പ്രശസ്ത ന്യൂസിലാൻഡ് നടൻ സാം നീൽ അന്തരിച്ചു

സിഡ്‌നി : ‘ജുറാസിക് പാർക്ക്’, ‘ദി പിയാനോ’ എന്നീ വിഖ്യാത ചിത്രങ്ങളിലൂടെ അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധേയനായ പ്രശസ്ത ന്യൂസിലാൻഡ് നടൻ സാം നീൽ (78) അന്തരിച്ചു. സിഡ്‌നിയിലായിരുന്നു അന്ത്യം. അദ്ദേഹത്തിന്റെ മരണം പെട്ടെന്നുള്ളതും അപ്രതീക്ഷിതവും ആയിരുന്നുവെന്ന് കുടുംബം സോഷ്യൽ മീഡിയയിലൂടെ അറിയിച്ചു.
2023-ൽ തനിക്ക് അപൂർവ ഇനത്തിൽപ്പെട്ട രക്താർബുദം (ആൻജിയോഇമ്മ്യൂണോബ്ലാസ്റ്റിക് ടി-സെൽ ലിംഫോമ) ബാധിച്ച വിവരം സാം നീൽ വെളിപ്പെടുത്തിയിരുന്നു. എന്നാൽ മരണസമയത്ത് അദ്ദേഹം അർബുദ വിമുക്തനായിരുന്നുവെന്നും, മരണകാരണം വ്യക്തമല്ലെന്നും കുടുംബം പ്രസ്താവനയിൽ പറഞ്ഞു.
കലാമൂല്യമുള്ള ചിത്രങ്ങൾ മുതൽ വൻ ബോക്‌സ് ഓഫീസ് വിജയങ്ങൾ നേടിയ ബ്ലോക്ക്ബസ്റ്ററുകൾ വരെ നീളുന്നതായിരുന്നു അദ്ദേഹത്തിന്റെ അഭിനയജീവിതം. ‘ജുറാസിക് പാർക്കിൽ’ വെലോസിറാപ്റ്ററുകളിൽ നിന്ന് രക്ഷപെടുന്ന കഥാപാത്രമായും, ‘ദി പിയാനോ’യിൽ ഹോളി ഹണ്ടറിന്റെ ഭർത്താവായും അദ്ദേഹം തിളങ്ങി. 1970-കളുടെ അവസാനത്തിൽ ആസ്േ്രതലിയൻ സിനിമയിലുണ്ടായ വലിയ കുതിച്ചുചാട്ടത്തിലൂടെ ആഗോളതലത്തിൽ പ്രശസ്തരായ പ്രമുഖരിൽ ഒരാളാണ് സാം നീൽ. ‘പീക്കി ബ്ലൈൻഡേഴ്‌സ്’, ‘ദി ഹണ്ട് ഫോർ റെഡ് ഒക്ടോബർ’, ‘ഓമൻ III: ദി ഫൈനൽ കോൺഫ്‌ലിക്റ്റ്’ എന്നിവയുൾപ്പെടെ നിരവധി ടെലിവിഷൻ പരമ്പരകളിലും സിനിമകളിലും അദ്ദേഹം വേഷമിട്ടിട്ടുണ്ട്.
സാം നീൽ സിനിമാലോകത്തെ മഹാരഥന്മാരിൽ ഒരാളായിരുന്നുവെന്ന് ന്യൂസിലാൻഡ് പ്രധാനമന്ത്രി ക്രിസ്റ്റഫർ ലക്‌സൺ അനുസ്മരിച്ചു. ആസ്‌ത്രേലിയൻ പ്രധാനമന്ത്രി ആന്റണി ആൽബനീസും അദ്ദേഹത്തിന് ആദരാഞ്ജലികൾ അർപ്പിച്ചു. രോഗാവസ്ഥയെപ്പോലും അദ്ദേഹം അതീവ ധീരതയോടെയും തമാശയോടെയുമാണ് നേരിട്ടതെന്ന് ആൽബനീസ് ഓർമിച്ചു.



