പ്രത്യാശയുടെ സന്ദേശവുമായി ഇന്ന് ഈസ്റ്റര്‍; കോവിഡ് നിയന്ത്രണങ്ങള്‍ നീങ്ങിയതോടെ യേശുവിന്റെ ഉയര്‍ത്തെഴുന്നേല്‍പ് ആഘോഷമാക്കി ക്രിസ്ത്യന്‍ സമൂഹം
കൊച്ചി : പ്രത്യാശയുടെ സന്ദേശവുമായി ഇന്ന് ലോകമെമ്ബാടുമുള്ള ക്രിസ്ത്യാനികള്‍ ഈസ്റ്റര്‍ ആഘോഷിക്കുന്നു. ശനിയാഴ്ച രാത്രി മുതല്‍ സംസ്ഥാനത്തെ വിവിധ ദേവാലയങ്ങളില്‍ പ്രത്യേക ശുശ്രൂഷകളും പ്രാര്‍ത്ഥനയും നടന്നു.
കോവിഡ് നിയന്ത്രണങ്ങള്‍ നീക്കിയതിന് ശേഷം ആദ്യമായാണ് പള്ളികളില്‍ വിപുലമായ ഈസ്റ്റര്‍ ആഘോഷങ്ങള്‍ നടക്കുന്നത്.
എറണാകുളം സെന്റ് മേരീസ് ബസിലിക്കയില്‍ സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി കുര്‍ബാന അര്‍പ്പിച്ചു. തുടര്‍ന്ന് ഈസ്റ്റര്‍ സന്ദേശം നല്‍കി. മനുഷ്യര്‍ കുടുംബ കലഹങ്ങളില്‍ നിന്നും യുദ്ധങ്ങളിലേക്ക് പോകുകയാണ്. പകയും വിദ്വേഷവും നയിക്കുന്ന മനുഷ്യര്‍ സമാധാനമില്ലാതെ ജീവിക്കുന്നു. കൂട്ടായ്മയെ ഭിന്നിപ്പിക്കുന്ന പ്രവര്‍ത്തികളില്‍ നിന്ന് എല്ലാ ക്രൈസ്തവരും വിട്ടു നില്‍ക്കണമെന്നും കര്‍ദ്ദിനാള്‍പറഞ്ഞു.
ലത്തീന്‍ സഭയുടെ പാതിരാ കുര്‍ബാനയ്ക്ക് എറണാകുളം സെന്റ് ഫ്രാന്‍സിസ് അസീസി കത്തീഡ്രലില്‍ വരാപ്പുഴ അതിരൂപത ആര്‍ച്ച് ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്ബില്‍ നേതൃത്വം നല്‍കി. തിരുവനന്തപുരം സെന്റ് ജോസഫ് കത്തീഡ്രലില്‍ നടന്ന ഉയിര്‍പ്പിന്റെ തിരുകര്‍മ്മങ്ങള്‍ക്ക് ലത്തീന്‍ കത്തോലിക്കാ സഭാ തിരുവനന്തപുരം അതിരൂപത ആര്‍ച്ച് ബിഷപ്പ് തോമസ് ജെ. നെറ്റോ നേതൃത്വം നല്‍കി.