കേരളം

ദിവസങ്ങള്‍ നീണ്ട കാത്തിരിപ്പിന് വിരാമം; വിഡി സതീശന്‍ കേരള മുഖ്യമന്ത്രി

ന്യൂഡല്‍ഹി : ദിവസങ്ങള്‍ നീണ്ട കാത്തിരിപ്പിന് വിരാമം. വിഡി സതീശന്‍ കേരള മുഖ്യമന്ത്രി. എംഎല്‍എമാരുടെ പിന്തുണയ്ക്കപ്പുറം സംസ്ഥാനത്തിന്റെ ജനഹിതം കൂടി കണക്കിലെടുത്താണ് ഹൈക്കമാന്‍ഡ് തീരുമാനം. എഐസിസി ജനറൽ സെക്രട്ടറി ദീപാ ദാസ് മുൻഷിയാണ് ഇതുസംബന്ധിച്ച പ്രഖ്യാപനം ഡൽഹിയിൽ നടത്തിയത്. നേരത്തെ കേരളത്തിലെ മുതിര്‍ന്ന നേതാക്കളായ രമേശ് ചെന്നിത്തല, കെസി വേണുഗോപാല്‍, വിഡി സതീശന്‍, കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എന്നിവരുമായി ഹൈക്കമാന്‍ഡ് ചര്‍ച്ച നടത്തിയിരുന്നു. ലീഗ് നേതൃത്വത്തെയും തീരുമാനം അറിയിച്ച ശേഷമായിരുന്നു ഔദ്യോഗിക പ്രഖ്യാപനം.

പറവൂര്‍ നിയോജകമണ്ഡലത്തില്‍ നിന്നാണ് വിഡി സതീശന്‍ നിയമസഭയിലെത്തിയത്. പ്രതിപക്ഷനേതാവെന്ന നിലയില്‍ യുഡിഎഫിനെ ഒറ്റക്കെട്ടായി മുന്നില്‍നിന്നു നയിച്ചതാണ് സതീശന് കൈമുതലായത്. നൂറിലധികം സീറ്റിലേക്ക് യുഡിഎഫ് എത്തിയത് അദ്ദേഹത്തിന്റെ നിലപാടുകള്‍ക്കുള്ള അംഗീകാരമാണെന്ന വിലയിരുത്തലും മുസ്ലിം ലീഗ് ഉള്‍പ്പെടെയുള്ള ഘടകകക്ഷികളുടെ പിന്തുണയും സതീശന് തുണയായി. എറണാകുളത്തുനിന്നുള്ള ആദ്യത്തെ മുഖ്യമന്ത്രിയാണ് സതീശന്‍.

കേരളത്തില്‍ നിന്നുളള എംഎല്‍എമാരുടെ പിന്തുണയും ദേശീയ നേതൃത്വത്തിന്റെ താത്പര്യവും കെസി വേണുഗോപാലിന് തുണയ്ക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. കര്‍ണാടകയിലും തെലങ്കാനയിലും എംഎല്‍എമാരുടെ തലയെണ്ണി മുഖ്യമന്ത്രിയെ തീരുമാനിച്ചത് കെസി പക്ഷം ഓര്‍മിപ്പിച്ചെങ്കിലും അത് ഗുണം കണ്ടില്ല. സീനിയറായ രമേശ് ചെന്നിത്തലയെ മുഖ്യമന്ത്രിയാക്കണമെന്ന് ചെന്നിത്തല അനുകൂലികളും രംഗത്ത് വന്നിരുന്നു.

ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞടുപ്പില്‍ ചരിത്രവിജയം നേടിയാണ് ഒരു പതിറ്റാണ്ടിന് ശേഷം യുഡിഎഫ് ഭരണം തിരിച്ചുപിടിച്ചത്. കേരളത്തിന്റെ ചരിത്രലാദ്യമായാണ് ഒരു മുന്നണി നൂറിലേറെ സീറ്റ് നേടി അധികാരത്തിലെത്തുന്നത്. 63 സീറ്റ് നേടി കോണ്‍ഗ്രസ് വലിയ ഒറ്റകക്ഷിയായി. മുസ്ലീംലീഗ് 22, കേരള കോണ്‍ഗ്രസ് ജോസഫ് 7, ആര്‍എസ്പി 3, ആര്‍എംപി 1, കേരളാ കോണ്‍ഗ്രസ് ജേക്കബ് 1, സിഎംപി, നാല് സ്വതന്ത്രര്‍ എന്നിവര്‍ ഉള്‍പ്പെടെ യുഡിഎഫിന്റെ അംഗബലം 102 ആണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button