അന്തർദേശീയം

പാകിസ്ഥാനില്‍ വീണ്ടുമൊരു സൈനിക അട്ടിമറിക്ക് കളമൊരുങ്ങുന്നതായി സൂചന

ഇസ്ലാമബാദ് : പാകിസ്ഥാനില്‍ വീണ്ടുമൊരു സൈനിക അട്ടിമറിക്ക് കളമൊരുങ്ങുന്നതായി സൂചന. രാജ്യത്തെ ഭരണസംവിധാനം പൂര്‍ണമായും തകര്‍ന്നു തരിപ്പണമായെന്ന ആഭ്യന്തരമന്ത്രി മൊഹ്‌സിന്‍ ‌നഖ്‌വിയുടെ പരാമര്‍ശമാണ് രാഷ്ട്രീയ നിരീക്ഷകര്‍ക്കിടയിലും നയതന്ത്ര കേന്ദ്രങ്ങളിലും ചര്‍ച്ചകള്‍ക്ക് തിരികൊളുത്തിയിരിക്കുന്നത്. പാക് സൈനിക മേധാവി ഫീല്‍ഡ് മാര്‍ഷല്‍ അസിം മുനീറിന്റെ വിശ്വസ്തനും ഷെഹ്ബാസ് ഷെരീഫ് മന്ത്രിസഭയിലെ ശക്തനുമായ മൊഹ്‌സിന്‍ ‌നഖ്‌വിയുടെ തുറന്നുപറച്ചില്‍ യാദൃശ്ചികമല്ലെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്. നിലവിലെ ഹൈബ്രിഡ് ഭരണകൂടത്തെ മാറ്റി സൈന്യം നേരിട്ട് അധികാരം പിടിച്ചെടുക്കുന്നതിന്റെ മുന്നോടിയാണോ ഈ നീക്കമെന്നാണ് സംശയം.

മാധ്യമപ്രവര്‍ത്തകനില്‍ നിന്ന് രാഷ്ട്രീയത്തിലേക്ക് വന്നെത്തിയ മൊഹ്‌സിന്‍ ‌നഖ്‌വി, നിലവില്‍ പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ് അധ്യക്ഷന്‍ കൂടിയാണ്. പൊതുപരിപാടിയില്‍ സംസാരിക്കവെ, നിലവിലെ ഭരണരീതിയുമായി ഇനി മുന്നോട്ടുപോകാനാകില്ലെന്നും ഭരണസംവിധാനം തകര്‍ന്നെന്നും അദ്ദേഹം തുറന്നടിച്ചു. ഡോണ്‍ പത്രത്തിന്റെ കോളമിസ്റ്റും രാഷ്ട്രീയ വിശകലന വിദഗ്ധനുമായ യൂസഫ് നാസറിന്റെ നിരീക്ഷണത്തില്‍, ‌നഖ്‌വിയുടെ വാക്കുകകള്‍ സൈനിക മേധാവി അസിം മുനീറിന്റെ ഉള്ളിലിരിപ്പാണ് വെളിപ്പെടുത്തുന്നത്. ഭരണവ്യവസ്ഥ തകര്‍ന്നുവെങ്കില്‍ അതില്‍ നിന്ന് മാറിനില്‍ക്കാന്‍ ഫീല്‍ഡ് മാര്‍ഷല്‍ മുനീറിനാകില്ല. രാജ്യത്തിന്റെ സകല നിയന്ത്രണങ്ങളും അദ്ദേഹം കൈവശപ്പെടുത്തിക്കഴിഞ്ഞുവെന്നും നാസറിന്റെ പുതിയ ലേഖനത്തില്‍ പറയുന്നു.

പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് ഇസ്ലാമബാദിലെ ഓഫിസിലിരിക്കുന്നുണ്ടെങ്കിലും വിദേശനയം, ആഭ്യന്തര സുരക്ഷ, ഭരണപരമായ തീരുമാനങ്ങള്‍ എന്നിവയെല്ലാം നിര്‍ണയിക്കുന്നത് റാവല്‍പിണ്ടിയിലെ സൈനിക ആസ്ഥാനത്തുനിന്നാണ്. തീവ്ര സാമ്പത്തിക പ്രതിസന്ധി, ബലൂചിസ്ഥാനിലും ഖൈബര്‍ പഖ്തുന്‍ഖ്വയിലും പടരുന്ന സായുധ കലാപങ്ങള്‍, പാക് അധീന കശ്മീരിലെ ആഭ്യന്തര പ്രക്ഷോഭങ്ങള്‍ എന്നിവയാല്‍ രാജ്യം വന്‍ പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. ഈ ഘട്ടത്തില്‍ ഭരണ ചുമതല പൂര്‍ണമായും സൈന്യം ഏറ്റെടുക്കാന്‍ പദ്ധതിയിടുന്നുണ്ടെന്ന് മുന്‍ പാക് സൈനിക ഉദ്യോഗസ്ഥനും യൂട്യൂബറുമായ ആദില്‍ രാജ വെളിപ്പെടുത്തി. പുതിയ ക്രമീകരണമനുസരിച്ച് അസിം മുനീര്‍ പ്രസിഡന്റും ‌നഖ്‌വി പ്രധാനമന്ത്രിയുമായേക്കാമെന്നും ആദില്‍ അവകാശപ്പെടുന്നു.

1947ല്‍ സ്വാതന്ത്ര്യം നേടിയ ശേഷം നാല് തവണ പാകിസ്ഥാനില്‍ സൈനിക അട്ടിമറി നടന്നിട്ടുണ്ട്. 1958, 1969, 1977, 1999 വര്‍ഷങ്ങളിലാണത്. ജനാധിപത്യ സര്‍ക്കാരുകളെ നിയന്ത്രിച്ച് സൈന്യം പിന്നില്‍ നിന്ന് ഭരിക്കുന്ന രീതിയും അവിടെ സാധാരണമാണ്. മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ അറസ്റ്റിനും പുറത്താക്കലിനും ശേഷം അസിം മുനീര്‍ പാക് ഭരണത്തില്‍ പിടിമുറുക്കിക്കഴിഞ്ഞു. നിലവിലെ സാഹചര്യം നേരിട്ടുള്ള സൈനിക ഭരണത്തിന് വഴിവെക്കുമോ അതോ പുതിയ രാഷ്ട്രീയ അട്ടിമറിയായി മാറുമോ എന്ന് വരും ദിവസങ്ങളില്‍ വ്യക്തമാകുമെന്ന് നിരീക്ഷകര്‍ വിലയിരുത്തുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button