റഷ്യൻ സൈനികർ ഹെലികോപ്ടർ ഗൺ നിലത്തുറപ്പിച്ചുവെച്ച് പരീക്ഷണാർഥം വെടിയുതിർക്കുന്നതിനിടെ അപകടം

മോസ്കോ : ഹെലികോപ്റ്ററിൽ ഘടിപ്പിച്ചുപയോഗിക്കാൻ രൂപകല്പന ചെയ്ത റോട്ടറി മെഷീൻ ഗൺ, റഷ്യൻ സൈനികർ നിലത്തുറപ്പിച്ചുവെച്ച് പരീക്ഷണാർഥം വെടിയുതിർക്കുന്നതിനിടെ അപകടം. ഇതിന്റെ വീഡിയോ സാമൂഹികമാധ്യമങ്ങളിൽ പ്രചരിക്കുന്നു. സോവിയറ്റ് കാലഘട്ടത്തിലെ Mi-24 അറ്റാക്ക് ഹെലികോപ്റ്ററുകളുടെ മുൻഭാഗത്ത് ഘടിപ്പിക്കാൻ നിർമിച്ച ‘YakB-12.7’ എന്ന നാല് ബാരലുകളുള്ള തോക്കാണ് ദൃശ്യങ്ങളിലുള്ളത്.
ഹെലികോപ്റ്ററിന് പകരം നിലത്ത് പ്രത്യേകമായി നിർമിച്ച സ്റ്റാൻഡിലാണ് തോക്ക് ഘടിപ്പിച്ചിരുന്നത്. തോക്കിന്റെ ട്രിഗർ അമർത്തിയ നിമിഷം തന്നെ മെഷീൻ ഗൺ അതിന്റെ സ്റ്റാൻഡിൽനിന്ന് ഇളകിപ്പോവുകയും, അനിയന്ത്രിതമായി കറങ്ങുകയുമായിരുന്നു.. ഇതോടെ സൈനികർ ജീവരക്ഷാർഥം ഓടി. തോക്കിന് തൊട്ടുമുന്നിൽ നിന്നിരുന്ന ഒരു സൈനികൻ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്.
ഈ ദൃശ്യങ്ങൾ എവിടെവെച്ചാണ് ചിത്രീകരിച്ചതെന്നോ, സംഭവത്തിൽ ആർക്കെങ്കിലും പരിക്കേറ്റിട്ടുണ്ടോ എന്നതിനെക്കുറിച്ച് ഔദ്യോഗിക വിവരങ്ങൾ ലഭ്യമല്ല. ഡ്രോണുകളെ പ്രതിരോധിക്കാൻ നിയോഗിക്കപ്പെട്ട റഷ്യൻ മൊബൈൽ ഫയർ ഗ്രൂപ്പിന്റെ പരിശീലനത്തിനിടെയാണ് ഈ അപകടം സംഭവിച്ചതെന്ന് ചില സോഷ്യൽ മീഡിയ ഉപയോക്താക്കൾ അഭിപ്രായപ്പെടുന്നുണ്ട്.



