അന്തർദേശീയം

ആകാശത്തേയ്ക്ക് നോക്കിയ ജനങ്ങളേ അമ്പരപ്പിച്ച് റഷ്യയിൽ ഒരേ സമയം നാല് ചന്ദ്രന്മാർ പ്രത്യക്ഷപ്പെട്ടു

മോസ്കോ : ചന്ദ്രനുള്ളതും ഇല്ലാത്തതുമായ രാത്രികൾ സാധാരണമാണ്. എന്നാൽ റഷ്യയിൽ ഒരേ സമയം 4 ചന്ദ്രന്മാർ പ്രത്യക്ഷപ്പെട്ട സംഭവം ഏവരെയും അമ്പരപ്പിച്ചിരിക്കുകയാണ്. ആകാശത്തിലെ ഈ അത്ഭുത കാഴ്ച ലോകം മുഴുവൻ കൗതുകത്തോടെയാണ് നോക്കിക്കണ്ടത്. സെൻ്റ് പീറ്റേഴ്സ്ബർഗിൽ കണ്ട ഈ അപൂർവ സംഭവത്തിൻ്റെ ദൃശ്യങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.

‘പാരാസെലീൻ’ എന്ന പ്രകൃതി പ്രതിഭാസമാണ് ആകാശത്തിലെ അത്ഭുത കാഴ്ചയ്ക്ക് കാരണം. അതായത്, ഒരൊറ്റ ചന്ദ്രൻ നാല് ചന്ദ്രന്മാരായി കാണപ്പെടുന്നു. ഇതിന് സഹായിക്കുന്നത് അവിടുത്തെ കാലാവസ്ഥയാണ്. സാധാരണയായി ശൈത്യകാലത്ത് സംഭവിക്കുന്ന ഒരു പ്രതിഭാസമാണ് പാരാസെലീൻ. റഷ്യയിൽ ഇപ്പോൾ കടുത്ത തണുപ്പാണ്. അതിനാൽ അന്തരീക്ഷത്തിലെ ജലാംശം തണുത്തുറഞ്ഞ് ഐസ് ക്രിസ്റ്റലുകളായി മാറിയിരിക്കുന്നു. ഇവ വളരെ നേർത്ത പാളിയായതിനാൽ നഗ്നനേത്രങ്ങൾ കൊണ്ട് എളുപ്പത്തിൽ കാണാൻ കഴിയില്ല. ഇങ്ങനെയുള്ള കാലാവസ്ഥയിൽ ചന്ദ്രരശ്മികൾ കടന്നുപോകുമ്പോഴാണ് ഈ പ്രതിഭാസം ഉണ്ടാകുന്നത്.

അന്തരീക്ഷത്തിലെ ഷഡ്ഭുജാകൃതിയിലുള്ള ഐസ് ക്രിസ്റ്റലുകളിലൂടെ പ്രകാശം കടന്നുപോകുമ്പോൾ, അതിൻ്റെ കോണുകൾക്കനുസരിച്ച് പ്രകാശത്തെ വളയ്ക്കുന്നു. ഇത് ചന്ദ്രന് സമീപം, അതേ ഉയരത്തിൽ ചന്ദ്രനെപ്പോലെ തിളങ്ങുന്ന ഒരു ബിന്ദു സൃഷ്ടിക്കുന്നു. ഇതിൻ്റെ ഫലമായി, യഥാർത്ഥ ചന്ദ്രനോടൊപ്പം മറ്റ് ചന്ദ്രന്മാരെയും കാണാൻ സാധിക്കുന്നു.

ഇത്തരം അപൂർവ പ്രതിഭാസങ്ങളിൽ സാധാരണയായി 2 ചന്ദ്രന്മാരെയാണ് കാണാറുള്ളത്. ചിലപ്പോൾ ഒന്നിൽ കൂടുതൽ ചന്ദ്രന്മാരും ഉണ്ടാകാം. റഷ്യയിൽ ഇപ്പോൾ സംഭവിച്ചതും ഇതുതന്നെയാണ്. കുറച്ച് ദിവസങ്ങൾക്ക് മുൻപ് ഇതേ കാരണത്താൽ റഷ്യക്കാർക്ക് രാവിലെ 2 സൂര്യന്മാരെയും കാണാൻ കഴിഞ്ഞിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button