ഇന്ധനവില കുതിച്ചുയർന്നു; ലോകം ചുറ്റിക്കൊണ്ടിരുന്ന ആഡംബര കപ്പൽ കംബോഡിയയിൽ കുടുങ്ങി

നോം പെൻ : ലോകം ചുറ്റിക്കൊണ്ടിരുന്ന ആഡംബര കപ്പലിന്റെ യാത്ര പാതിവഴിയിൽ മുടങ്ങി. ഇന്ധനച്ചെലവ് കുത്തനെ ഉയർന്നതോടെയാണ് കപ്പലിന്റെ യാത്ര മുടങ്ങിയത്. ഇതോടെ കപ്പലിലുണ്ടായിരുന്ന യാത്രക്കാർ കംബോഡിയയിൽ കുടുങ്ങി. അമേരിക്ക ആസ്ഥാനമായി പ്രവർത്തിക്കുന്ന വില്ല വീ റെസിഡൻസസിന്റെ ഉടമസ്ഥതയിലുള്ള വില്ല വീ ഒഡീസി എന്ന കപ്പലാണ് യാത്ര നിർത്തിയത്. യാത്രക്കാരെ കപ്പലിൽനിന്ന് ഇറക്കുന്നതിനും അവർക്ക് താമസസൗകര്യം ഒരുക്കുന്നതിനും ശ്രമിച്ചുവരികയാണെന്ന് കമ്പനി അറിയിച്ചു.
ഏകദേശം 200 മീറ്റർ നീളമുള്ള കപ്പലിൽ 650 യാത്രക്കാരെ വരെ ഉൾക്കൊള്ളാനാകും. എന്നാൽ എത്രപേരാണ് കപ്പലിലുള്ളതെന്ന് വ്യക്തമല്ല. ഇരുനൂറോളം യാത്രക്കാർ ഉണ്ടെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോർട്ട്. 2024 ഒക്ടോബറിൽ ബെൽഫാസ്റ്റിൽനിന്ന് പുറപ്പെട്ട കപ്പലിന്റെ യാത്ര മൂന്നര വർഷം നീളുന്നതായിരുന്നു. ഏകദേശം 150 രാജ്യങ്ങൾ സന്ദർശിച്ച് ലോകം ചുറ്റാനായിരുന്നു പദ്ധതി. യാത്ര തുടങ്ങി 750 ദിവസത്തിലേറെ പിന്നിട്ടപ്പോഴാണ് കപ്പലിന് യാത്ര നിർത്തേണ്ടിവന്നത്.
ഈ വർഷം ആദ്യം അമേരിക്കയും ഇസ്രായേലും ഇറാനെ ആക്രമിക്കുകയും പിന്നീട് യുദ്ധം ആരംഭിക്കുകയും ചെയ്തതിന് പിന്നാലെ ആഗോളതലത്തിൽ ഇന്ധനവില ഉയർന്നിരുന്നു. ഏഷ്യയിലെ ചില മേഖലകളിൽ കപ്പലിലെ ഒരു മുറിയുടെ പ്രതിമാസ ഇന്ധനച്ചെലവ് 1,800 ഡോളറിൽനിന്ന് 8,000 ഡോളർ വരെയായി ഉയർന്നെന്ന് കമ്പനി വ്യക്തമാക്കി. ഇന്ധന ഉപയോഗം കുറയ്ക്കാൻ കപ്പലിന്റെ വേഗം കുറയ്ക്കുകയും തുറമുഖങ്ങളിൽ കൂടുതൽ സമയം ചെലവഴിക്കുകയും ചെയ്തിരുന്നു. എന്നാൽ ഇതുകൊണ്ടുമാത്രം ചെലവിലെ വർധന നിയന്ത്രിക്കാനായില്ല. അധിക ചെലവ് മുഴുവൻ യാത്രക്കാരിൽനിന്ന് ഈടാക്കുന്നതും പ്രായോഗികമല്ലെന്ന് കമ്പനി അറിയിച്ചു.
അടുത്ത 60 ദിവസം സാമ്പത്തിക പുനഃസംഘടനയ്ക്കും പുതിയ നിക്ഷേപം കണ്ടെത്തുന്നതിനുമായി മാറ്റിവയ്ക്കുമെന്ന് വില്ല വീ റെസിഡൻസസ് അറിയിച്ചു. എന്നാൽ ഈ ശ്രമങ്ങൾ വിജയിക്കുമെന്ന് ഉറപ്പുനൽകാനാകില്ലെന്നും കമ്പനി വ്യക്തമാക്കി. കംബോഡിയയിലെ സിഹാനുക്വിൽ തുറമുഖത്താണ് യാത്രക്കാരോട് കപ്പലിൽനിന്ന് ഇറങ്ങാൻ നിർദേശിച്ചത്. ചൈനീസ് കാസിനോകളുടെയും തട്ടിപ്പ് കേന്ദ്രങ്ങളുടെയും പേരിൽ അടുത്തകാലത്ത് ശ്രദ്ധ നേടിയ നഗരമാണിത്. പ്രധാന അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള ദൂരം കാരണം ഇവിടെനിന്ന് യാത്ര തുടരുന്നത് ബുദ്ധിമുട്ടാണെന്ന് ചില യാത്രക്കാർ പറഞ്ഞു.
ആഗോളതലത്തിൽ ഇന്ധനവില ഉയർന്നതോടെ യാത്രക്കാർ അധിക ഇന്ധനച്ചെലവ് നൽകുന്നത് പരിഗണിക്കണമെന്ന് കമ്പനി ആവശ്യപ്പെട്ടിരുന്നതായി യാത്രക്കാരിയായ ഹോളി ഹെന്നസി പറഞ്ഞു. കപ്പലിന്റെ യാത്രാപദ്ധതിയും വെട്ടിച്ചുരുക്കിയിരുന്നു. ചിലർ കപ്പൽ വിട്ട് കരമാർഗം യാത്ര തുടരാൻ തീരുമാനിച്ചു. ഇപ്പോൾ യാത്രക്കാർ വിവിധ ഹോട്ടലുകളിലാണ് താമസിക്കുന്നത്. താൻ പ്രതീക്ഷിക്കാത്ത സ്ഥലത്താണ് ഇത്രയും കാലം ചെലവഴിക്കേണ്ടിവരുന്നതെന്നും ഹെന്നസി ബിബിസിയോട് പറഞ്ഞു. കപ്പൽ വീണ്ടും യാത്ര തുടങ്ങുമെന്ന പ്രതീക്ഷയിൽ കംബോഡിയയിൽ തുടരാനാണ് അവരുടെ തീരുമാനം.
കപ്പലിൽ യാത്രക്കാർക്കായി നിരവധി ബാറുകളും ഭക്ഷണശാലകളും നീന്തൽക്കുളവും ഉൾപ്പെടെയുള്ള സൗകര്യങ്ങളുണ്ടായിരുന്നു. കപ്പലിലെ മുറികളിൽ സ്ഥിരമായി താമസിക്കാനുള്ള അവകാശം 1.20 ലക്ഷം ഡോളർ മുതൽ 4.40 ലക്ഷം ഡോളർ വരെയുള്ള തുകയ്ക്ക് ലഭ്യമായിരുന്നു. പ്രതിമാസം 3,500 ഡോളർ മുതൽ വാടകയ്ക്കും മുറികൾ ലഭിച്ചിരുന്നു. വിരമിച്ചശേഷം ജീവിതം കടലിൽ ചെലവഴിക്കാൻ ആഗ്രഹിക്കുന്നവർക്കായി കഴിഞ്ഞ വർഷം കമ്പനി ആജീവനാന്ത താമസപദ്ധതിയും ആരംഭിച്ചിരുന്നു.
2024-ൽ ഡൊണാൾഡ് ട്രംപ് വീണ്ടും അമേരിക്കൻ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ നാലുവർഷത്തെ പ്രത്യേക യാത്രാപദ്ധതിയും കമ്പനി പ്രഖ്യാപിച്ചിരുന്നു. തിരഞ്ഞെടുപ്പ് ഫലത്തിൽ നിരാശരായി രാജ്യം വിടാൻ ആഗ്രഹിക്കുന്നവരെ ലക്ഷ്യമിട്ടായിരുന്നു ഈ പദ്ധതിയെന്ന് അന്ന് കമ്പനി മേധാവി പറഞ്ഞിരുന്നു. പ്രതീക്ഷിച്ചതിലും നേരത്തേ യാത്ര അവസാനിച്ചെങ്കിലും കപ്പലിൽ ചെലവഴിച്ച രണ്ടുവർഷം വിലപ്പെട്ട അനുഭവമായിരുന്നുവെന്നാണ് യാത്രക്കാർ പറയുന്നത്. സന്ദർശിച്ച സ്ഥലങ്ങളും ലഭിച്ച സൗഹൃദങ്ങളും തങ്ങൾക്ക് മറക്കാനാകില്ലെന്നും അവർ കൂട്ടിച്ചേർത്തു. കപ്പലിൽനിന്ന് ഇറങ്ങിയ പലരും ഒരുമിച്ച് കരയിൽ താമസിക്കാനുള്ള പദ്ധതികൾ തയ്യാറാക്കിയിട്ടുണ്ട്. അതുവഴി കപ്പലിൽ രൂപപ്പെട്ട സൗഹൃദവും കൂട്ടായ്മയും തുടരുമെന്നാണ് ഇവർ പറയുന്നത്.



