വലകുലുക്കി വലന്‍സിയ; ഖത്തറിനെ കീഴടക്കി എക്വഡോര്‍
ദോഹ:കാല്‍പന്തുകളിയുടെ വിശ്വമേളക്ക് ഖത്തറില്‍ തുടക്കമായപ്പോള്‍ ആതിഥേയര്‍ക്ക് തോല്‍വിയോടെ തുടക്കം. എക്വഡോര്‍ ക്യാപ്റ്റന്‍ എന്നര്‍ വലന്‍സിയയാണ് ഇരട്ട ഗോളിലൂടെ ഖത്തറിന്റെ സ്വപ്നങ്ങള്‍ തകര്‍ത്തെറിഞ്ഞത്.
മൂന്നാം മിനിറ്റില്‍ തന്നെ വലന്‍സിയ ആതിഥേയരുടെ വലയില്‍ പന്തെത്തിച്ചെങ്കിലും നീണ്ട വാര്‍ പരിശോധനയില്‍ ഗോള്‍ നിഷേധിക്കപ്പെട്ടു. എന്നാല്‍, തുടരെയുള്ള ആക്രമണങ്ങളിലൂടെ എക്വഡോര്‍ കളി വരുതിയിലാക്കുകയും 15ാം മിനിറ്റില്‍ ലോകകപ്പിലെ ആദ്യ ഗോളുമായി വലന്‍സിയ കണക്കു തീര്‍ക്കുകയും ചെയ്തു. ഗോളിനടുത്തെത്തിയ താരത്തെ ഖത്തര്‍ ഗോള്‍കീപ്പര്‍ സാദ് അല്‍ഷീബ് വീഴ്ത്തിയതിന് ലഭിച്ച പെനാല്‍റ്റി ക്യാപ്റ്റന്‍ തന്നെ അനായാസം വലയിലെത്തിക്കുകയായിരുന്നു. ഇതോടെ സ്റ്റേഡിയം ഒന്നടങ്കം നിശ്ശബ്ദമായി. ഫൗളിന് ഗോള്‍കീപ്പര്‍ മഞ്ഞക്കാര്‍ഡും വാങ്ങി.
19ാം മിനിറ്റിലും ഗോളിനടുത്തെത്തിയെങ്കിലും എക്വഡോര്‍ താരത്തിന്റെ ഹെഡര്‍ ക്രോസ് ബാറിന് മുകളിലൂടെ പറന്നു. 22ാം മിനിറ്റില്‍ വലന്‍സിയയെ ഫൗള്‍ ചെയ്തതിന് ആതിഥേയരുടെ സൂപ്പര്‍ താരം അല്‍മോസ് അലിയും മഞ്ഞക്കാര്‍ഡ് വാങ്ങി. 31ാം മിനിറ്റില്‍ വലയന്‍സിയ വീണ്ടും വലകുലുക്കി. എയ്ഞ്ചലോ പ്രസിയാഡോ വലതു വിങ്ങില്‍നിന്ന് നല്‍കിയ മനോഹരമായ ക്രോസ് തകര്‍പ്പന്‍ ഹെഡറിലൂടെ ലക്ഷ്യത്തിലെത്തിക്കുകയായിരുന്നു. 36ാം മിനിറ്റില്‍ ഖത്തര്‍ മൂന്നാം മഞ്ഞക്കാര്‍ഡും വാങ്ങി. ഇത്തവണ അപകടകരമായ ഫൗളിന് കരിം ബൗദിയാഫിനായിരുന്നു ശിക്ഷ. 41ാം മിനിറ്റിലാണ് ഖത്തറിന്റെ മികച്ചൊരു മുന്നേറ്റം കണ്ടത്. അക്രം ആരിഫ് പന്തുമായി ഇക്വഡോര്‍ ബോക്സിലേക്ക് കയറിയെങ്കിലും ലക്ഷ്യത്തില്‍നിന്നകന്നു. ഇഞ്ചുറി ടൈമിന്റെ അവസാന മിനിറ്റില്‍ ഖത്തറിന് സുവര്‍ണാവസരം ലഭിച്ചെങ്കിലും ഗോളി മാത്രം മുന്നില്‍ നില്‍ക്കെ അല്‍മോസ് അലി അവസരം പാഴാക്കി.
രണ്ടാം പകുതിയില്‍ ഖത്തര്‍ കൂടുതല്‍ ഉണര്‍ന്നു കളിച്ചെങ്കിലും സന്ദര്‍ശകര്‍ക്ക് ഭീഷണിയുയര്‍ത്താനായില്ല. ഇതിനിടയിലും എക്വഡോര്‍ ആക്രമണം തുടര്‍ന്നു. 52ാം മിനിറ്റില്‍ പ്രസിയാഡോയുടെ ലോങ് റേഞ്ചര്‍ ബാറിന് മുകളിലൂടെ പറന്നു. തൊട്ടടുത്ത മിനിറ്റിലും ഖത്തര്‍ ഗോള്‍മുഖത്ത് എക്വഡോര്‍ ഭീതി പരത്തി. 55ാം മിനിറ്റില്‍ റൊമാരിയോ ഇബറയുടെ കിടിലന്‍ ഷോട്ട് ഗോള്‍കീപ്പര്‍ സാദ് അല്‍ഷീബ് മനോഹരമായി തടഞ്ഞിട്ടു. തൊട്ടടുത്ത മിനിറ്റില്‍ അക്രം അഫീഫിനെ ഫൗള്‍ ചെയ്തതിന് എക്വഡോറിന്റെ ജെഗ്സന്‍ മെന്‍ഡസ് മഞ്ഞക്കാര്‍ഡ് വാങ്ങി. 62ാം മിനിറ്റില്‍ ഖത്തറിന് വീണ്ടും സുവര്‍ണാവസരം ലഭിച്ചെങ്കിലും മനോഹരമായ ക്രോസ് ക്ലിയര്‍ ചെയ്യാന്‍ താരത്തിനായില്ല. 68ാം മിനിറ്റില്‍ എക്വഡോര്‍ ആദ്യ സബ്സ്റ്റിറ്റ്യൂഷന്‍ വരുത്തി. റൊമാരിയോ ഇബാറക്ക് പകരം ജെറമി സാര്‍മിയന്റോ എത്തി. മൂന്ന് മിനിറ്റിന് ശേഷം ഖത്തറും രണ്ട് സബ്സ്റ്റിറ്റ്യൂഷന്‍ വരുത്തി. അല്‍മോസ് അലി, ഹസ്സന്‍ അല്‍ ഹൈദ്രോസ് എന്നിവര്‍ക്ക് പകരം ഹസ്സന്‍ അല്‍ ഹൈദ്രോസ് എന്നിവര്‍ക്ക് പകരം മുഹമ്മദ് മുന്‍തരി, മുഹമ്മദ് വാദ് എന്നിവര്‍ കളത്തിലെത്തി. 73ാം മിനിറ്റില്‍ ബോക്സിന് തൊട്ടടുത്തുനിന്ന് എക്വഡോറിന് അനുകൂലമായി ഫ്രീകിക്ക് ലഭിച്ചെങ്കിലും മുതലാക്കാനായില്ല. 75ാം മിനിറ്റില്‍ അക്രം അഫീഫിന്റെ ഷോട്ട് ക്രോസ് ബാറിന് മുകളിലൂടെ പറന്നു.
85ാം മിനിറ്റിലാണ് ഖത്തറിന് മത്സരത്തിലെ ഏറ്റവും മികച്ച അവസരം ലഭിച്ചത്. എന്നാല്‍, മുഹമ്മദ് മുന്‍തരിയുടെ തകര്‍പ്പന്‍ ഷോട്ട് ക്രോസ്ബാറിലും നെറ്റിലും ഉരുമ്മിയാണ് പുറത്തുപോയത്. പിന്നീട് തിരിച്ചടിക്കാനുള്ള ഖത്തറിന്റെ ശ്രമങ്ങളൊന്നും ഫലം കണ്ടില്ല. ഇഞ്ചുറി സമയത്തിന്റെ അവസാന മിനിറ്റില്‍ ഇരുടീമിനും കോര്‍ണറുകള്‍ ലഭിച്ചെങ്കിലും മുതലാക്കാനായില്ല.