കേന്ദ്രനിർദേശം പാലിക്കില്ല, കേരളത്തിൽ ഒന്നാം ക്ലാസ് പ്രവേശത്തിനുള്ള പ്രായപരിധി അഞ്ചുവയസ്സായി തുടരും : മന്ത്രി ശിവന്‍കുട്ടി

തിരുവനന്തപുരം: സംസ്ഥാനത്ത് ഒന്നാം ക്ലാസ് പ്രവേശനത്തിനുള്ള പ്രായം അഞ്ചുവയസ്സായിരിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. പ്രായപരിധി മാറ്റിയാല്‍ സാമൂഹിക പ്രത്യാഘാതമുണ്ടാകുമെന്നും മന്ത്രി തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
അടുത്ത അധ്യയന വര്‍ഷം മുതല്‍ രാജ്യത്ത് ഒന്നാം ക്ലാസ് പ്രവേശനം നേടാനുള്ള ചുരുങ്ങിയ പ്രായം ആറ് വയസ്സാക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു.2023ലാണ് ആദ്യമായി ഈ നിര്‍ദേശം വിദ്യാഭ്യാസ മന്ത്രാലയം അവതരിപ്പിച്ചത്. അടുത്ത സ്‌കൂള്‍ പ്രവേശനത്തില്‍ കുട്ടികളുടെ കുറഞ്ഞ പ്രായം ആറോ അതില്‍ കൂടുതലോ ആണെന്ന് ഉറപ്പുവരുത്തണമെന്ന് സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണപ്രദേശങ്ങള്‍ക്കും നല്‍കിയ നിര്‍ദേശത്തില്‍ മന്ത്രാലയം വ്യക്തമാക്കി. ഒറ്റഘട്ടമായി ഈ പരിഷ്കാരം നടപ്പാക്കിയാൽ കുട്ടികൾക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ട് കണക്കിലെടുത്താണ് കേരളത്തിന്റെ തീരുമാനം.