കേരളം

എസ്എസ്എൽസി , ഹയർ സെക്കണ്ടറി പരീക്ഷ തീയതികൾ പ്രഖ്യാപിച്ചു

മെയ് രണ്ടാം വാരം പരീക്ഷാ ഫലം പ്രസിദ്ധീകരിക്കുന്ന തരത്തിലാണ് ക്രമീകരണം

തിരുവനന്തപുരം : എസ്എസ്എൽസി , ഹയർ സെക്കണ്ടറി പരീക്ഷ തീയതികൾ പ്രഖ്യാപിച്ചു. എസ്എസ്എൽസി പരീക്ഷകളും ഹയർസെക്കൻഡറി പരീക്ഷകളും  മാർച്ച് ഒന്നിന് ആരംഭിക്കും. പരീക്ഷ നടത്തിപ്പ് ഒരുക്കങ്ങൾ പൂർത്തിയായതായി മന്ത്രി വി ശിവൻകുട്ടി അറിയിച്ചു.

427105 വിദ്യാർത്ഥികൾ എസ്എസ്എൽസി പരീക്ഷ എഴുതും. ആകെ 2971 പരീക്ഷാ കേന്ദ്രങ്ങൾ ആണ്. 441213 വിദ്യാർത്ഥികൾ ഹയർസെക്കൻഡറി രണ്ടാം വർഷ പരീക്ഷ എഴുതും.2016 പരീക്ഷ കേന്ദ്രങ്ങൾ ആണ്. എസ്. എസ്. എൽ. സി, റ്റി. എച്ച്. എസ്. എൽ. സി, എ. എച്ച്. എസ്. എൽ. സി പരീക്ഷകൾ മാർച്ച് 4 മുതൽ ആരംഭിയ്ക്കും.കേരളം, ലക്ഷദ്വീപ്, ഗൾഫ് എന്നീ മേഖലകളിലെ 2,971 പരീക്ഷാ കേന്ദ്രങ്ങളുണ്ട്.

ആകെ ആൺകുട്ടികൾ 2,17,525,ആകെ പെൺകുട്ടികൾ 2,09,580 ആണ്.മലയാളം മീഡിയത്തിൽ പരീക്ഷ എഴുതുന്നത് 1,67,772,ഇംഗ്ലീഷ് മീഡിയത്തിൽ 2,56,135 വിദ്യാർത്ഥികളാണ് പരീക്ഷ എഴുതുന്നത്. ഗൾഫ് മേഖലയിൽ പരീക്ഷ എഴുതുന്ന വിദ്യാർത്ഥികൾ 536 ,ലക്ഷദ്വീപിൽ പരീക്ഷ എഴുതുന്നത് 285 വിദ്യാർത്ഥികളുമാണ്.

ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ പരീക്ഷ എഴുതുന്ന കേന്ദ്രം തിരൂരങ്ങാടി പി.കെ.എം.എം.എച്ച്.എസ്. എടരിക്കോടാണ്. 2085 വിദ്യാർത്ഥികളാണ് ഇവിടെ പരീക്ഷ എഴുതുന്നത്. ഏറ്റവും കുറവ് വിദ്യാർത്ഥികൾ പരീക്ഷ എഴുതുന്ന കേന്ദ്രങ്ങൾ മൂവാറ്റുപുഴ എൻ.എസ്.എസ്.എച്ച്.എസ്., തിരുവല്ല ഗവൺമെന്റ് എച്ച്.എസ്. കുട്ടൂർ, ഹസ്സൻ ഹാജി ഫൗണ്ടേഷൻ ഇന്റർനാഷണൽ എച്ച്.എസ്., എടനാട് എൻ.എസ്.എസ്. എച്ച്.എസ്. എന്നീ സ്‌കൂളുകളാണ്. ഇവിടെ ഓരോ വിദ്യാർത്ഥി വീതമാണ് പരീക്ഷ എഴുതുന്നത്. എസ്.എസ്.എൽ.സി ഐ.റ്റി പരീക്ഷ, മോഡൽ പരീക്ഷ എന്നിവ പൂർത്തീകരിച്ചിട്ടുണ്ട്.

ഹയർ സെക്കന്ററി ഒന്നും രണ്ടും വർഷ പൊതു പരീക്ഷകൾ 2024 മാർച്ച് 1 മുതൽ 26 വരെയുള്ള ഒൻപതു ദിവസങ്ങളിലായാണ് ക്രമീകരിച്ചിട്ടുള്ളത്.ഒന്നാം വർഷം പരീക്ഷ എഴുതുന്നത് 4,14,159 വിദ്യാർത്ഥികളും രണ്ടാം വർഷം പരീക്ഷ എഴുതുന്നത് 4,41,213 വിദ്യാർത്ഥികളുമാണ്. ഒന്നും രണ്ടും വർഷങ്ങളിലായി ആകെ 8,55,372 വിദ്യാർത്ഥികളാണ് പരീക്ഷ എഴുതുന്നത്.

2024 ലെ ഒന്നും രണ്ടും വർഷ ഹയർസെക്കന്ററി പരീക്ഷകൾക്കായി 2017 പരീക്ഷ കേന്ദ്രങ്ങൾ നിശ്ചയിച്ചിട്ടുണ്ട്. ഇതിൽ 1994 പരീക്ഷാ കേന്ദ്രങ്ങൾ കേരളത്തിലും 8 പരീക്ഷാ കേന്ദ്രങ്ങൾ ഗൾഫ് മേഖലയിലും 8 പരീക്ഷാ കേന്ദ്രങ്ങൾ ലക്ഷദ്വീപിലും 6 പരീക്ഷാ കേന്ദ്രങ്ങൾ മാഹിയിലുമാണ്.

ഹയർ സെക്കന്ററി രണ്ടാം വർഷ പ്രായോഗിക പരീക്ഷകൾ പൂർത്തിയായിട്ടുണ്ട്. പ്രായോഗിക പരീക്ഷാ സ്‌കോർ എൻട്രി അന്തിമ ഘട്ടത്തിലാണ്. സി ഇ സ്‌കോർ എൻട്രി സ്‌കൂളുകളിൽ നിന്നും ഓൺലൈനായി ചെയ്ത് വരുന്നു.

രണ്ടാം വർഷ എൻ.എസ്.ക്യു.എഫ് വൊക്കേഷണൽ പ്രായോഗിക പരീക്ഷ നാളെ 2024 ഫെബ്രുവരി 29 അവസാനിക്കുന്നു. രണ്ടാം വർഷ നോൺ വൊക്കേഷണൽ പ്രായോഗിക പരീക്ഷ 2024 ഫെബ്രുവരി 16 ന് അവസാനിച്ചു. രണ്ടാം വർഷ പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്ത വിദ്യാർത്ഥികളുടെ എണ്ണം റഗുലർ വിഭാഗത്തിൽ 27,841, പ്രൈവറ്റ് വിഭാഗത്തിൽ 1,496 ഉൾപ്പെടെ ആകെ 29,337 കുട്ടികളാണ് പരീക്ഷ എഴുതുന്നത്.ഒന്നാം വർഷ പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്ത വിദ്യാർത്ഥികളുടെ ആകെ എണ്ണം 27,770 ആണ്.അങ്ങനെ ഒന്നും രണ്ടും വർഷ പരീക്ഷക്ക് ആകെ രജിസ്റ്റർ ചെയ്ത് 57,107 വിദ്യാർത്ഥികളാണ്. 381 പരീക്ഷാ സെന്ററുകൾ സജ്ജീകരിച്ചിട്ടുണ്ട്. 8 മൂല്യനിർണ്ണയ ക്യാമ്പുകളുമാണ് സജ്ജീകരിക്കുന്നത്. മോഡൽ പരീക്ഷ അവസാനിച്ചു.

സവിശേഷ സഹായം ആവശ്യമുള്ള കുട്ടികളുടെ വിവിധ അപേക്ഷകളിൻമേൽ സമയബന്ധിതമായ തീരുമാനം എടുത്തിട്ടുണ്ട്. എസ്.എസ്.എൽ.സി., ഹയർ സെക്കണ്ടറി, വൊക്കേഷണൽ ഹയർസെക്കണ്ടറി പരീക്ഷകളുടെ പരീക്ഷാ ഫലം മെയ് രണ്ടാം വാരം പ്രസിദ്ധീകരിക്കുന്ന തരത്തിലാണ് ക്രമീകരിച്ചിട്ടുള്ളത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button