വൈദ്യുതി, ഗ്യാസ് വിതരണം പ്രധാനമായും ഇറ്റലിയുമായി ബന്ധിപ്പിച്ചിരിക്കുന്ന ‘മാൾട്ട-സിസിലി ഇന്റർകണക്ടർ’ വഴിയാണ്. ഇറ്റലിയിലെ ഊർജ്ജ ഉൽപ്പാദനത്തിലുണ്ടാകുന്ന ചാഞ്ചാട്ടം മാൾട്ടയെയും ബാധിക്കുന്നു. എന്നാൽ, സർക്കാർ സബ്സിഡികൾ വഴി ഈ വിലക്കയറ്റത്തിൽ നിന്ന് ഉപഭോക്താക്കളെ ഒരു പരിധിവരെ സംരക്ഷിക്കാൻ മാൾട്ടയ്ക്ക് കഴിയുന്നുണ്ട്.
* ഉൽപ്പാദനത്തെ ബാധിക്കുന്നു : ഇറ്റലിയിലെ ശൈത്യകാലത്തെ താപനിലയിലുണ്ടാകുന്ന വ്യതിയാനം മാൾട്ടയിലെ ഭക്ഷ്യ ഉൽപ്പാദന മേഖലയെയും ദോഷകരമായി ബാധിക്കുന്നു.
നയരൂപകർത്താക്കൾക്കുള്ള മുന്നറിയിപ്പ്
മാൾട്ടയുടെ സാമ്പത്തിക സുസ്ഥിരത ഉറപ്പാക്കാൻ തദ്ദേശീയമായ കാലാവസ്ഥാ നിരീക്ഷണം മാത്രം പോരാ എന്ന് പഠനം വ്യക്തമാക്കുന്നു. മാൾട്ടയുടെ പ്രധാന വിതരണക്കാരായ ഇറ്റലിയുടെ കാലാവസ്ഥാ സാഹചര്യങ്ങളെക്കൂടി നിരീക്ഷിക്കേണ്ടത് അനിവാര്യമാണ്. ഇറ്റലിയിലുണ്ടാകുന്ന ഓരോ ചെറിയ കാലാവസ്ഥാ മാറ്റവും മാൾട്ടയുടെ വിപണിയെയും സാമ്പത്തിക സ്ഥിതിയെയും നേരിട്ട് ബാധിക്കുമെന്നതാണ് ഈ പഠനം നൽകുന്ന പ്രധാന സന്ദേശം.



