ഇറാൻ സൈന്യത്തിന് സഹായം നൽകുന്നു; 10 കമ്പനികളള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി യുഎസ്

വാഷിങ്ടൺ ഡിസി : സമാധാന ചര്‍ച്ചകള്‍ക്കിടയിലും ഇറാനെതിരെ വീണ്ടും ഉപരോധവുമായി അമേരിക്ക. ഇറാന് സഹായം നല്കിയവര്ക്കും അമേരിക്ക ഉപരോധം ഏര്‍പ്പെടുത്തി. ഇറാന് സൈന്യവുമായി ബന്ധമുണ്ടെന്നാരോപിച്ച് 10 കമ്പനികളള്‍ക്കെതിരെ അമേരിക്കന്‍ ഭരണകൂടം വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇറാന് റെവല്യൂഷണറി ഗാര്‍ഡിന് സാമ്പത്തിക സഹായം നല്‍കുന്നത് തടയാനാണ് നടപടി സ്വീകരിക്കുന്നതെന്നാണ് യുഎസിന്റെ വിശദീകരണം. സഹായം നല്കുന്ന സ്ഥാപനങ്ങളുടെ വിവരങ്ങള്‍ നല്കിയാല് 15 മില്യണ്‍ ഡോളര്‍ നല്‍കുമെന്നും യുഎസ് ഭരണകൂടം വാഗ്ദാനം ചെയ്തു. ചൈന, റഷ്യ, പാകിസ്താന്, തുര്‍ക്കി, സൗദി അറേബ്യ എന്നിവിടങ്ങളിലെ പ്രതിനിധികളും സാങ്കേതിക സ്ഥാപനങ്ങളും ഇറാന്റെ സൈന്യത്തിനായി ആയുധങ്ങള്‍ വാങ്ങിയതായി യുഎസ് ട്രഷറി ആരോപിച്ചു. ഇത് മുന്‍നിര്‍ത്തിയാണ് യുഎസ് നടപടികള്‍ സ്വീകരിച്ചത്.
ആഗോള വിപണികളിലേക്കുള്ള ഇറാന്റെ പ്രവേശനം കൂടുതല്‍ നിയന്ത്രിക്കുന്നതിനുള്ള ട്രഷറി വകുപ്പിന്റെ ശ്രമമായ ഓപ്പറേഷന് ഇക്കണോമിക് ഔട്ട്കാസ്റ്റിന്റെ ഭാഗമായാണ് ഉപരോധങ്ങള്‍ സ്വീകരിച്ചത്. യുഎസ് ഭരണകൂടം ഇന്നലെ പുറത്തിറക്കിയ ഒരു പ്രസ്താവനയിലൂടെയാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.
അതിനിടെ പശ്ചിമേഷ്യന്‍ സംഘറര്ഷത്തില് വീണ്ടും ആക്രമണ ഭീഷണിയുമായി ഇറാന് രംഗത്ത് വന്നു. ഖത്തറിന്റെ മധ്യസ്ഥതയില്‍ ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെയാണ് ഭീഷണി. ഇതിനിടെ ഇറാനെതിരായ യുദ്ധം വളരെ വേഗം അവസാനിക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് അവകാശപ്പെട്ടു. ഇറാന്റെ കൈവശം ആണവായുധം ഉണ്ടാകില്ലെന്ന് ആവര്‍ത്തിച്ചാണ് ട്രംപ് പ്രസ്താവന നടത്തിയത്. എന്നാല്‍ ഇറാനുമായുള്ള കരാറിനെ കുറിച്ചുള്ള വിവരങ്ങളൊന്നും ട്രംപ് പങ്കുവെച്ചില്ല.
അമേരിക്കയില്‍ വരാനിരിക്കുന്ന ഇടക്കാല തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്സ് യുഎസ് വോട്ടര്‍മാര്‍ക്ക് ഒരു തുറന്ന കത്ത് നല്‍കിയിരിക്കുകയാണ്. ട്രംപ് ഭരണകൂടത്തെ മാറ്റണമെന്ന് ആവശ്യപ്പെട്ടാണ് കത്ത്.
ഇറാനുമായി ഈ ആഴ്ച കൂടുതല്‍ ചര്‍ച്ചകള്‍ പ്രതീക്ഷിക്കുന്നതായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പറഞ്ഞിരുന്നു. യുഎസ് യുദ്ധത്തില്‍ വളരെ വേഗം വിജയം നേടുമെന്നും ട്രംപ് അവകാശപ്പെട്ടു. യുഎസുമായുള്ള നയതന്ത്രത്തിന് ഇറാന് തയ്യാറാണെന്ന് ആവര്‍ത്തിച്ച് വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചിയും രംഗത്തെത്തിയിരുന്നു.



