രൂക്ഷമായ വരൾച്ച : പാനമ കനാലിൽ കപ്പൽ ഗതാഗതം പ്രതിസന്ധിയിൽ

പനാമ സിറ്റി : മഴക്കുറവ് കാരണം വെള്ളമില്ലാത്തതിനാൽ സെപ്റ്റംബർ മൂന്നു മുതൽ പാനമ കനാൽ അതോറിറ്റി പ്രതിദിന കപ്പൽ ഗതാഗതം 36-ൽനിന്ന് 34 ആയി കുറയ്ക്കുന്നു. 15 മുതൽ ഇത് പ്രതിദിനം 32 സർവീസുകളായി വീണ്ടും കുറയ്ക്കും.
എൽ നിനോ കാലാവസ്ഥാ വ്യതിയാനം കാരണം മധ്യ അമേരിക്കയിലുടനീളം അനുഭവപ്പെട്ട രൂക്ഷമായ വരൾച്ച, കനാലിൽനിന്ന് കപ്പലുകൾക്ക് കടന്നുപോകാനുള്ള ലോക്ക് തുറക്കാൻ ശുദ്ധജലം എത്തിക്കുന്ന ഗാതുൻ തടാകം, അലാജുവേല തടാകം എന്നിവയിലെ ജലനിരപ്പ് വൻതോതിൽ കുറച്ചു. മേയ് മാസത്തിനും ആഗസ്തിനും ഇടയിൽ കനാലിന്റെ വൃഷ്ടിപ്രദേശത്ത് ലഭിച്ച മഴ ശരാശരിയേക്കാൾ 34 ശതമാനം കുറവാണ്.
ആഗോള സമുദ്ര വാണിജ്യത്തിന്റെ അഞ്ച് ശതമാനത്തോളവും യുഎസ് കണ്ടെയ്നർ ഗതാഗതത്തിന്റെ 40 ശതമാനത്തോളവും കൈകാര്യം ചെയ്യുന്നത് പാനമ കനാലാണ്. ഏഷ്യയെ യുഎസിന്റെ കിഴക്കൻ തീരവുമായി ബന്ധിപ്പിക്കുന്ന ഊർജ വിതരണ ശൃംഖലകളുടെ പ്രധാന കേന്ദ്രമാണിത്. ശേഷി കുറയ്ക്കുന്നത് മുൻകൂട്ടി ബുക്ക് ചെയ്യാത്ത കപ്പലുകളുടെ യാത്രയ്ക്ക് തടസ്സമാകും.
ശുദ്ധജലക്ഷാമത്തിന് ശാശ്വത പരിഹാരം കാണാൻ ഇൻഡിയോ നദിക്ക് കുറുകെ പുതിയ ഡാമും റിസർവോയറും നിർമിക്കാനുള്ള വൻകിട പദ്ധതി പാനമ കനാൽ അതോറിറ്റി ആസൂത്രണം ചെയ്യുന്നുണ്ട്.



