കേരളം

‘പാലക്കാട് കൊലപാതകങ്ങള്‍ മനുഷ്യ മനസാക്ഷിക്ക് നിരക്കാത്തത്’: കുറ്റവാളികള്‍ക്കെതിരെ ശക്തമായ നടപടിയെന്ന് മുഖ്യമന്ത്രി

''കേരളം ഒറ്റക്കെട്ടായി മുന്നോട്ടു പോകുന്ന ഘട്ടത്തിലാണ് സമാധാനാന്തരീക്ഷം തകര്‍ക്കുക എന്ന ദുഷ്ടലാക്കോടെ നടത്തിയ ഈ കൊലപാതകങ്ങള്‍.''


പാലക്കാട് കൊലപാതകങ്ങള്‍ മനുഷ്യ മനസാക്ഷിക്ക് നിരക്കാത്തതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നാടിന്റെ സമാധാന അന്തരീക്ഷം തകര്‍ക്കുകയെന്ന ദുഷ്ടലാക്കോടെയാണ് കൊലപാതകങ്ങള്‍ നടത്തിയത്. ഉത്തരവാദികള്‍ക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടി സ്വീകരിക്കുമെന്നും ശക്തമായ നടപടിക്ക് പൊലീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു. സമാധാനവും സൗഹാര്‍ദ്ദവും സംരക്ഷിക്കാന്‍ ഒറ്റക്കെട്ടായി രംഗത്തിറങ്ങണമെന്നും ജനങ്ങളോട് മുഖ്യമന്ത്രി ആഹ്വാനം ചെയ്തു.

മുഖ്യമന്ത്രി പിണറായി പറഞ്ഞത്:

മനുഷ്യമനസ്സാക്ഷിക്ക് നിരക്കാത്ത തീര്‍ത്തും അപലപനീയമായ ആക്രമണങ്ങളും കൊലപാതകങ്ങളുമാണ് പാലക്കാട്ട് സംഭവിച്ചത്. കോവിഡ് പ്രതിസന്ധികള്‍ മറികടന്ന് നാടിന്റെ പുരോഗതിയ്ക്കും ശോഭനമായ ഭാവിക്കുമായി കേരളം ഒറ്റക്കെട്ടായി മുന്നോട്ടു പോകുന്ന ഘട്ടത്തിലാണ് സമാധാനാന്തരീക്ഷം തകര്‍ക്കുക എന്ന ദുഷ്ടലാക്കോടെ നടത്തിയ ഈ കൊലപാതകങ്ങള്‍. നാടിന്റെ നന്മയ്ക്ക് വിഘാതം സൃഷ്ടിക്കാനായി നടത്തിയ ഈ നിഷ്ഠുര കൃത്യങ്ങള്‍ക്ക് ഉത്തരവാദികളായവര്‍ക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത സമീപനം സര്‍ക്കാരിന്റെ ഭാഗത്തു നിന്നുമുണ്ടാകും. അവര്‍ക്കെതിരെ ശക്തമായ നിയമ നടപടികള്‍ സ്വീകരിക്കും. അതിനുള്ള നിര്‍ദേശം പൊലീസിന് നല്‍കിയിട്ടുണ്ട്.””കേരളത്തില്‍ പുലരുന്ന സാഹോദര്യവും സമാധാനവും ഇല്ലാതാക്കാന്‍ ഒരു ശക്തിയേയും അനുവദിക്കില്ല. ജനങ്ങളെ ചേര്‍ത്തു നിര്‍ത്തി അത്തരം ശ്രമങ്ങള്‍ക്കെതിരെ നിശ്ചയദാര്‍ഢ്യത്തോടെ നിലയുറപ്പിക്കും. ഒരുമിച്ച് ഒരു മനസ്സോടെ മുന്നോട്ടു പോകും. മൈത്രിയുടേയും മാനവികതയുടേയും കേരള മാതൃക സംരക്ഷിക്കും. വര്‍ഗീയതയുടെയും സങ്കുചിതത്വത്തിന്റെയും വിഷവുമായി നാടിനെ അസ്വസ്ഥമാക്കുന്ന ഇത്തരം ശക്തികളെ തിരിച്ചറിഞ്ഞ് അകറ്റി നിര്‍ത്തണമെന്ന് ജനങ്ങളോടഭ്യര്‍ത്ഥിക്കുന്നു. പ്രകോപനനീക്കങ്ങളിലും കിംവദന്തികളിലും വശംവദരാകാതെ സമാധാനവും സൗഹാര്‍ദവും സംരക്ഷിക്കാന്‍ എല്ലാവരും രംഗത്തിറങ്ങണം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button