കമലാ ഹാരിസ് പ്രസിഡന്റ് സ്ഥാനാർഥിയാകും; പിന്തുണയുണ്ടാവണമെന്ന് ബൈഡൻ
വാഷിംഗ്ടൺ ഡിസി: അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽനിന്ന് ജോ ബൈഡൻ പിന്മാറിയതിന് പിന്നാലെ ഡെമോക്രാറ്റിക്ക് പാർട്ടിയുടെ പ്രസിഡന്റ് സ്ഥാനാർഥിയായി കമലാഹാരിസിനെ ബൈഡൻ നിർദേശിച്ചു. കമലയെ പ്രസിഡന്റ് സ്ഥാനാർഥിയായി പ്രഖ്യാപിക്കുന്പോൾ പിന്തുണ ഉണ്ടാവണമെന്ന് ബൈഡൻ അഭ്യർഥിച്ചു. കമലയെ വൈസ് പ്രസിഡന്റ് ആക്കിയത് താൻ എടുത്ത ഏറ്റവും മികച്ച തീരുമാനമെന്നും അദ്ദേഹം പറഞ്ഞു.
വാർത്താകുറിപ്പിലൂടെയാണ് ബൈഡൻ പിന്മാറുന്ന വിവരം പുറത്തുവിട്ടത്. തീരുമാനം രാജ്യത്തിന്റെയും ഡെമോക്രാറ്റിക് പാർട്ടിയുടെയും താത്പര്യം മുൻനിർത്തിയെന്നും ബൈഡൻ വ്യക്തമാക്കി. താൻ വീണ്ടും തെരഞ്ഞെടുക്കപ്പെടാൻ കഠിനാധ്വാനം ചെയ്തവർക്ക് നന്ദിയെന്നും ബൈഡൻ എക്സിൽ കുറിച്ചു. തീരുമാനത്തെ കുറിച്ച് ഈ ആഴ്ച വിശദമായി സംസാരിക്കുമെന്നും ബൈഡൻ അറിയിച്ചു.
റിപ്പബ്ലിക്കൻ പാർട്ടി സ്ഥാനാർഥിയും മുൻ പ്രസിഡന്റുമായ ഡോണൾഡ് ട്രംപിനോട് ആദ്യ പ്രസിഡൻഷ്യൽ സംവാദത്തിൽ പതറിയതോടെ ബൈഡൻ പിന്മാറണമെന്ന ആവശ്യം ശക്തമായിരുന്നു. രാജ്യത്തിന്റെ പ്രസിഡന്റെന്ന നിലയിലുള്ള ചുമതലകളിൽ ബാക്കിയുള്ള സമയം ശ്രദ്ധിക്കാനാണ് പദ്ധതിയെന്നും ബൈഡൻ കുറിപ്പിൽ പറയുന്നു. നവംബറിലാണ് യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ്. ബൈഡൻ വിജയിക്കാനുള്ള സാധ്യത വളരെ കുറവാണെന്ന് മുൻ പ്രസിഡന്റ് ബറാക് ഒബാമയും അഭിപ്രായപ്പെട്ടിരുന്നു.