കേരളംസ്പോർട്സ്

ISL Final : ഒഗ്‌ബെച്ചെയെ പൂട്ടി കേരള ബ്ലാസ്റ്റേഴ്‌സ്; വല ചലിക്കാതെ ആദ്യപകുതി


മഡ്‌ഗാവ്: ഐഎസ്എല്‍ (ISL 2021-22) ഫൈനലില്‍ ഹൈദരാബാദ് എഫ്‌സി-കേരള ബ്ലാസ്റ്റേഴ്‌സ് (HFC vs KBFC) ആദ്യപകുതി ഗോള്‍രഹിതം. മഞ്ഞപ്പട ആരാധകര്‍ ആറാടുന്ന ഫറ്റോര്‍ഡയില്‍ ഇരു ടീമിനും 45 മിനുറ്റുകളില്‍ ഗോള്‍ നേടാനായില്ല. രണ്ട് മിനുറ്റ് ഇഞ്ചുറിടൈമും ഗോള്‍രഹിതമായി. 

കിക്കോഫായി ആദ്യ മിനുറ്റിനുള്ളില്‍ തന്നെ ബ്ലാസ്റ്റേഴ്‌സ് ആദ്യ ആക്രമണത്തിന് കുതിച്ചു. 11-ാം മിനുറ്റില്‍ സൗവിക് ചക്രവര്‍ത്തിയുടെ ലോംഗ് റേഞ്ചര്‍ ഗില്ലിന്‍റെ കൈകളിലൊരുങ്ങി. 15-ാം മിനുറ്റില്‍ ഖബ്രയുടെ ക്രോസ് ഡയസിന്‍റെ തലയില്‍ തലോടി പുറത്തേക്ക് പോയി. 20-ാം മിനുറ്റില്‍ രാഹുല്‍ കെ പിയുടെ ഷോട്ട് ബാറിന് മുകളിലൂടെ കടന്നുപോയി. തൊട്ടുപിന്നാലെ ആല്‍വാരോ വാസ്‌ക്വസ് ഹൈദരാബാദ് ഗോള്‍മുഖത്ത് കനത്ത ഭീഷണിയൊരുക്കി. 30-ാം മിനുറ്റില്‍ പോസ്റ്റിന്‍റെ വലത് ഭാഗത്തേക്ക് പതിവ് ശൈലിയില്‍ ലൂണ ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. 

39-ാം മിനുറ്റില്‍ വാസ്‌ക്വസിന്‍റെ ബുള്ളറ്റ് ഷോട്ട് ക്രോസ് ബാറില്‍ തട്ടിത്തെറിച്ചത് മഞ്ഞപ്പടയ്‌ക്ക് തിരിച്ചടിയായി. തൊട്ടുപിന്നാലെ ഹൈദരാബാദിന്‍റെ കൗണ്ടര്‍ അറ്റാക്കും വിജയിച്ചില്ല. ഇഞ്ചുറിടൈമില്‍ ഗില്ലിന്‍റെ തകര്‍പ്പന്‍ സേവ് രക്ഷയ്‌‌ക്കെത്തി. ഹൈദരാബാദ് സ്‌ട്രൈക്കര്‍ ബെര്‍ത്തലോമ്യൂ ഒഗ്‌ബെച്ചെയെ പൂട്ടാന്‍ ബ്ലാസ്റ്റേഴ്‌സിനായി.

പരിക്കുമാറി ക്യാപ്റ്റന്‍ അഡ്രിയാന്‍ ലൂണ ബ്ലാസ്റ്റേഴ്‌സിന്‍റെ സ്റ്റാര്‍ട്ടിംഗ് ഇലവനിലെത്തി എന്നതാണ് പ്രധാന സന്തോഷ വാര്‍ത്ത. അതേസമയം പരിക്കിന്‍റെ പിടിയിലുള്ള മലയാളി താരം സഹല്‍ അബ്‌ദുല്‍ സമദ് സ്‌ക്വാഡിലില്ല. മലയാളി താരം രാഹുല്‍ കെ പി  സ്റ്റാര്‍ട്ടിംഗ് ഇലനില്‍ കളിക്കുന്നുണ്ട്. ജയിച്ചാല്‍ ബ്ലാസ്റ്റേഴ്‌സിനും ഹൈദരാബാദിനും അവരുടെ കന്നിക്കിരീടം ഉയര്‍ത്താം. 

ബ്ലാസ്റ്റേഴ്‌സ് സ്റ്റാര്‍ട്ടിംഗ് ഇലവന്‍

പ്രഭ്‌സുഖന്‍ ഗില്‍(ഗോളി), സന്ദീപ് സിംഗ്, ആര്‍വി ഹോര്‍മിപാം, മാര്‍കോ ലെസ്‌കോവിച്ച്, ഹര്‍മന്‍ജോത് ഖബ്ര, പ്യൂട്ടിയ, അഡ്രിയാന്‍ ലൂണ, ജീക്‌സണ്‍ സിംഗ്, രാഹുല്‍ കെ പി, പെരേര ഡയസ്, ആല്‍വാരോ വാസ്‌ക്വസ്. 

ഫറ്റോര്‍ഡ മഞ്ഞക്കടല്‍

സെമിയില്‍ ലീഗ് വിന്നേഴ്‌സ് ഷീല്‍ഡ് നേടിയ ജംഷഡ്‌പൂര്‍ എഫ്‌സിയെ ഇരുപാദങ്ങളിലുമായി 2-1ന് തോല്‍പ്പിച്ചാണ് കേരള ബ്ലാസ്റ്റേഴ്‌സ് ഫൈനലിലെത്തിയത്. ഹൈദരാബാദ് എഫ്‌സിയാകട്ടെ കഴിഞ്ഞ സീസണിലെ റണ്ണറപ്പുകളായ എടികെ മോഹന്‍ ബഗാനെ 3-2ന് തോല്‍പ്പിച്ച് ഫൈനലിലെത്തി. ലീഗ് ഘട്ടത്തില്‍ ഏറ്റുമുട്ടിയപ്പോള്‍ ബ്ലാസ്റ്റേഴ്‌സും ഹൈദരാബാദും ഓരോ കളിയില്‍ ജയിച്ചു. ലീഗ് ഘട്ടത്തില്‍ കൂടുതല്‍ പോയിന്‍റ് നേടിയതിനാല്‍ ഹൈദരാബാദ് ഹോം ജേഴ്‌സിയായ മഞ്ഞ കുപ്പായം അണിയുന്നു. എന്നാല്‍ ഗാലറിയില്‍ ബ്ലാസ്റ്റേഴ്‌സ് ആരാധകരെത്തിയത് മഞ്ഞ ജേഴ്‌സിയണിഞ്ഞാണ്. 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button