അന്തർദേശീയം

മകനെ വധിക്കാൻ ഇറാൻ ശ്രമിച്ചു; വെളിപ്പെടുത്തലുമായി നെതന്യാഹു

ജറുസലേം : തന്റെ മകനെ വധിക്കാൻ ഇറാൻ ശ്രമിച്ചതായി വെളിപ്പെടുത്തി ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ചാനൽ 14-ന്റെ മിലിട്ടറി കറസ്പോണ്ടന്റ് നോം അമീറുമായി നടത്തിയ ഫോൺ സംഭാഷണത്തിലാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

തന്റെ മക്കളിലൊരാളെ കൊല്ലാൻ ഇറാൻ ലക്ഷ്യമിട്ടതായും ഇത് വിശ്വസിക്കാൻ കഴിയാത്തൊരു സംഭവമാണെന്നും നെതന്യാഹു പറഞ്ഞു. യാർ, അവ്‌നർ എന്നിങ്ങനെ രണ്ട് മക്കളാണ് നെതന്യാഹുവിനുള്ളത്. എന്നാൽ ആർക്കുനേരെയാണ് വധശ്രമം നടന്നതെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടില്ല.

പശ്ചിമേഷ്യൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ഇക്കഴിഞ്ഞ ജൂലായ് മാസത്തിൽ നെതന്യാഹുവിന്റെ ഭാര്യ സാറയ്ക്കും മക്കളായ യാർ, അവ്നർ എന്നിവർക്കും സുരക്ഷ വർധിപ്പിക്കുന്നതിന് ഇസ്രായേൽ സെക്യൂരിറ്റി ഏജൻസി (Shin Bet) പ്രത്യേക അനുമതി നൽകിയിരുന്നു. തന്റെ കുടുംബത്തിന് നൽകിയിട്ടുള്ള വിപുലമായ സുരക്ഷ ഒരു ‘ആഡംബരമല്ല’ മറിച്ച് ജീവൻ നിലനിർത്താനുള്ള അത്യാവശ്യമാണെന്നാണ് വധശ്രമത്തെ ചൂണ്ടിക്കാട്ടിക്കൊണ്ട് നെതന്യാഹു പറയുന്നത്.

നെതന്യാഹുവിന്റെ മകനെ വധിക്കാനുള്ള ഇറാന്റെ ശ്രമത്തെക്കുറിച്ചുള്ള വിവരങ്ങൾ ഇസ്രായേൽ സൈനിക സെൻസർഷിപ്പും വിലക്കും കാരണം മാസങ്ങളോളം രഹസ്യമാക്കി വെച്ചിരിക്കുകയായിരുന്നു. ഓഗസ്റ്റ് 24-നാണ് ചാനൽ 14-ലൂടെ നെതന്യാഹു ഇത് പരസ്യമാക്കിയത്.

അതേസമയം ഈ വിഷയത്തിൽ ഇറാൻ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. നെതന്യാഹുവിന്റെ മകനെതിരായ വധശ്രമത്തെക്കുറിച്ച് ഇറാൻ ഇതുവരെ പ്രത്യേകമായി ഔദ്യോഗിക പ്രതികരണങ്ങൾ നടത്തിയിട്ടില്ല.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button