അന്തർദേശീയം

ഹസീനയ്ക്കൊപ്പം വാർത്താസമ്മേളനത്തിൽ; ബംഗ്ലാദേശ് മുൻ ക്രിക്കറ്റ് താരത്തിന്റെ വീടിന് നേരെ ബോംബേറ്

ധാക്ക : ബംഗ്ലാദേശ് ക്രിക്കറ്റ് ടീം മുന്‍ ക്യാപ്റ്റനും അവാമി ലീഗ് എംപിയുമായിരുന്ന ഷാക്കിബ് അല്‍ ഹസന്റെ വീടിന് നേരെ പെട്രോള്‍ ബോംബേറ്. ബംഗ്ലാദേശ് മുന്‍ പ്രധാമന്ത്രി ഷെയ്ഖ് ഹസീനയ്‌ക്കൊപ്പം വെർച്വലായി വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തിന് പിന്നാലെയാണ് ബോംബേറ് നടന്നത്. ബംഗ്ലാദേശ് പ്രാദേശിക സമയം രാത്രി 8.45നാണ് സംഭവം ഉണ്ടായത്. ഷാക്കിബിന്റെ ബംഗ്ലാദേശിലെ കുടുംബ വീടിന് നേരെയാണ് ആക്രമണമുണ്ടായത്.

മഗുര പട്ടണത്തിലെ കേശബ്‌മോര്‍ പ്രദേശത്തുള്ള വീടാണ് ആക്രമിക്കപ്പെട്ടത്. ന്യൂഡല്‍ഹിയിലെ ഫോറിന്‍ കറസ്‌പോണ്ടന്‍ഡ്‌സ് ക്ലബ് സംഘടിപ്പിച്ച പ്രസ് കോണ്‍ഫറന്‍സിലാണ് ഷെയ്ഖ് ഹസീനയ്ക്ക് ഒപ്പം ഷാക്കിബ് ഓൺലൈനായി പങ്കെടുത്തത്. സംഭവത്തില്‍ പ്രതിഷേധവുമായി അവാമി ലീഗ് രംഗത്തത്തിയിട്ടുണ്ട്.

ഹസീന പങ്കെടുത്ത വാര്‍ത്താസമ്മേളനം പ്രസിദ്ധീകരിക്കുന്ന മാധ്യമങ്ങള്‍ക്കെതിരെ നടപടിയുണ്ടാകുമെന്ന ഭീഷണി ഉണ്ടായിരുന്നതായി അവാമി പാര്‍ട്ടി ആരോപിച്ചു. അവാമി ലീഗ് പ്രവര്‍ത്തകരെ കൊന്നൊടുക്കാനും അവരുടെ വംശഹത്യ നടത്താനുമുള്ള മറ്റൊരു നീക്കമാണിതെന്നും പാര്‍ട്ടി പ്രസിഡന്റിന്റെ വാര്‍ത്ത സമ്മേളനത്തിന് പിന്നാലെയുണ്ടായ സംഭവവികാസങ്ങളില്‍ അവാമി പാര്‍ട്ടി പ്രതികരിച്ചു.

ഈ വര്‍ഷം ഡിസംബറോടെ ബംഗ്ലാദേശിലെ മടങ്ങുമെന്നാണ് വാര്‍ത്താ സമ്മേളനത്തില്‍ ഷെയ്ഖ് ഹസീന പ്രഖ്യാപിച്ചിരിക്കുന്നത്. അറസ്റ്റോ മരണമോ എന്തും വരിക്കാന്‍ തയ്യാറാണെന്നും ജനാധിപത്യം പുനഃസ്ഥാപിക്കാനുള്ള ഒരു ശ്രമമാണ് താന്‍ നടത്താന്‍ പോകുന്നതെന്നും ഹസീന വിശദീകരിച്ചിരുന്നു. താന്‍ മടങ്ങിച്ചെന്നാല്‍ എന്തെല്ലാം അപകടങ്ങളാണ് കാത്തിരിക്കുന്നതെന്ന് അറിയാമെന്നും ഹസീന പറഞ്ഞു. 2024 ഓഗസ്റ്റ് അഞ്ച് മുതല്‍ ഹസീന ഇന്ത്യയിലാണ് അഭയം തേടിയിരിക്കുന്നത്. സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭത്തിന് പിന്നാലെ ധാക്കയില്‍ നിന്നും അവര്‍ ഇന്ത്യയിലേക്ക് പലായനം ചെയ്യുകയായിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button