കേരളം

സുബൈര്‍ വധത്തില്‍ മൂന്ന് ആര്‍എസ്എസുകാര്‍ അറസ്റ്റില്

പാലക്കാട് : എസ്‌ഡിപിഐ നേതാവ് സുബൈറിനെ കൊലപ്പെടുത്തിയ കേസില്‍ മൂന്ന് ആര്‍എസ്എസ് പ്രവര്‍ത്തകരുടെ അറസറ്റ് രേഖപ്പെടുത്തിയതായി എഡിജിപി വിജയ് സാഖറെ മാധ്യമങ്ങളെ അറിയിച്ചു. നേരത്തേ കൊല്ലപ്പെട്ട ആര്‍എസ്എസ് പ്രവര്‍ത്തകന്‍ സഞ്ജിതിന്റെ അടുത്ത സുഹൃത്ത് രമേശ്, മറ്റ് ആര്‍എഎസ് പ്രവര്‍ത്തകരായ ശരവണന്‍, ആറുമുഖന്‍ എന്നിവരാണ് അറസ്റ്റിലയാത്. ഇവരെ ചൊവ്വാഴ്ച വൈകീട്ട് കോടതിയില്‍ ഹാജരാക്കും.

അഞ്ച് മാസം മുമ്പ് കൊല്ലപ്പെട്ട ആര്‍എസ്എസ് പ്രവര്‍ത്തകന്‍ സഞ്ജിത്തിന് സുബൈറില്‍ നിന്ന് ഭീഷണിയുണ്ടായിരുന്നതായി സുഹൃത്ത് രമേശിനോട് പറഞ്ഞിരുന്നു. അയാളെ തട്ടണമെന്നും ആവശ്യപ്പെട്ടിരുന്നു. ഇതിനിടയിലാണ് സഞ്ജിത് കൊല്ലപ്പെടുന്നത്. സഞ്ജിതിന്റെ കൊലപാതകത്തിലുള്ള വിരോധമാണ് സുബൈറിനെ വകവരുത്താനുള്ള കാരണം. ഈ മാസം എട്ടിനും ഒമ്പതിനും സുബൈറിനെ വധിക്കാന്‍ ശ്രമം നടന്നുവെങ്കിലും പരാജയപ്പെട്ടു.

സഞ്ജിത് ഉപയോഗിച്ചിരുന്ന കാറിലാണ് കൃത്യം നടത്താന്‍ രമേശും മറ്റുള്ളവരും എത്തിയത്. എലപ്പുള്ളിയില്‍ സുബൈര്‍ സഞ്ചരിച്ച ബൈക്ക് ഇടിച്ചിട്ടശേഷം പിതാവിന് മുന്നിലാണ് വിഷുദിനത്തില്‍ സുബൈറിനെ വെട്ടിക്കൊലപ്പെടുത്തിയത്. സഞ്ജിത്തിന്റെ കാര്‍ സംഭവസ്ഥലത്ത് ഉപേക്ഷിച്ച് മറ്റൊരു കാറില്‍ കടന്നുകളഞ്ഞു. രണ്ടാമത്തെ കാര്‍ കഞ്ചിക്കോട് വ്യവസായ മേഖലയില്‍ ഉപേക്ഷിച്ച് കടന്നുകളഞ്ഞു. അന്നുതന്നെ പ്രതികളെകുറിച്ച് പൊലീസിന് സൂചന ലഭിച്ചിരുന്നു. സിസിടവി ദൃശ്യങ്ങള്‍ പരിശോധിച്ചാണ് പിടികൂടിയത്.

ശ്രീനിവാസന്‍ വധക്കേസിലും പ്രതികള്‍ ഉടന്‍ വലയിലാകും

പാലക്കാട് : ആര്‍എസ്എസ് പ്രവര്‍ത്തകന്‍ മേലാമുറിയിലെ ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസിലും പ്രതികള്‍ ഉടന്‍ വലയിലാകും. ഇവരെയെല്ലാം തിരച്ചിറഞ്ഞിട്ടുണ്ട്. മൂന്ന് ബൈക്കുകളിലായി എത്തിയ ആറുപേരാണ് കൃത്യത്തില്‍ പങ്കെടുത്തത്. ഇവരെയും ബൈക്കിനേയും തിരിച്ചറിഞ്ഞു. നിരവധി പേരെ ചോദ്യം ചെയ്തു. വൈകാതെ കസ്റ്റഡിയിലാകും. സുബൈറിനെ കൊലപ്പെടുത്തിയതിലുള്ള പ്രതികാരമാണ് ശ്രീനിവാസന്റെ കൊലപാതകത്തിലും കലാശിച്ചത്.

സുബൈറിന്റെ മൃതദേഹം ജില്ലാ ആശുപത്രിയില്‍ പോസ്റ്റ് മോര്‍ട്ടം നടക്കുമ്പോള്‍ പ്രതികള്‍ അവിടെയുണ്ടായിരുന്നു. അവിടെനിന്നാണ് ശനിയാഴ്ച പകല്‍ 12 ന്ശേഷം മേലാമുറിയിലേക്ക് വന്നത്. ശ്രീനിവാസന്റെ സെക്കന്റ് ഹാന്റ് വാഹന കടയിലേക്ക് ഇരച്ചുകയറി മൂന്ന് പേരാണ് ശ്രീനിവാസനെ കൊലപ്പെടുത്തിയത്. ഇക്കാര്യം ദൃക്സാക്ഷികളും പൊലീസിന് മൊഴിനല്‍കിയിട്ടുണ്ട്. ആര്‍എസ്എസ് മുന്‍ ശാരീരിക ശിക്ഷക് ആണ് ശ്രീനിവാസന്‍.

ഉന്നതരിലേക്കും അന്വേഷണം നീളും

ഇരു കൊലപാതകങ്ങള്‍ക്കും പിന്നില്‍ പ്രവര്‍ത്തിച്ച ഉന്നതരിലേക്കും അന്വേഷണം നീളാന്‍ സാധ്യത. ഇക്കാര്യം എഡിജിപി വിജയ് സാഖറെ മാധ്യമങ്ങള്‍ക്ക് സൂചന നല്‍കി. സാധാരണ പ്രവര്‍ത്തകര്‍ മാത്രം വിചാരിച്ചാല്‍ ഇത്തരം ആസൂത്രിക കൊലപാതകങ്ങള്‍ നടക്കില്ല. ഇതിന് പിന്നില്‍ വ്യക്തമായ ഗൂഢാലോചനയും പ്ലാനുമുണ്ട്. എസ്ഡിപിഐ പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട് 24 മണിക്കൂര്‍ തികയുന്നതിന് അരമണിക്കൂര്‍ മുമ്പുതന്നെ പകരം വീട്ടാന്‍ ആര്‍എസ്എസ് പ്രവര്‍ത്തകനെ അവരുടെ കേന്ദ്രത്തില്‍ തന്നെ പട്ടാപ്പകല്‍ വെട്ടിക്കൊലപ്പെടുത്താന്‍ തീരുമാനിക്കുയും ചെയ്തത്. സുബൈറിനെ കൊലപ്പെടുത്തിയതിന് സമാനമാണ് ശ്രീനിവാസന്റെ കൊലപാതകവും. അതിനാല്‍ രണ്ട് സംഘടനകളുടേയും ഉന്നതരിലേക്ക് അന്വേഷണം നീളുമെന്നാണ് പൊലീസ് നല്‍കുന്ന സൂചന.

 

നേരോടെ അറിയാൻ
നേരത്തേ അറിയാൻ

യുവധാര ന്യൂസ്‌

 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button