അന്തർദേശീയം

മെക്സിക്കൻ കാർട്ടലുകളുടെ ഡ്രോണുകൾ അതിർത്തി ലംഘിച്ച് പറന്നു; ടെക്സസിലെ വിമാനത്താവളം അടച്ചു

വാഷിംഗ്ടൺ ഡിസി : മെക്സിക്കൻ കാർട്ടലുകളുടെ ഡ്രോണുകൾ അതിർത്തി ലംഘിച്ച് പറന്നതിനെത്തുടർന്ന് സുരക്ഷാ ഭീഷണിയുണ്ടായതിനാൽ ടെക്സസിലെ വിമാനത്താവളം അടച്ചുപൂട്ടി.

എൽ പാസോ അന്താരാഷ്ട്ര വിമാനത്താവളമാണ് ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ (എഫ്എഎ) അടച്ചിട്ടത്. എന്നാൽ ഭീഷണി നീങ്ങിയെന്നും വിമാനത്താവളം വീണ്ടും തുറന്നതായും അധികൃതർ അറിയിച്ചു.

മെക്സിക്കൻ കാർട്ടലുകളുടെ ഡ്രോണുകൾ യുഎസ് അതിർത്തിക്കുള്ളിലേക്ക് കടന്നുകയറിയതാണ് വിമാനത്താവളം അടച്ചിടാൻ കാരണമായത്. പത്ത് ദിവസത്തേക്ക് വിമാനത്താവളം അടച്ചിടാനായിരുന്നു ആദ്യ തീരുമാനം.

എന്നാൽ, ഭീഷണി നിർവീര്യമാക്കിയെന്നും വാണിജ്യ വിമാനങ്ങൾക്ക് അപകടസാധ്യതയില്ലെന്നും ഗതാഗത സെക്രട്ടറി ഷോൺ ഡഫി എക്സിലൂടെ അറിയിച്ചു. ചൊവ്വാഴ്ച രാത്രി മുതൽ ഫെബ്രുവരി 20 വരെ വാണിജ്യ, കാർഗോ വിമാനങ്ങൾ ഉൾപ്പെടെ എല്ലാ സർവീസുകളും നിർത്തിവയ്ക്കാനായിരുന്നു എഫ്എഎയുടെ നിർദ്ദേശം.

എൽ പാസോ വിമാനത്താവളത്തിന് പുറമെ ന്യൂ മെക്സിക്കോയിലെ സാന്താ തെരേസയ്ക്ക് മുകളിലും സമാനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു. വിമാനത്താവളം അടച്ചുപൂട്ടിയത് യാത്രക്കാരെ വലിയ തോതിൽ ബാധിച്ചു.

അമേരിക്കൻ അതിർത്തി നഗരമായ എൽ പാസോയും മെക്സിക്കോയിലെ സിയുഡാഡ് ജുവാരസും അതിർത്തി വ്യാപാരത്തിൻ്റെ പ്രധാന കേന്ദ്രങ്ങളാണ്. മുൻകൂട്ടി അറിയിക്കാതെ വിമാനത്താവളം അടച്ചുപൂട്ടിയതിനെതിരെ ഡെമോക്രാറ്റിക് പ്രതിനിധി വെറോണിക്ക എസ്കോബാർ രംഗത്തെത്തിയിരുന്നു.

ജനങ്ങൾക്കിടയിൽ ഇത് വലിയ ആശങ്ക സൃഷ്ടിച്ചെന്നും അവർ ചൂണ്ടിക്കാട്ടി. ഭീഷണി നേരിട്ടതെങ്ങനെയെന്നോ എത്ര ഡ്രോണുകൾ ഉൾപ്പെട്ടിരുന്നുവെന്നോ ഉള്ള വിവരങ്ങൾ അധികൃതർ പുറത്തുവിട്ടിട്ടില്ല.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button