സമ്പൂർണ എഐ കമ്പനിലേക്കുള്ള ചുവടുമാറ്റം; ജീവനക്കാരെ വീണ്ടും പിരിച്ചുവിടാൻ ഒരുങ്ങി ഹെൽത്ത്‌ടെക് സ്റ്റാർട്ടപ്പായ ഇൻോവാസ്സെർ

സാൻ ഫ്രാൻസിസ്കോ : ടെക് ലോകത്ത് നിന്ന് പുറത്തുവരുന്നത് വന്‍ പിരിച്ചുവിടലുകളുടെ വാർത്തയാണ്. ഒറാക്കിളും ലിങ്ക്ഡ്ഇനും ഉൾപ്പെടെയുള്ള ടെക് പ്ലാറ്റ്‌ഫോമുകളിൽ നിന്ന് പുറത്തുവരുന്ന വാർത്ത ഞെട്ടിക്കുന്നതാണ്.
ഇതിന് പിന്നാലെ സമ്പൂർണ എഐ കമ്പനിയായി പുനഃക്രമീകരിക്കുന്നതിന്റെ ഭാഗമായി ജീവനക്കാരെ വീണ്ടും പിരിച്ചുവിടാൻ ഒരുങ്ങുകയാണ് ഹെൽത്ത്‌ടെക് (ആരോഗ്യ സാങ്കേതികവിദ്യ) സ്റ്റാർട്ടപ്പായ ഇൻോവാസ്സെർ. കമ്പനിയുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ അഭിനവ് ശശാങ്ക് ജീവനക്കാർക്ക് അയച്ച ഇമെയിലിന്റെ സ്ക്രീൻഷോട്ട് ഇപ്പോൾ ഓൺലൈനിൽ പ്രചരിക്കുകയാണ്. ഇതിൽ അദ്ദേഹം പിരിച്ചുവിടൽ തീരുമാനത്തെക്കുറിച്ച് ജീവനക്കാരോട് വിശദീകരിക്കുകയും, കമ്പനി ആർട്ടിഫിഷ്യൽ ഇന്റലിജൻസിലേക്ക് ചുവടുമാറുകയാണെന്നും അറിയിക്കുന്നു.
ഇങ്ക്42 (Inc42) റിപ്പോർട്ട് പ്രകാരം, കഴിഞ്ഞ നാല് വർഷത്തിനിടയിൽ ഇത് മൂന്നാം തവണയാണ് ഇന്നോവാസ്സെർ തങ്ങളുടെ ജീവനക്കാരുടെ എണ്ണം കുറയ്ക്കുന്നത്. ഇന്ത്യയിലും യുഎസിലുമായി ഏകദേശം 340 ഓളം ജീവനക്കാർക്ക് ഈ നടപടിയിലൂടെ ജോലി നഷ്ടപ്പെടാൻ സാധ്യതയുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു.
കമ്പനിയെ സംബന്ധിച്ചിടത്തോളം ഇത് വളരെ ബുദ്ധിമുട്ടേറിയ ഒരു ദിവസമാണ് എന്നാണ് ജീവനക്കാർക്കയച്ച ഇമെയിലിൽ അഭിനവ് ശശാങ്ക് ഇതിനെ വിശേഷിപ്പിച്ചത്. മറ്റെന്തിനും മുൻപായി താൻ ഇത് തുറന്നു പറയാൻ ആഗ്രഹിക്കുന്നു. ഇന്ന് ഇന്നോവാസ്സെറിലെ നമ്മളെല്ലാവരെയും സംബന്ധിച്ച് വളരെ ബുദ്ധിമുട്ടേറിയ ഒരു ദിവസമാണ്. ചില സഹപ്രവർത്തകർക്ക് തങ്ങളുടെ ജോലി അവസാനിക്കുകയാണെന്ന് അറിയിച്ചുകൊണ്ട് പിഎക്സ് ടീമിൽ നിന്നുള്ള സന്ദേശം ഇന്ന് ലഭിക്കും. ഉൽപ്പന്നങ്ങൾ വികസിപ്പിച്ചവരും, ബിസിനസ് ഡീലുകൾ വിജയകരമായി പൂർത്തിയാക്കിയവരും, ഉപഭോക്താക്കൾക്ക് പിന്തുണ നൽകിയവരും, കഠിനമായ ഘട്ടങ്ങളിൽ ഈ കമ്പനിയെ മുന്നോട്ട് നയിച്ചവരുമാണ് ഇവർ. അവർ കെട്ടിപ്പടുത്തത് യഥാർഥവും മൂല്യമുള്ളതുമാണ്. ഇത് ഒരു അടിക്കുറിപ്പായിട്ടല്ല, മറിച്ച് നേരിട്ട് തന്നെ അവർ അറിയണമെന്ന് താൻ ആഗ്രഹിക്കുന്നു. ഈ കമ്പനിക്ക് വേണ്ടി നിങ്ങൾ നൽകിയ സംഭാവനകൾക്ക് താൻ നന്ദിയുള്ളവനാണ്. ഈ രീതിയിൽ പടിയിറങ്ങുന്നത് വളരെ കഠിനമാണ്, അതിനെ ലഘൂകരിച്ചു കാണില്ലെന്നും അഭിനവ് ശശാങ്ക് തൻ്റെ ഇമെയിലിൽ പറയുന്നു.
ജോലി നഷ്ടപ്പെടുന്ന ജീവനക്കാർക്ക് പരിവർത്തന കാലയളവിൽ ആവശ്യമായ പിന്തുണയും പിരിച്ചുവിടൽ ആനുകൂല്യങ്ങളും കമ്പനി നൽകുമെന്നും അദ്ദേഹം ജീവനക്കാരെ അറിയിച്ചു.
സാൻ ഫ്രാൻസിസ്കോ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഹെൽത്ത്‌കെയർ ടെക്നോളജി കമ്പനിയായ ഇന്നോവാസ്സെറിന്റെ സഹസ്ഥാപകനും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമാണ് അഭിനവ് ശശാങ്ക്. ലഖ്‌നൗ സ്വദേശിയായ ശശാങ്ക്, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (IIT) ഖരഗ്‌പൂരിൽ നിന്നാണ് മെക്കാനിക്കൽ എഞ്ചിനീയറിംഗിൽ ബിരുദം പൂർത്തിയാക്കിയത്. കമ്പനി ഇതുവരെ ഏകദേശം 67.5 കോടി ഡോളർ (675 മില്യൺ ഡോളർ) ഫണ്ടിംഗിലൂടെ സമാഹരിച്ചിട്ടുണ്ട്. നിലവിൽ കമ്പനിയുടെ ആകെ മൂല്യം ഏകദേശം 345 കോടി ഡോളറാണ് (3.45 ബില്യൺ ഡോളർ).



