അന്തർദേശീയം

വ്യാജ ഒസെംപിക് വിൽപന; യുഎസിൽ രണ്ട് ഇന്ത്യക്കാർക്കെതിരേ കേസ്

വാഷിങ്ടൺ ഡിസി : പ്രമേഹത്തിനും ശരീര ഭാരം കുറയ്ക്കുന്നതിനും ഉപയോഗിക്കുന്ന മരുന്നായ ഒസെംപിക്കിന്‍റെ വ്യാജ പതിപ്പ് ചൈനയിൽ നിന്ന് കടത്തിക്കൊണ്ടു വന്ന് യുഎസിൽ വിൽപന നടത്തിയെന്ന് ആരോപിച്ച് രണ്ട് ഇന്ത്യക്കാർക്കെതിരേ കേസ്. സ്വപ്നദീപ് റോയ്, വിക്കി രമൻച എന്നിവർക്കെതിരേയാണ് യുഎസ് നീതിന്യായ വകുപ്പ് കുറ്റം ചുമത്തിയത്.

ചൈനയിൽ നിന്ന് വ്യാജ ഒസെംപിക് വാങ്ങി കുറഞ്ഞ വിലയ്ക്ക് യുഎസിലെ വിതരണക്കാർക്ക് വിറ്റതായാണ് ഫ്ലോറിഡയിലെ മിഡിൽ ഡിസ്ട്രിക്റ്റ് ഫെഡറൽ ഗ്രാൻഡ് ജൂറിയുടെ കുറ്റപത്രത്തിലെ ആരോപണം.

ഇറ്റലിയിൽ നിന്ന് യുഎസിലേയ്ക്ക് വ്യാജ ഒസെംപിക് കൈമാറിയ റോയ്, ടാമ്പയിലെ കോടതിയിൽ ഹാജരാക്കിയപ്പോൾ കുറ്റം നിഷേധിച്ചു. അതേസമയം രമൻച ഇപ്പോഴും ഒളിവിലാണെന്ന് യുഎസ് നീതിന്യായവകുപ്പ് അറിയിച്ചു. കുറ്റം തെളിഞ്ഞാൽ ഇരുവർക്കും പരമാവധി 71 വർഷം വരെ തടവ് ലഭിക്കാവുന്ന വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.

2023 ജൂലൈ മുതൽ 2024 ഏപ്രിൽ വരെയുള്ള കാലയളവിലാണ് റോയിയും രമൻചയും ചൈനയിലെ അനധികൃത ഉറവിടങ്ങളിൽ നിന്ന് വ്യാജ ഒസെംപിക് വാങ്ങിയതെന്നാണ് കോടതി രേഖകൾ വ്യക്തമാക്കുന്നത്. യഥാർഥ ഒസെംപിക് തന്നെയാണെന്ന് ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്നതിനായി മരുന്നിന്‍റെ പാക്കേജിങ് ഉപയോഗ നിർദേശങ്ങൾ പേനയിലെ ലേബലുകൾ, സൂചികൾ എന്നിവയുൾപ്പടെയുള്ളവ വ്യാജമായി തയാറാക്കിയിരുന്നു എന്നാണ് ആരോപണം.

യുഎസില്‍ യഥാര്‍ഥ ഒസെംപിക്കിന് രോഗികള്‍ പ്രതിമാസം നൂറുകണക്കിന് ഡോളര്‍ വരെ ചെലവഴിക്കേണ്ടിവരുന്ന സാഹചര്യത്തിലാണ് വ്യാജ മരുന്നുകള്‍ വിപണിയിലെത്തിച്ചതെന്നും അധികൃതര്‍ പറഞ്ഞു.

2023 ഡിസംബറിൽ യുഎസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ ചില വ്യാജ ഒസെംപിക് ഉൽപന്നങ്ങൾ പിടിച്ചെടുക്കുകയും ഇതു സംബന്ധിച്ച് പൊതുജനങ്ങൾക്ക് മുന്നറിയിപ്പു നൽകുകയും ചെയ്തതിനു ശേഷവും തട്ടിപ്പ് തുടർന്നു എന്നാണ് നീതിന്യായ വകുപ്പിന്‍റെ ആരോപണം.

വ്യാജമരുന്നുകൾ കടത്തിയതിനും വിൽപന നടത്തിയതിനും അമേരിക്കയെ വഞ്ചിക്കാൻ ഗൂഢാലോചന നടത്തിയതിനുമാണ് ഇരുവർക്കുമെതിരേ കേസെടുത്തിരിക്കുന്നത്. വ്യാജ കുറിപ്പടി മരുന്നുകള്‍ അമേരിക്കന്‍ ഉപഭോക്താക്കളുടെ ആരോഗ്യത്തിനും സുരക്ഷയ്ക്കും വലിയ ഭീഷണിയാണെന്ന് നീതിന്യായ വകുപ്പിലെ ക്രിമിനല്‍ വിഭാഗം അസിസ്റ്റന്‍റ്അറ്റോര്‍ണി ജനറല്‍ എ. ടൈസണ്‍ ദുവ പറഞ്ഞു.

അമേരിക്കയിലെ മരുന്ന് വിതരണ ശൃംഖലയില്‍ വ്യാജ മരുന്നുകള്‍ എത്തിക്കുന്നത് അനുവദിക്കില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി. രാജ്യത്തെ മൊത്തവിതരണ മരുന്ന് വിപണി കര്‍ശനമായി നിയന്ത്രിക്കപ്പെടുന്നുണ്ടെങ്കിലും ഈ സുരക്ഷാ സംവിധാനങ്ങളെ മറികടന്ന് വ്യാജ മരുന്നുകള്‍ വിപണിയിലെത്തിക്കുന്നത് ഉപഭോക്താക്കള്‍ക്ക് ഗുരുതരമായ അപകടമുണ്ടാക്കുമെന്ന് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍സ് വിഭാഗം അസിസ്റ്റന്‍റ് കമ്മീഷണര്‍ ജസ്റ്റിന്‍ ഗ്രീന്‍ പറഞ്ഞു.

ഇന്‍റര്‍പോള്‍ റെഡ് നോട്ടീസിന്റെ അടിസ്ഥാനത്തില്‍ റോയിയെ അറസ്റ്റ് ചെയ്തതിന് പിന്നാലെ അദ്ദേഹത്തെ കസ്റ്റഡിയില്‍ തുടരാന്‍ യുഎസ് നീതിന്യായ വകുപ്പിന്റെ അന്താരാഷ്ട്രകാര്യ വിഭാഗം നടപടി സ്വീകരിക്കുകയും ഇറ്റലിയില്‍നിന്നുള്ള കൈമാറ്റത്തിനായി ഔദ്യോഗിക അപേക്ഷ നല്‍കുകയും ചെയ്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button