അന്തർദേശീയം

ദിനോസോർ ഫോസിൽ ലേലത്തിൽ വിറ്റത്ത് 47.3 മില്യണ്‍ ഡോളറിന്

ന്യൂയോർക്ക് : അത്യപൂർവമായ നാനോ ടൈറാനസ് വിഭാഗത്തില്‍പ്പെട്ട ദിനോസോറിന്‍റെ ഫോസിൽ അമേരിക്കയിൽ നടന്ന ലേലത്തിൽ 47.3 മില്യണ്‍ ഡോളറിന് (ഏകദേശം 400 കോടി രൂപ) വിറ്റുപോയി. ടി-റെക്സ് ദിനോസോറിനോടു രൂപസാദൃശ്യമുള്ള വിഭാഗമാണ് ഇപ്പോൾ വിറ്റു പോയ ഈ നാനോ ടൈറാനസ് ദിനോസോർ ഇനം. റെക്കോർഡ് തുകയ്ക്കാണ് ഈ ഫോസിൽ വിറ്റുപോയത്. ന്യൂയോര്‍ക്കില്‍ ചൊവ്വാഴ്ച നടന്ന ലേലത്തില്‍ഫോസിൽ സ്വന്തമാക്കിയ വ്യക്തിയുടെ പേര് വെളിപ്പെടുത്തില്ലെന്നു ലേലസ്ഥാപനമായ സോത്ത്ബീസ് അറിയിച്ചു.

ലേലത്തില്‍ പരമാവധി 6 മുതല്‍ 9 മില്യണ്‍ ഡോളര്‍ വരെ വില ലഭിക്കുമെന്നായിരുന്നു പ്രതീക്ഷ.‘ജോഡി’ എന്നാണ് ഈ ഫോസിലിനു പേരിട്ടിരിക്കുന്നത്. ഇത് ഇതുവരെ ലേലത്തിൽ വിറ്റ ദിനോസോർ ഫോസിലുകളിൽ ഏറ്റവും രണ്ടാമത്തെ ഉയർന്ന വില നേടുന്ന ഫോസിലാണ്. ഈ വേനല്‍ക്കാലത്ത് ‘ഗസ്’ എന്നറിയപ്പെടുന്ന ടി-റെക്‌സ് ഫോസില്‍ 50.1 മില്യണ്‍ ഡോളറിന് വിറ്റിരുന്നു.

50.1 മില്യണ്‍ ഡോളറിന് വിറ്റ ഗസ്’/ ടി-റെക്‌സ് ഫോസില്‍

ഏകദേശം 6.7 കോടി വര്‍ഷങ്ങള്‍ക്ക് മുമ്പ് ക്രിറ്റേഷ്യസ് കാലഘട്ടത്തില്‍ ജീവിച്ചിരുന്ന നാനോടൈറാനസിന് പ്രായപൂര്‍ത്തിയായ ടി-റെക്‌സിന്‍റെ പകുതി നീളമേ ഉണ്ടായിരുന്നുള്ളൂ. നീളം കൂടിയ മുന്‍കാലുകളും വലിയ നഖങ്ങളും കത്തിപോലെ നേര്‍ത്ത പല്ലുകളുമാണ് ഇതിന്റെ പ്രത്യേകതകള്‍. 6.5 അടി ഉയരവും 20 അടി നീളവുമുള്ള ‘ജോഡി’യുടെ അസ്ഥികൂടത്തിന്‍റെ 70 ശതമാനത്തോളം ഭാഗങ്ങള്‍ ലഭ്യമാണ്. നിലവില്‍ കണ്ടെത്തിയിട്ടുള്ള നാനോടൈറാനസ് ഫോസിലുകളിൽ മൂന്നെണ്ണം മാത്രമാണ് അറിയപ്പെടുന്നത്.

2019ല്‍ മൊണ്ടാനയിലെ തന്‍റെ ഭൂമിയില്‍നിന്ന് ഫോസില്‍ കണ്ടെത്തിയ റാഞ്ച് ഉടമ ജോഡി പിയേഴ്‌സന്‍റെ പേരിലാണ് ഇതിന് ‘ജോഡി’ എന്ന പേര് നല്‍കിയത്. ഫോസില്‍ കണ്ടെത്തുകയും പുറത്തെടുക്കുകയും ചെയ്ത വിദഗ്ധ സംഘത്തെ സോത്ത്ബീസ് അഭിനന്ദിച്ചു. 2020ല്‍ ഡിസ്‌കവറി ചാനലില്‍ സംപ്രേഷണം ചെയ്ത ‘ഡിനോ ഹണ്ടേഴ്‌സ്’ എന്ന ഡോക്യുമെന്‍ററി പരമ്പരയിലും ഇവരുടെ പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടുത്തിയിരുന്നു. അപൂര്‍വ ഫോസിലിനെക്കുറിച്ച് പഠിക്കാനും സംരക്ഷിക്കാനുമുള്ള സംഘത്തിന്‍റെ പ്രവര്‍ത്തനങ്ങള്‍ ശാസ്ത്രത്തിന് വലിയ സംഭാവനയാണെന്ന് സോത്ത്ബീസിന്‍റെ ശാസ്ത്ര-പ്രകൃതിചരിത്ര വിഭാഗം മേധാവി കാസാന്‍ഡ്ര ഹാറ്റണ്‍ പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button